ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്കൈറൂട്ടിന് വൻ നേട്ടം; അമേരിക്കയിൽനിന്ന് കരാർ, കൈകോർക്കാൻ റിഫ്ളക്ട് ഓർബിറ്റൽ

അമേരിക്കയിൽ നിന്ന് സുപ്രധാന വാണിജ്യ കരാർ നേടി ഇന്ത്യയിലെ പ്രമുഖ സ്പെയ്സ് സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പേസ്. രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ച് ശ്രദ്ധനേടിയ സ്റ്റാർട്ടപ്പാണ് സ്കൈറൂട്ട്.
രാത്രിയിൽ ബഹിരാകാശത്തുനിന്ന് സൂര്യപ്രകാശം ഭൂമിയിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്ന യു.എസ് ആസ്ഥാനമായുള്ള റിഫ്ളക്ട് ഓർബിറ്റൽ എന്ന കമ്പനിയിൽനിന്നാണ് സ്കൈറൂട്ടിന് കരാർ ലഭിച്ചിട്ടുള്ളത്. ഭാവിയിലെ വിക്ഷേപണങ്ങൾ പലതിനും അവർ സ്കൈറൂട്ട് റോക്കറ്റുകൾ ഉപയോഗിക്കും.
എന്താണ് സ്പെയ്സ് മിററുകൾ
ഭൂമിയിലെ നിശ്ചിത പ്രദേശങ്ങളിലേക്ക് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന ബഹിരാകാശ കണ്ണാടികൾ അല്ലെങ്കിൽ ഓർബിറ്റൽ റിഫ്ളക്ടറുകൾ സ്ഥാപിക്കാനുള്ള സാങ്കേതികവിദ്യയാണ് റിഫ്ളക്ട് ഓർബിറ്റൽ വികസിപ്പിക്കുന്നത്. സൂര്യൻ അസ്തമിച്ചതിന് ശേഷവും സൗരോർജം ഉത്പാദിപ്പിക്കാനും, രാത്രികാലങ്ങളിൽ അടിയന്തര തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകാനും, അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ വെളിച്ചം എത്തിക്കാനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്ന് കമ്പനി പറയുന്നു. കരാർ ലഭിച്ചതോടെ ബഹിരാകാശ കണ്ണാടികൾ സ്ഥാപിക്കാൻ റിഫ്ളക്ട് ഓർബിറ്റലിനെ സഹായിക്കുന്ന സുപ്രധാന പങ്കാളിയായി സ്കൈറൂട്ട് മാറിയേക്കാം.
ഇന്ത്യൻ സ്റ്റാർട്ടപ്പിന് വൻനേട്ടം
ഐഎസ്ആർഒ മുൻ എൻജിനീയർമാരായ പവൻ കുമാർ ചന്ദനയും നാഗ ഭരത് ദാകയും ചേർന്ന് 2018-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് സ്കൈറൂട്ട്. ആഗോള മത്സരത്തിന് ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയ്റോസ്പേസ് കമ്പനിയായി ഇതിനെ മാറ്റുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ് സ്കൈറൂട്ടിന്റെ വിക്രം-എസ് ആണ്. തുടർന്ന് കമ്പനി വർഷങ്ങളോളം നടത്തിയ വികസന പ്രവർത്തനങ്ങൾക്കൊടുവിൽ രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 വിക്ഷേപിച്ചു. 2026 ജൂലായിൽ നടന്ന ആദ്യ വിക്ഷേപണത്തിൽതന്നെ വിക്രം-1 വിജയകരമായി ഭ്രമണപഥത്തിലെത്തി. തുടർന്നാണ് യുഎസിൽനിന്ന് സുപ്രധാന കരാർ സ്വന്തമാക്കുന്നത്.
റിഫ്ളക്ട് ഓർബിറ്റലിന്റെ പദ്ധതിക്കെതിരെ വിമർശനവും
രാത്രിയിൽ ഭൂമിയിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനായി ബഹിരാകാശ കണ്ണാടികൾ വിന്യസിക്കാൻ പദ്ധതിയിടുന്ന കാലിഫോർണിയ ആസ്ഥാനമായുള്ള റിഫ്ളക്ട് ഓർബിറ്റലിനെതിരെ ജ്യോതിശാസ്ത്രജ്ഞർ, പരിസ്ഥിതി സംഘടനകൾ, ശാസ്ത്ര സംഘടനകൾ എന്നിവരുടെ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുടെ ഡെമോസ്ട്രേഷൻ ഉപഗ്രഹത്തിന് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) സ്പേസ് ബ്യൂറോ അനുമതി നൽകിയതിനെ തുടർന്നാണ് എതിർപ്പുകൾ ശക്തമായത്.
രാത്രിയിലെ സ്വാഭാവികമായ ഇരുണ്ട ആകാശത്ത് ബോധപൂർവ്വമായി തടസം സൃഷ്ടിക്കുന്നത് കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള ജ്യോതിശാസ്ത്ര ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾക്ക് ഭീഷണിയാണെന്ന് ജ്യോതിശാസ്ത്രജ്ഞർ വാദിക്കുന്നു. പാരിസ്ഥിതികവും ആരോഗ്യപരവുമായ അപകടങ്ങളും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Skyroot Aerospace secures a commercial launch contract from US-based Reflect Orbital for two dedicated launches., Reflect Orbital is developing orbital space mirrors to redirect sunlight to Earth after sunset., The deal follows the successful July 2026 maiden orbital flight of Skyroot's Vikram-1 rocket., The project faces intense protests and legal appeals from environmental groups and astronomers regarding light pollution and NEPA violations in 2026.