ആ പ്രകാശവലയം കാല്‍പനികമല്ല, കണ്ണുകൊണ്ട് കാണാനാകില്ല അള്‍ട്രാവീക്ക് ഫോട്ടോണ്‍ എമിഷന്‍സ്

പ്രതീകാത്മകചിത്രം. AI സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം. AI സഹായത്തോടെ സൃഷ്ടിച്ചത്.

സിനിമകളിലും കാര്‍ട്ടൂണുകളിലുമൊക്കെ ശരീരത്തിനുചുറ്റം ഒരു പ്രകാശവലയമുള്ള കഥാപാത്രങ്ങളെ കണ്ടിട്ടില്ലേ? ഓറ എന്നൊക്കെ വിളിക്കുന്ന ഈ പ്രകാശം തികച്ചും കാല്‍പനികം മാത്രമാണ്. എന്നാല്‍, കാനഡയിലെ നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലും കാല്‍ഗരി സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ പഠനത്തില്‍ മനുഷ്യനടക്കമുള്ള എല്ലാ ജീവികളും വളരെ ചെറിയ തോതിലുള്ള പ്രകാശം പുറത്തുവിടുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്.

കണ്ണുകൊണ്ട് കാണാനാകാത്ത ഈ തിളക്കം 'അള്‍ട്രാവീക്ക് ഫോട്ടോണ്‍ എമിഷന്‍സ്'(യുപിഇ) എന്നാണറിയപ്പെടുന്നത്. ശരീരത്തില്‍ നടക്കുന്ന പലവിധ രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ശരീരം പുറന്തള്ളുന്ന ഫോട്ടോണുകളാണ് ഈ തിളക്കത്തിന് പിന്നിലെന്ന് കരുതുന്നു. പ്രകാശം തീരേകടന്നുചെല്ലാത്ത ഒരു പെട്ടിക്കുള്ളിലുള്ള എലികളുടെ ദൃശ്യങ്ങള്‍ ഹൈസെന്‍സിറ്റീവ് ക്യാമറകളുപയോഗിച്ച് പകര്‍ത്തിയാണ് പരീക്ഷണം നടത്തിയത്.

ജീവികള്‍ മരിക്കുമ്പോള്‍ ഈ പ്രകാശവലയം മാഞ്ഞുപോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീവികളുടെ പരിക്കേറ്റ ഭാഗങ്ങളില്‍ യുപിഇ ഉണ്ടാകുന്നുണ്ടെന്ന് മുന്‍പുതന്നെ കണ്ടെത്തിയിരുന്നു. ഇതാദ്യമായാണ് ശരീരംമുഴുവന്‍ പൊതിയുന്ന സാന്നിധ്യം കണ്ടെത്തുന്നത്. പഠനം ദി ജേണല്‍ ഓഫ് ഫിസിക്കല്‍ കെമിസ്ട്രി ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
 

Content Highlights: scientists prove humans emit glow ultraweak light