കാഴ്ച നഷ്ടപ്പെട്ടവർക്ക് വൻ പ്രതീക്ഷ നൽകി സയൻസ് കോർപ്പ്; PRIMA-യ്ക്ക് അംഗീകാരം

കാഴ്ച നഷ്ടപ്പെട്ടവർക്ക് ഇനി ജീവിതകാലം മുഴുവൻ ഇരുട്ടിൽ കഴിയേണ്ടിവരില്ല. അവർക്ക് കാഴ്ച തിരികെ ലഭിക്കാനിടയുള്ള കണ്ടെത്തൽ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ് ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫേസ് (BCI) കമ്പനിയായ സയൻസ് കോർപ്പ്. ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് മുൻ പ്രസിഡന്റായിരുന്ന മാക്‌സ് ഹോഡാക് സ്ഥാപിച്ച കമ്പനിയാണിത്. കാഴ്ച നഷ്ടപ്പെട്ടവർക്ക് അത് പുനഃസ്ഥാപിക്കാൻ സഹായകമായ ലോകത്തെ തെളിയിക്കപ്പെട്ട ഏക ചികിത്സാ സംവിധാനമായ PRIMA-യുടെ വാണിജ്യ വിതരണം കമ്പനി ആരംഭിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
യൂറോപ്യൻ യൂണിയൻ മെഡിക്കൽ ഡിവൈസ് റെഗുലേഷൻ PRIMA-യ്ക്ക് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്. 30 യൂറോപ്യൻ രാജ്യങ്ങളിൽ അത് ലഭ്യമാക്കാൻ കഴിയും. ആദ്യത്തെ ശസ്ത്രക്രിയ ഉടൻ ജർമ്മനിയിൽ നടക്കുമെന്ന് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. ഒരു യുഎസ് ബ്രെയിൻ-ഇംപ്ലാന്റ് കമ്പനിയിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ രോഗികളിലേക്ക് എത്തുന്ന ആദ്യ ഉപകരണമായിരിക്കും ഇത്.
ലോകമെമ്പാടും 50 ലക്ഷത്തിലധികം ആളുകളെ ബാധിച്ചതായി വിലയിരുത്തപ്പെടുന്ന റെറ്റിനയിലെ മാക്യുലയ്ക്ക് തകരാറുണ്ടാകുന്ന AMD (പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ) കാരണം കാഴ്ച മങ്ങുകയോ പൂർണമായും നഷ്ടപ്പെടുകയോ ചെയ്ത രോഗികൾക്ക് PRIMA കാഴ്ച തിരികെ നൽകിയെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ (NEJM) അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ചിപ്പും സ്മാർട്ട് ഗ്ലാസുകളും ചേർന്ന PRIMA
റെറ്റിനയ്ക്ക് താഴെ ഘടിപ്പിക്കുന്ന തീരെ കട്ടികുറഞ്ഞ ഒരു ഫോട്ടോവോൾട്ടായിക് ഇംപ്ലാന്റിന്റാണ് PRIMA-യുടെ പ്രധാനഭാഗം. ഇത് കണ്ണിന് പ്രശ്‌നങ്ങളൊന്നും വരുത്താതെ റെറ്റിനയുടെ കേടുപാട് സംഭവിച്ച ഭാഗത്ത് നേരിട്ട് സ്ഥാപിക്കാൻ കഴിയും. ഈ വയർലെസ് ഇംപ്ലാന്റ് പ്രത്യേക കണ്ണടകളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇത് കണ്ണിലേക്ക് അൾട്രാവയലറ്റ് പ്രകാശം പ്രൊജക്റ്റ് ചെയ്യുന്നു. ചിപ്പ് പ്രകാശത്തെ ആഗിരണം ചെയ്യുകയും അതിനെ വൈദ്യുത ഉത്തേജക സിഗ്‌നലുകളാക്കി മാറ്റുകയും ചെയ്യുന്നു. ഇത് തലച്ചോറിനെ ചിത്രങ്ങൾ വീണ്ടും പ്രോസസ്സ് ചെയ്യാൻ അനുവദിക്കുന്നു. കണ്ണട ഒരു ബിൽറ്റ്-ഇൻ 'സൂം-ഇൻ' സംവിധാനവും ഉൾക്കൊള്ളുന്നതാണ്. ഇതുപയോഗിച്ച് ഉപയോക്താക്കൾക്ക് ചെറിയ ടെക്സ്റ്റ് വലുതാക്കാൻ കഴിയും.
പ്രസിദ്ധീകരിച്ച ക്ലിനിക്കൽ ട്രയൽ ഫലങ്ങൾ അനുസരിച്ച് 17 കേന്ദ്രങ്ങളിലായി 38 രോഗികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ സംവിധാനം കാഴ്ച മെച്ചപ്പെടുത്തിയതായി തെളിയിക്കപ്പെട്ടു. അക്ഷരങ്ങൾ, സംഖ്യകൾ, വാക്കുകൾ എന്നിവ വായിക്കാനുള്ള കഴിവ് വീണ്ടെടുത്ത 84 ശതമാനം രോഗികളിൽ വായനാശേഷി പുനഃസ്ഥാപിച്ചതായി കമ്പനി അവകാശപ്പെടുന്നു. ഏകദേശം 80 ശതമാനം രോഗികളും 12 മാസങ്ങൾക്ക് ശേഷം കാര്യമായ കാഴ്ചശക്തി നേടി. ദശാബ്ദങ്ങളായി ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഉണ്ടായിരുന്നില്ല. ഇപ്പോൾ ആ സ്ഥിതി മാറിയെന്ന് കമ്പനി പ്രസ്താവനയിൽ അവകാശപ്പെടുന്നു.
ന്യൂറാലിങ്കിനെ പിന്നിലാക്കി സയൻസ് കോർപ്പ്
ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് കമ്പനിയായ ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാൽ നിശബ്ദമായി മുന്നേറ്റം നടത്തിയ ഹോഡാകിന്റെ സയൻസ് കോർപ്പ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാമത്തെ ഏറ്റവും മൂല്യവത്തായ യുഎസ് ബ്രെയിൻ-ഇംപ്ലാന്റ് കമ്പനിയായി മാറി. വാണിജ്യ വിപണിയിലേക്ക് ആദ്യമായി കടക്കാൻ കഴിഞ്ഞതും ഇവർക്കു തന്നെ. അമേരിക്കൻ വിപണിയിലേക്കും PRIMA കൊണ്ടുവരുന്നതിനായി കമ്പനി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമായി (FDA) ചർച്ചകൾ നടത്തിവരികയാണ്.
Content Highlights: PRIMA is the first commercial BCI device to restore central vision for AMD patients., The system uses a subretinal photovoltaic implant and specialized smart glasses., Authorized for commercial use in 30 European countries following CE mark approval., Clinical trials showed 84% of patients regained reading ability., Science Corp is currently coordinating with the FDA for US market entry.