സമുദ്രത്തിന്റെ അടിത്തട്ടിലെ മഹാരഹസ്യങ്ങള്‍തേടി സമുദ്രയാന്‍; 'മത്സ്യ'യുമായി ഹരികൃഷ്ണന്‍

#വിവേക് ആര്‍. ചന്ദ്രന്‍
മത്സ്യ 6000, ജി ഹരികൃഷ്ണന്‍
മത്സ്യ 6000, ജി ഹരികൃഷ്ണന്‍

തിരുവനന്തപുരം: ചന്ദ്രയാന്‍, ഗഗന്‍യാന്‍, മംഗള്‍യാന്‍ എന്നീ ആകാശയാത്രകള്‍പോലെ സമുദ്രത്തിന്റെ അടിത്തട്ടിലെ മഹാരഹസ്യങ്ങള്‍തേടിയുള്ള ഇന്ത്യയുടെ സമുദ്രയാന്‍ യാത്രയിലെ മലയാളിസാന്നിധ്യമാണ് തിരുവനന്തപുരം സ്വദേശി ജി. ഹരികൃഷ്ണന്‍. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യരെയെത്തിക്കാനുള്ള 'മത്സ്യ 6000' എന്ന സബ്മേഴ്സിബിള്‍ വാഹനത്തിന്റെ നിര്‍മാണനേതൃത്വം ഇദ്ദേഹമുള്‍പ്പെടെയുള്ള നാലംഗസംഘത്തിനാണ്.

സമുദ്രത്തിനടിയില്‍ 6000 മീറ്റര്‍ ആഴത്തില്‍ മനുഷ്യരെയും വഹിച്ചുകൊണ്ടുപോകുന്ന ഇന്ത്യന്‍നിര്‍മിത പേടകമാണ് 'മത്സ്യ 6000'. ഫ്രാന്‍സില്‍ കടല്‍പര്യവേക്ഷണത്തിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയ സംഘം, കപ്പലില്‍നിന്ന് വാഹനത്തിന്റെ നിയന്ത്രണമടക്കമുള്ള കാര്യങ്ങള്‍ പഠിച്ചു. ഫ്രാന്‍സിന്റെ 'നോട്ടൈല്‍' എന്ന വാഹനത്തില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ അഞ്ചുകിലോമീറ്റര്‍ ആഴത്തിലേക്ക് ഇന്ത്യക്കാരായ രണ്ടുപേര്‍ പോയി. രാജു രമേഷ്, സംഘാംഗമല്ലാത്ത നാവികസേനാ റിട്ട. കമാന്‍ഡര്‍ ജതീന്ദര്‍പാല്‍സിങ് എന്നിവരായിരുന്നു ആദ്യയാത്രക്കാര്‍.ഫ്രാന്‍സിന്റെ സഹായത്തോടെയാണ് ഗവേഷണം.

മത്സ്യക്കുമുന്‍പ് ആളില്ലാവാഹനമായ റോസബ് 6000 (റിമോട്ടിലി ഓപ്പറബിള്‍ സബ്മേഴ്സിബിള്‍) നിര്‍മാണവും ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍വഹിച്ചിരുന്നു. കാര്യവട്ടം സ്വദേശിയായ ഗവ. കോളേജ് മുന്‍പ്രിന്‍സിപ്പല്‍ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്റെയും ജലജയുടെയും മകനാണ് ഹരികൃഷ്ണന്‍. കൃഷിവകപ്പുദ്യോഗസ്ഥ ആശയാണ് ഭാര്യ. ശബരികൃഷ്ണന്‍, നന്ദന എന്നിവര്‍ മക്കളാണ്.

2027ല്‍ 'മത്സ്യ 6000' ആഴക്കടലിലേക്ക്

2027-ന്റെ അവസാനപാദത്തില്‍ മത്സ്യ 6000 ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടിലേക്കുപോകും. കന്യാകുമാരിക്ക് 2700 കിലോമീറ്റര്‍ തെക്ക് സെന്‍ട്രല്‍ ഇന്ത്യാ ഓഷ്യന്‍ ബെയ്സിനിലായിരിക്കും ആദ്യപര്യവേക്ഷണം. കൊബാള്‍ട്ട്, നിക്കല്‍, മാംഗനീസ്, കാഡ്മിയം, കോപ്പര്‍ തുടങ്ങിയ ധാതുക്കളുടെ വലിയൊരുശേഖരം ഈ തടത്തിലുണ്ട്. അടുത്തവര്‍ഷം ചെന്നൈ കാട്ടുപള്ളി തുറമുഖത്തിനുസമീപം 500 മീറ്റര്‍ ആഴത്തില്‍ മത്സ്യയുടെ പരീക്ഷണയാത്രയും നടത്തും.

മൂന്നുപേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനത്തിന് 7.1 മീറ്റര്‍ നീളവും 2.26 മീറ്റര്‍ വ്യാസവുമാണുള്ളത്. ഒരു പൈലറ്റും ഒരു കോ-പൈലറ്റും ഒരു ഗവേഷകനുമാണ് ഇതില്‍ സഞ്ചരിക്കാവുന്നത്. 6000 മീറ്റര്‍ യാത്രചെയ്യാന്‍ മൂന്നുമണിക്കൂര്‍വേണം. 12 മണിക്കൂറാണ് ഒരുതവണ കടലിനടിയില്‍ കഴിച്ചുകൂട്ടാനാവുന്നത്. എന്തെങ്കിലും സങ്കേതികപ്രശ്‌നങ്ങളുണ്ടായാല്‍ 96 മണിക്കൂര്‍വരെ അകത്തുള്ളവര്‍ക്ക് സുരക്ഷിതമായി കഴിയാം.

കപ്പലില്‍നിന്ന് ക്രെയിനുപയോഗിച്ച് കടലിലേക്കിറക്കുകയും കയറ്റുകയുമാണ് ചെയ്യുന്നത്. നിലവില്‍ അഞ്ച് രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ സാങ്കേതികവിദ്യയുള്ളത്.
 

Content Highlights: Harikrishnan leads the team building `Matsya 6000`, a submersible to carry humans to deepsea