'വേഗതയ്ക്ക് മാത്രമാണ് പ്രാധാന്യം': എഐ സാങ്കേതികവിദ്യയിൽ ആധിപത്യമുറപ്പിക്കാൻ കൊറിയയുടെ മെഗാ പ്ലാൻ!

എഐ സാങ്കേതിക രംഗത്ത് അതിവേഗം മുന്നേറാനുള്ള നീക്കവുമായി ദക്ഷിണ കൊറിയ. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച വൻകിട ചിപ്പ്, നിർമിത ബുദ്ധി പദ്ധതികളുടെ പ്രവർത്തനങ്ങൾ അതിവേഗം ആരംഭിക്കാൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ആധുനിക വ്യവസായ മേഖലകളിൽ ആഗോള ആധിപത്യം ഉറപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് പെർമിറ്റുകൾ, ഭൂമിയേറ്റെടുക്കൽ, വൈദ്യുതി-ജല വിതരണം എന്നിവയിലുണ്ടാകുന്ന കാലതാമസം വലിയ തിരിച്ചടിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
"ഈ സാഹചര്യത്തിൽ, ആര് വേഗത്തിൽ പ്രവർത്തിക്കുന്നു, ആര് ആദ്യം മുന്നിലെത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഫലം തീരുമാനിക്കപ്പെടുക. ഇവിടെ വേഗതയ്ക്ക് മാത്രമാണ് പ്രാധാന്യം," ഒരു സർക്കാർ യോഗത്തിൽ സംസാരിക്കവെ ലീ വ്യക്തമാക്കി. പദ്ധതികളുടെ കാലതാമസം ഒഴിവാക്കാൻ, അവ ഒന്നിനുപുറകെ ഒന്നായി ചെയ്യുന്നതിന് പകരം ഒരേസമയം തന്നെ പൂർത്തിയാക്കാൻ അദ്ദേഹം നിർദേശിച്ചു.
പരിസ്ഥിതി പരിശോധനകളും മറ്റ് അനുമതികളും ലഭിക്കാനെടുക്കുന്ന സമയം സാധ്യമാകുന്നിടത്തോളം കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിപ്പ് പദ്ധതികൾക്ക് ഏറ്റവും അത്യാവശ്യമായ വൈദ്യുതി, ജല അടിസ്ഥാന സൗകര്യങ്ങൾ മുൻകൂട്ടി തന്നെ ഉറപ്പാക്കേണ്ടതുണ്ടെന്നും ലീ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ആഗോളതലത്തിൽ ഈ മേഖലയിൽ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തോടെ, ചിപ്പ്, എഐ വ്യവസായങ്ങളിലായി 576 ബില്യൺ ഡോളറിലധികം (57,600 കോടി ഡോളർ) വരുന്ന നിക്ഷേപ പദ്ധതികളാണ് ദക്ഷിണ കൊറിയ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചത്. രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗത്ത് പുതിയ ചിപ്പ് നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി പ്രമുഖ കമ്പനികളായ സാംസങ് ഇലക്ട്രോണിക്സും എസ്.കെ. ഹൈനിക്സും 400 ട്രില്യൺ വോൺ (260 ബില്യൺ ഡോളർ) വീതം നിക്ഷേപിക്കും. ഇതിനുപുറമെ, ചുങ്‌ചിയോങ് മേഖലയിൽ ഒരു ചിപ്പ്-പാക്കേജിങ് ക്ലസ്റ്ററിനായി 81 ട്രില്യൺ വോൺ കൂടി നിക്ഷേപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതികൾക്കായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സർക്കാർ ഉദ്യോഗസ്ഥരും കമ്പനി മേധാവികളും ഉടൻ ആരംഭിക്കണമെന്നും ലീ നിർദേശിച്ചിട്ടുണ്ട്.
Content Highlights: South Korea is aggressively fast-tracking a massive $576 billion investment in its AI and semiconductor industries, featuring major contributions from Samsung and SK Hynix, to secure global dominance in the modern tech landscape.