ഇ-ഗ്രാന്റ്‌സ് വെബ്‌സൈറ്റില്‍ വന്‍ വിവരച്ചോര്‍ച്ച; കുട്ടികളുടെ പാസ്ബുക്ക് വിവരങ്ങളും ചിത്രങ്ങളും തുറന്നുകിടക്കുന്നു

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഇ-ഗ്രാന്റ്സ് വെബ്സൈറ്റിൽ സുരക്ഷാവീഴ്ച. ലക്ഷക്കണക്കിന് കുട്ടികളുടെ ചിത്രങ്ങളും ബാങ്ക് പാസ്ബുക്ക് വിവരങ്ങളും ഉൾപ്പടെ ലക്ഷക്കണക്കിന് ഫയലുകളാണ് വെബ്സൈറ്റിൽനിന്ന് നിഷ്പ്രയാസം ആർക്കും ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയും വിധത്തിൽ തുറന്നുകിടക്കുന്നത്. സോഫ്റ്റ് വെയർ എൻജിനീയറായ അഖിലേഷ് ബി. ചന്ദ്രനാണ് ഇ-ഗ്രാന്റ്സ് വെബ്സൈറ്റിലെ ഈ സുരക്ഷാവീഴ്ച കണ്ടെത്തിയത്.
www.egrantz.kerala.gov.in എന്ന വെബ്സൈറ്റിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത്. വെബ്സൈറ്റിൽ അപ് ലോഡ് ചെയ്ത വിദ്യാർഥികളുടെ പ്രൊഫൈൽ ചിത്രങ്ങളും പാസ്ബുക്ക് വിവരങ്ങളും മറ്റ് വിവരങ്ങളും ഡൗൺലോഡ് ചെയ്തെടുക്കാനാവുന്നുണ്ട്.
ഇതിൽ പിഡിഎഫ് ഫോർമാറ്റിലുള്ള പാസ്ബുക്ക് ഡാറ്റയടങ്ങുന്ന ഫോൾഡറിന് 15 ജിബി വലിപ്പമുണ്ട്. ആറ് ജിബിയോളം വലിപ്പമുള്ള ഫോൾഡറിലാണ് പ്രൊഫൈൽ ചിത്രങ്ങൾ ഉള്ളത്. രണ്ട് ലക്ഷത്തിലേറെ ഫയലുകൾ ഓരോ ഫോൾഡറിലുമുണ്ട്. ഇത് കൂടാതെ അപ്ലോഡ്സ് എന്ന പേരിൽ മറ്റൊരു ഫോൾഡറും ലഭ്യമാണ് ഈ ഫയലിന് 180 ജിബിയിലേറെ വലിപ്പമുണ്ട്. ഈ ഫോൾഡറിൽ എന്താണെന്ന് വ്യക്തമല്ല.
വെബ്സൈറ്റിൽ ലോഗിൻ ഐഡി ഉള്ള ആർക്കും വെബ്സൈറ്റിലെ പ്രൊഫൈൽ ചിത്രങ്ങളുടെ ഫോൾഡറിലേക്ക് എളുപ്പം പ്രവേശിക്കാനാവുമെന്ന് അഖിലേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് അറിവുള്ള ആളുകൾക്ക് ലോഗിൻ ഇല്ലാതെയും ഈ വിവരങ്ങൾ അടങ്ങുന്ന ഫോൾഡറിലേക്ക് പ്രവേശിക്കാനും അത് ഡൗൺലോഡ് ചെയ്തെടുക്കാനും സാധിക്കും.
പ്രൊഫൈൽ ചിത്രങ്ങൾ അടങ്ങുന്ന ഫോൾഡറും, പാസ്ബുക്ക് അടങ്ങുന്ന ഫോൾഡറും മാതൃഭൂമി ഡോട്ട് കോം പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. എത്രകാലം പഴക്കമുള്ള വിവരങ്ങളാണ് ഇവയെന്ന് വ്യക്തമല്ല.
ഫയലുകൾ ബാക്ക് അപ്പ് ചെയ്യാനുള്ള ശ്രമത്തിൽ വന്ന പാളിച്ചയാണ് ഈ വിവരച്ചോർച്ചയ്ക്ക് ഇടയാക്കിയത് എന്ന് അഖിലേഷ് പറഞ്ഞു. അദ്ദേഹത്തിന് മുമ്പ് മറ്റാർക്കെങ്കിലും ഈ വിവരങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി, പട്ടിക വര്‍ഗ വികസന വകുപ്പിന് വേണ്ടി സി-ഡിറ്റാണ് ഈ വെബ്‌സൈറ്റ് നിര്‍മിച്ചിരിക്കുന്നത്.
നേരത്തെ കേരള സർവകലാശാലയുടെ വെബ്സൈറ്റിലും സമാനമായ സുരക്ഷാവീഴ്ച സംഭവിച്ചിരുന്നു. സർവകലാശാലയ്ക്ക് കീഴിലെ വിദ്യാർഥികളുടെ പാസ്പോർട്ട് സൈസ് ഫൊട്ടോകളും ഒപ്പും അടങ്ങിയ ഫയലുകളാണ് അന്ന് വെബ്സൈറ്റിൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്ന രീതിയിലുണ്ടായിരുന്നത്. ഇക്കാര്യം അഖിലേഷ് ബി. ചന്ദ്രൻ ഇ-മെയിൽ മുഖേന കേരള സർവകലാശാലയെ അറിയിക്കുകയും പിറ്റേദിവസം തന്നെ സർവകലാശാല അധികൃതർ വെബ്സൈറ്റിലെ സുരക്ഷാവീഴ്ച പരിഹരിക്കുകയും ചെയ്തിരുന്നു
Content Highlights:security flaw in kerala government egrantz website personal datas can download
Content Highlights: