ഐഫോണിന് പിന്നാലെ സാംസങ്ങിന്റെ ഷോക്ക്; ഇന്ത്യയിൽ സാംസങ് ഗാലക്സി S26 സീരീസ് ഫോണുകൾക്ക് 20,000 രൂപ വില വർധിപ്പിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ സാംസങ് ഗാലക്സി S26 സീരീസിലെ എല്ലാ ഫോൺ മോഡലുകൾക്കും 20,000 രൂപ വില വർധിപ്പിച്ചു. സെപ്റ്റംബർ 18 മുതലാണ് പുതിയ വില പ്രാബല്യത്തിൽ വന്നത്. നിർമിത ബുദ്ധി രംഗത്തുണ്ടായ വളർച്ച കാരണം ആഗോളതലത്തിലുണ്ടായ മെമ്മറി ചിപ്പുകളുടെ ക്ഷാമമാണ് സ്മാർട്ട്ഫോൺ വ്യവസായത്തിൽ വിലക്കയറ്റത്തിന് പ്രധാന കാരണമായത്.
ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ സീരീസിന്റെ വിൽപ്പന ആരംഭിച്ച അതേ ദിവസമാണ് സാംസങ്ങും വില വർധിപ്പിച്ചത്. ആപ്പിളും തങ്ങളുടെ പുതിയ ഐഫോൺ മോഡലുകൾക്ക് 30,000 രൂപയോളം വില വർധിപ്പിച്ചിട്ടുണ്ട്.
മോഡലുകളും പുതിയ നിരക്കുകളും:
സാംസങ് ഗാലക്സി S26:
- 12GB RAM + 256GB: ലോഞ്ച് ചെയ്തപ്പോൾ 87,999 രൂപയായിരുന്ന അടിസ്ഥാന മോഡലിന് ഇപ്പോൾ 1,07,999 രൂപയായി ഉയർന്നു.
- 12GB RAM + 512GB: 1,07,999 രൂപയായിരുന്നത് 1,27,999 രൂപയായി.
സാംസങ് ഗാലക്സി S26 പ്ലസ്:
- 12GB RAM + 256GB: 1,19,999 രൂപയിൽനിന്ന് 1,39,999 രൂപയായി.
- 12GB RAM + 512GB: 1,39,999 രൂപയിൽനിന്ന് 1,59,999 രൂപയായി വർധിച്ചു.
സാംസങ് ഗാലക്സി S26 അൾട്രാ:
- 12GB RAM + 256GB: ലോഞ്ച് സമയത്തെ 1,39,999 രൂപയിൽനിന്ന് 1,59,999 രൂപയായി.
- 12GB RAM + 512GB: 1,59,999 രൂപയിൽനിന്ന് 1,79,999 രൂപയായി ഉയർന്നു.
സാംസങ്ങിന്റെ ഏറ്റവും ഉയർന്ന നിരക്കിലുള്ള 1TB ഗാലക്സി S26 അൾട്രാ മോഡലിനും വില വർധിച്ചിട്ടുണ്ട്. ലോഞ്ച് ചെയ്ത സമയത്ത് 1,89,999 രൂപയുണ്ടായിരുന്ന എസ്26 16GB RAM+ 1 TB പതിപ്പിന് ഇപ്പോൾ 2,09,999 രൂപയാണ് വില. അതായത് ഏഴോളം സ്മാർട്ട്ഫോണുകൾക്കാണ് 20,000 രൂപയുടെ വർധന സാംസങ് കൊണ്ടുവന്നിരിക്കുന്നത്.
Content Highlights: Samsung has increased the prices of its entire Galaxy S26 flagship series in India by Rs 20,000 across all variants due to global memory chip shortages driven by rising demand for AI hardware.