സാംസങ് ഫോൺ ഉപയോഗിക്കുന്നവരാണോ? വമ്പൻ മാറ്റവുമായി കമ്പനി; ഇനി ഫോട്ടോസ് സൂക്ഷിക്കാൻ ഇത് ചെയ്താൽ മതി!

#ടെക്നോളജി ഡെസ്ക്
Samsung Gallary | Photo: Google Play
Samsung Gallary | Photo: Google Play

സാംസങ് ഗാലറി ഇപ്പോൾ ഗൂഗിൾ ഫോട്ടോസിലേക്ക് ബന്ധിപ്പിക്കാം. ഇതുവഴി സാംസങ് ഉപകരണങ്ങളിലെ ഫോട്ടോകളും വീഡിയോകളും ഗൂഗിൾ ഫോട്ടോസിലേക്ക് ബാക്കപ്പ് ചെയ്യാനാവും. മൈക്രോസോഫ്റ്റിന്റെ വൺഡ്രൈവിനെ മാറ്റിയാണ് സാംസങ്ങിന്റെ ഗാലറി ആപ്പിനെ കമ്പനി ഗൂഗിൾ ഫോട്ടോസുമായി ബന്ധിപ്പിച്ചത്. ആപ്പ് അപ്ഡേറ്റ് ചെയ്തതിലൂടെ കഴിഞ്ഞയാഴ്ചതന്നെ ഈ ഫീച്ചർ ഉപകരണങ്ങളിലെത്തിയിരുന്നു.

സാംസങ് ഗാലറിയുടെ 15.9.01.07 പതിപ്പിലാണ് പുതിയ ഗൂഗിൾ ഫോട്ടോസ് സിങ്ക് ഓപ്ഷൻ എത്തിയിരിക്കുന്നത്. ഈ ഫീച്ചർ ഉപയോഗിക്കാൻ Menu > Settings > Sync photos and videos തിരഞ്ഞെടുത്താൽ മതി. നിലവിൽ ഈ ഫീച്ചർ ഫോണുകളിൽ ഘട്ടംഘട്ടമായി എത്തിച്ചുകൊണ്ടിരിക്കുന്നതിനാൽ എല്ലാവരുടെയും ഫോണുകളിൽ ഈ ഫീച്ചർ കണ്ടെന്നുവരില്ല.

ഫോട്ടോ സിങ്ക് ഓൺ ആക്കിയാൽ ഉപയോക്താക്കൾക്ക് അവരുടെ ഗൂഗിൾ അക്കൗണ്ടുമായി ഗാലറിയെ ബന്ധിപ്പിക്കാം. ഇതോടെ ഗാലറിയിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഗൂഗിൾ സ്റ്റോറേജിലേക്ക് അപ്ലോഡ് ചെയ്യപ്പെടുകയും ഗൂഗിൾ ഫോട്ടോസ് ആപ്പിൽ കാണുകയും ചെയ്യും. എന്നാൽ, ഇതിനായി ഗൂഗിൾ ഫോട്ടോസിന്റെ പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. സാംസങ്ങിന്റെ ഗാലറി ആപ്പിൽനിന്ന് നേരിട്ടുതന്നെ ഗൂഗിൾ ബാക്കപ്പ് സജ്ജീകരിക്കാനാവും.

സാംസങ്ങും മൈക്രോസോഫ്റ്റും തമ്മിലുള്ള വൺഡ്രൈവ് (OneDrive) സിങ്ക് സേവനം സെപ്റ്റംബർ 30-ഓടെ അവസാനിക്കുന്നതിനാലാണ് ഈ പുതിയ ഗൂഗിൾ ഫോട്ടോസ് ഇന്റഗ്രേഷൻ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 13 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പുകൾ പ്രവർത്തിക്കുന്ന സാംസങ് ഫോണുകളിലും വ്യക്തിഗത ഗൂഗിൾ അക്കൗണ്ടുകളിലും മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ.

Content Highlights: Samsung has updated its Gallery app to version 15.9.01.07, allowing users to back up photos and videos directly to Google Photos instead of Microsoft OneDrive ahead of its discontinuation on September 30.