ബാങ്കുകളുടെ പക്കലുള്ള ഉപഭോക്തൃ ഡാറ്റ സുരക്ഷിതമോ? അപകടങ്ങൾ എന്തെല്ലാം, ആശങ്ക വർധിപ്പിച്ച് AI

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | Getty Images
പ്രതീകാത്മകചിത്രം | Getty Images

സൈബർ സുരക്ഷാ ആശങ്കകൾ ലോകമെങ്ങും വർധിക്കുകയാണ്. വെബ്‌സൈറ്റുകൾ നിർമ്മിക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ ഉപയോഗിച്ചുവരുന്ന പിഎച്ച്പി (PHP) പ്രോഗ്രാമിങ് ലാംഗ്വേജിൽ കണ്ടെത്തിയ സുരക്ഷാ പഴുതുകൾ വിവിധ രാജ്യങ്ങളിലെ സർക്കാരുകളെയും സംഘടനകളെയും മുൾമുനയിൽ നിർത്തിയിരുന്നു. അതേസമയം തന്നെ ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ സിഗ്‌നേച്ചർ സേവനദാതാവും പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ (PKI) സ്ഥാപനവുമായ ഇമുദ്രയുമായി ബന്ധപ്പെട്ട സുരക്ഷാവീഴ്ചകൾ രാജ്യത്ത് വലിയ ചർച്ചയായി. തൊട്ടുപിന്നാലെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട വിവര ചോർച്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്.

എസ്ബിഐ ഡേറ്റാ ചോർച്ച

രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചില ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ, വിലാസങ്ങൾ, വായ്പാ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത ഡാറ്റ ഡാർക്ക് വെബിൽ ചോർന്നതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഡാറ്റ നഷ്ടപ്പെട്ട സംഭവം നടന്നതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് ബാങ്ക് വെളിപ്പെടുത്തിയത്.

ചോർന്ന വിവരങ്ങളിൽ ഉപഭോക്താക്കളുടെ ജനനത്തീയതി, പേരുകൾ, ഇമെയിൽ വിലാസങ്ങൾ, റസിഡൻഷ്യൽ വിലാസങ്ങൾ, ബ്രാഞ്ച്, കസ്റ്റമർ ഇൻഫർമേഷൻ ഫയൽ (CIF) ഐഡന്റിഫയറുകൾ, ലീഡ് ഐഡികൾ, കൂടാതെ വായ്പ/ലീഡ് റെക്കോർഡുകളുമായി ബന്ധപ്പെട്ട മെറ്റാഡാറ്റയും മറ്റ് അനുബന്ധ ഫയലുകളും ഉൾപ്പെടുന്നു എന്നാണ് ബാങ്കിന്റെ വെളിപ്പെടുത്തൽ.

സൈബർ സുരക്ഷാ ഭീഷണികൾ ലോകമെങ്ങും വർധിച്ചുവരുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തൽ എന്നതാണ് ശ്രദ്ധേയം. സുരക്ഷാ പഴുതുകൾ ചൂഷണം ചെയ്യാനുള്ള നിർമിതബുദ്ധി (എഐ) സംവിധാനങ്ങളുടെ കഴിവ് ആശങ്കകൾ പതിന്മടങ്ങ് വർധിപ്പിക്കുന്നതാണ്.

കേന്ദ്ര ഏജൻസിയുടെ വെളിപ്പെടുത്തൽ 

കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (Cert-In) കഴിഞ്ഞയാഴ്ച നൂതന എഐ സംവിധാനങ്ങൾ ഉയർത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച ഞെട്ടിക്കുന്ന മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യയിലെ ചില സ്ഥാപനങ്ങളുടെ സുപ്രധാന രഹസ്യ വിവരങ്ങളിലേക്ക് എഐ മോഡലുകൾ അനധികൃതമായി പ്രവേശനം നേടിയതായി ഏജൻസി വെളിപ്പെടുത്തിയിരുന്നു. സുരക്ഷാവീഴ്ചയുണ്ടായ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഏജൻസി പുറത്തുവിട്ടില്ലെങ്കിലും അവയിൽ ഭൂരിഭാഗവും സാമ്പത്തിക മേഖലയിലുള്ളവയാണെന്ന അഭ്യൂഹം അന്നുതന്നെ പ്രചരിച്ചിരുന്നു. പിന്നാലെയാണ് എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ വെളിപ്പെടുത്തൽ എന്നതും ശ്രദ്ധേയമാണ്.

ഉപഭോക്തൃ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ

സുരക്ഷാ വീഴ്ച സംബന്ധിച്ച് തങ്ങളുടെ ത്രെറ്റ് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, Cert-In എന്നിവരിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്നാണ് എസ്ബിഐ പറയുന്നത്. ഡാർക്ക് വെബ്ബിൽ വിവരങ്ങൾ ചോർന്നതായി സംശയിക്കുന്നു എന്ന തരത്തിലുള്ളതായിരുന്നു ഒക്ടോബർ 16-ന് ലഭിച്ച മുന്നറിയിപ്പ്.

തുടർന്ന് ഡാർക്ക് വെബിൽ ലഭ്യമായ ഏകദേശം 3,75,000 റെക്കോർഡുകൾ ബാങ്ക് പരിശോധിച്ചതായും അതിൽ വ്യക്തിഗതമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ അടങ്ങിയ 3,897 ഉപഭോക്തൃ റെക്കോർഡുകൾ തിരിച്ചറിഞ്ഞതായും SBI വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് ബാങ്ക് ഇതുസംബന്ധിച്ച വിവരം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോടും എസ്ബിഐ പ്രതികരിച്ചിട്ടില്ല. എന്നാൽ ബാങ്ക് ഉടൻതന്നെ സൈബർ പ്രതിരോധ പ്രോട്ടോക്കോൾ നടപ്പിലാക്കി. വിവര ചോർച്ച അന്വേഷിക്കുന്നതിനുമായി CERT-In എംപാനൽ ചെയ്ത ഒരു സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ ബാങ്ക് നിയോഗിച്ചിട്ടുണ്ട്. ബാങ്കിന്റെ പ്രവർത്തനത്തെ ഈ സംഭവം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും എസ്ബിഐ പറയുന്നു.

ബാങ്ക് ഓഫ് ബറോഡയിലും ചോർച്ച

ഒരു ഇമെയിൽ ചോർച്ചയെ തുടർന്ന് ബാങ്ക് ഓഫ് ബറോഡയിലെ നൂറുകണക്കിന് ജിഗാബൈറ്റ് ഡാറ്റ ഡാർക്ക് വെബിൽ പരസ്യപ്പെടുത്തിയതായി ഒരു സംഘം അവകാശപ്പെട്ട സംഭവം നടന്ന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് എസ്ബിഐയ്ക്കും സൈബർ സുരക്ഷാ ഭീഷണികൾ തലവേദന സൃഷ്ടിക്കുന്നത്. ജൂലായ് മാസത്തിൽ നടന്ന സംഭവം ബാങ്കിന്റെ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ബാങ്ക് ഓഫ് ബറോഡ അന്നുതന്നെ പറഞ്ഞിരുന്നു.

അപകട സാധ്യതയെന്ത്?

എക്‌സ് (മുൻപ് ട്വിറ്റർ) പ്ലാറ്റ്ഫോമിലെ ഒരു അക്കൗണ്ടാണ് എസ്ബിഐയുമായി സംഭവവും ആദ്യം പുറത്തുകൊണ്ടുവന്നത്. ബാങ്കുമായി ബന്ധപ്പെട്ട CSV ഫോർമാറ്റിലുള്ള 3,75,000 എൻട്രികളും 2,722 PDF രേഖകളും തന്റെ കൈവശമുണ്ടെന്ന് ഒരു സംഘം അവകാശപ്പെട്ടിരുന്നു.

എന്നാൽ ബാങ്കിങ് പ്രവർത്തനങ്ങൾ തടസപ്പെട്ടില്ല എന്നതുകൊണ്ട് മാത്രം ഉപഭോക്താക്കൾക്ക് യാതൊരുവിധ അപകട സാധ്യതയുമില്ലെന്ന് കരുതാനാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബാങ്ക് അക്കൗണ്ടുകൾ സുരക്ഷിതമാണെങ്കിൽ പോലും ചോർന്ന പേരുകൾ, മൊബൈൽ നമ്പറുകൾ, വിലാസങ്ങൾ, വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ആൾമാറാട്ടം നടത്തുന്നതിനും, ഫിഷിങ്ങിനും, ലക്ഷ്യമിട്ടുകൊണ്ടുള്ള സാമ്പത്തിക തട്ടിപ്പുകൾക്കും ചൂഷണം ചെയ്യപ്പെടാം എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.

Content Highlights: SBI confirmed a data incident involving customer information exposed on the dark web., Exposed data includes mobile numbers, addresses, dates of birth, and loan details., Preliminary analysis identified 3,897 customer records with PII out of 375,000 reviewed records., Cert-In warned about AI models bypassing security safeguards to access confidential information., SBI stated core operations and customer balances remain safe while an independent agency investigates.