ക്രഷ് അല്ല അണ്‍ ക്രഷ്, ആപ്പിൾ ഐപാഡ‍് പരസ്യത്തെ പരിഹസിച്ച് സാംസങ്

ആപ്പിളിന്റെ വിവാദമായ ഐ പാഡ് പരസ്യത്തെ കളിയാക്കി സാംസങ്. ഗാലക്‌സി ടാബ് എസ്9 സീരീസിന്റെ പുതിയ പരസ്യമാണ് ആപ്പിളിന്റെ ക്രഷ് എന്ന പരസ്യത്തെ കളിയാക്കിക്കൊണ്ട് തയ്യാറാക്കിയിരിക്കുന്നത്. സംഗീതം, ശില്‍പകല, ചിത്രകല, ഗെയിമിങ് ഉള്‍പ്പടെ മനുഷ്യന്റെ സര്‍ഗാത്മകത പ്രകടമാകുന്ന എല്ലാം ഒത്തു ചേര്‍ന്നതാണ് പുതിയ ഐപാഡ് പ്രോ എന്ന് കാണിക്കാനാണ് പരസ്യത്തിലൂടെ ആപ്പിള്‍ ശ്രമിച്ചത്. ഇതിനായി ഒരു ഹൈഡ്രോളിക് പ്രസ് ഉപയോഗിച്ച് സംഗീത ഉപകരണങ്ങള്‍, പെയിന്റ് പാത്രങ്ങള്‍, 80 കളിലെ ആര്‍ക്കേഡ് വീഡിയോ ഗെയിം ഉപകരണം, ഒരു മനുഷ്യന്റെ മുഖത്തിന്റെ ശില്‍പം എന്നിവയെല്ലാം ചതച്ചെടുക്കുന്നതും ആ ഹൈഡ്രോളിക് പ്രസ്സ് തുറക്കുമ്പോള്‍ ഐ പാഡ് പ്രോ പ്രത്യക്ഷമാകുന്നതുമാണ് വീഡിയോയില്‍.
എന്നാല്‍, ഈ പരസ്യം ഉദ്ദേശിച്ച ഫലം കണ്ടില്ല. വലിയ വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്തു. സര്‍ഗാത്മകതയുടെ സര്‍വനാശമാണ് പരസ്യം ആഘോഷിക്കുന്നതെന്ന ആരോപണം ഉയര്‍ന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ് സാംസങ് പുതിയ പരസ്യം അവതരിപ്പിച്ചിരിക്കുന്നത്.
ആപ്പിളിന്റെ ക്രഷ് എന്ന പരസ്യം അവസാനിച്ചിടത്താണ് സാംസങിന്റെ പരസ്യം തുടങ്ങുന്നത്. ഹൈഡ്രോണിക് പ്രസ് അമര്‍ത്ത് ചിതറിച്ചെറിച്ച അവശിഷിടങ്ങളിലിടയിലൂടെ ഒരു യുവതി നടന്നുവരുന്നതും താഴെ പൊട്ടിപ്പൊളിഞ്ഞ ഒരു ഗിറ്റാര്‍ എടുത്ത് ട്യൂണ്‍ ചെയ്ത് ഈണമിടുന്നതും വീഡിയോയില്‍ കാണാം. ഹൈഡ്രോളിക് പ്രസിന്റെ താഴെയാണ് യുവതി ഇരിക്കുന്നത്. ഗിറ്റാര്‍ വായിക്കുന്നതാകട്ടെ ഗാലക്‌സി ടാബ് ലെറ്റില്‍ നോക്കിയും.
സര്‍ഗാത്മകതയെ തകര്‍ക്കാനാവില്ലെന്ന കുറിപ്പും സാംസങ് ഒപ്പം വെക്കുന്നു. 'അണ്‍ ക്രഷ്' എന്നാണ് പരസ്യത്തിന് സാംസങ് നല്‍കിയിരിക്കുന്ന പേര്. സാംസങ് മൊബൈല്‍ യുഎസിന്റെ എക്‌സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവെക്കപ്പെട്ടത്. അതേസമയം, പരസ്യത്തിനോട് സമ്മിശ്രപ്രതികരണമാണ് എക്‌സ് ഉപഭോക്താക്കള്‍ നടത്തിയത്.
പരസ്യത്തിന് വേണ്ടി എന്തിനാണ് ഒരു ഗിറ്റാര്‍ തകര്‍ത്തത് എന്ന് ഒരാള്‍ ചോദിക്കുന്നു. ആപ്പിളിന്റെ സര്‍ഗാത്മകതയിലാണ് സാംസങ്ങിന്റെ പ്രചോദനം എന്ന് ചിലര്‍ കളിയാക്കി. സാംസങ് ക്യാമറയില്‍ പകര്‍ത്തുന്ന ചന്ദ്രന്റെ ചിത്രത്തില്‍ കൃത്രിമം കാണിക്കുന്നുവെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ചിലര്‍ പങ്കുവെച്ചു. പരസ്യത്തെ പ്രശംസിച്ചും ചിലര്‍ എത്തിയിട്ടുണ്ട്.
എന്നാല്‍ കുറച്ചുകൂടി കാര്യമായ വിമര്‍ശനമാണ് ദി ജോഷ് മെയ്‌സ്റ്റര്‍ എന്നയാള്‍ പങ്കുവെച്ചത്. ആപ്പിളിന്റെ ക്രഷ് എന്ന പരസ്യം വിമര്‍ശിക്കപ്പെടുന്നതിന്റെ യഥാര്‍ത്ഥ കാരണം സാംസങ് പൂര്‍ണമായും വിട്ടുപോയെന്ന് ജോഷ് ചൂണ്ടിക്കാണിക്കുന്നു. സാംസങിന്റെ പരസ്യത്തില്‍ അവസാനം 'സാംസങ് ടാബ് എസ്9 സീരീസ് വിത്ത് ഗാലക്‌സി എഐ' എന്ന് കാണിക്കുന്നുണ്ട്.
കലാകാരന്മാര്‍ അസ്വസ്ഥരാകാനുള്ള പ്രധാന കാരണം എഐ ആണെന്ന് ജോഷ് ചൂണ്ടിക്കാണിക്കുന്നു. അവരുടെ കാഴ്ചപ്പാടില്‍ സര്‍ഗാത്മക വ്യവസായങ്ങളെയാണ് എഐ തകര്‍ക്കുന്നതെന്നും ജോഷ് ചൂണ്ടിക്കാട്ടി. എന്നാല്‍ തന്റെ ഈ വിമര്‍ശനം സാംസങ് ഹൈഡ് ചെയ്തുവെന്നും ജോഷ് ആരോപിക്കുന്നുണ്ട്. പിന്നീട് മറ്റൊരു റിപ്ലൈ ആയി ജോഷ് തന്റെ പോസ്റ്റ് പങ്കുവെക്കുകയായിരുന്നു.
Content Highlights: samsung new ad mocking apple controversial crush ad