റോബ്ലോക്സിൽ ഇനി ചീത്തവിളി നടക്കില്ല; മോശം വാക്കുകൾ തിരുത്താൻ പുതിയ എഐ ഫീച്ചർ

#Technology
Photo: Roblox
Photo: Roblox

ചീത്തവാക്കുകൾ തത്സമയം തിരുത്തി എഴുതുന്ന തത്സമയ എഐ ചാറ്റ് റീഫ്രേസിങ് ഫീച്ചറുമായി ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമായ റോബ്ലോക്സ്. പ്ലാറ്റ്‌ഫോമിൽ നിരോധിക്കപ്പെട്ട വാക്കുകൾ ചാറ്റിൽ ഉപയോഗിക്കുമ്പോൾ അവ ഓട്ടോമാറ്റിക് ആയി മാന്യമായ, മര്യാദയോടെയുള്ള പ്രയോഗങ്ങളാക്കി മാറ്റുന്ന ഫീച്ചർ ആണിത്.

മോശം വാക്കുകളുടെ ഉപയോഗം തടയുന്നതിനായി നേരത്തേ അവതരിപ്പിച്ച ടെക്സ്റ്റ് ഫിൽറ്റർ ചാറ്റിൽ തടസ്സങ്ങളുണ്ടാക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. അയക്കുന്ന സന്ദേശത്തിൽ മോശം വാക്കുകൾ ഉണ്ടെങ്കിൽ തൽസ്ഥാനത്ത് ഹാഷ് ചിഹ്നങ്ങൾ നൽകുകയാണ് ഇത് ചെയ്തിരുന്നത്. എന്നാൽ പുതിയ റീഫ്രേസിങ് സംവിധാനത്തിൽ “Hurry TF up!” എന്ന് അയച്ചാൽ അതിൽ ഹാഷ് ചിഹ്നം (#) നൽകുന്നതിനു പകരം “Hurry Up!” എന്നാക്കി തിരുത്തും. സന്ദേശത്തിൽ ഇങ്ങനെ മാറ്റം വരുത്തിയ വിവരം ചാറ്റിലെ എല്ലാവരെയും അറിയിക്കും.

ഓട്ടോമാറ്റിക് ട്രാൻസ്‌ലേഷൻ ടൂളുകൾ ഉള്ളതിനാൽ എല്ലാ ഭാഷകളും ഈ ഫീച്ചർ പിന്തുണയ്ക്കുമെന്ന് റോബ്ലോക്സ് പറയുന്നു. നിരോധ വാക്കുകളുടെ കൂടുതൽ വൈവിധ്യങ്ങൾ കണ്ടെത്തുന്നതിനായി ഇതിന്റെ ടെക്സ്റ്റ് ഫിൽറ്ററിങ് സംവിധാനവും കമ്പനി അപ്ഗ്രേഡ് ചെയ്യുന്നുണ്ട്. ഫിൽറ്ററുകളെ മറികടക്കാൻ മോശം വാക്കുകൾക്കു പകരം ചിഹ്നങ്ങളും അടയാളങ്ങളുമെല്ലാം ഉപയോഗിക്കുന്ന ലീറ്റ്‌സ്പീക്ക് രീതികളും മറ്റ് സങ്കീർണ്ണമായ ശ്രമങ്ങളും തിരിച്ചറിയാനും ഈ സംവിധാനത്തിനാവും.

ഗെയിമും സംഭാഷണങ്ങളും ശരിയായ ദിശയിൽ മുന്നോട്ടു കൊണ്ടുപോകാൻ ഈ ഫീച്ചർ സഹായിക്കുമെന്ന് റോബ്ലോക്സ് യൂസർ ആൻഡ് ഡിസ്കവറി പ്രോഡക്റ്റ് വൈസ് പ്രസിഡന്റ് രാജീവ് ഭാട്ടിയ പറഞ്ഞു. 'അനുയോജ്യമായ ഭാഷ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിനൊപ്പംതന്നെ ഗെയിമും സംഭാഷണങ്ങളും ശരിയായ രീതിയിൽ നിലനിർത്താൻ തത്സമയ തിരുത്തിയെഴുതൽ (Real-time rephrasing) സഹായിക്കും,' ഭാട്ടിയ പറഞ്ഞു. കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ ചാറ്റിലെ തടസ്സങ്ങൾ കുറയ്ക്കാൻ ഈ സമീപനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട പിഴവുകൾ 20 മടങ്ങ് കുറയ്ക്കാൻ ഈ സംവിധാനത്തിന് കഴിഞ്ഞുവെന്നാണ് വിവരം. ടെക്സസ്, കെന്റക്കി, ലൂസിയാന എന്നിവിടങ്ങളിലെ അറ്റോർണി ജനറൽമാർ നൽകിയ കേസുകളെത്തുടർന്ന് ചാറ്റ് സൗകര്യം ഉപയോഗിക്കുന്നതിന് റോബ്ലോക്സ് അടുത്തിടെ നിർബന്ധിത ഫേഷ്യൽ വെരിഫിക്കേഷൻ ഏർപ്പെടുത്തിയിരുന്നു. റോബ്ലോക്സ് പ്ലാറ്റ്‌ഫോം കൊച്ചുകുട്ടികളെ ഗ്രൂമിങ്ങിനും (grooming) അശ്ലീല ഉള്ളടക്കങ്ങൾക്കും ഇരയാക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ കേസുകൾ വന്നത്.

Content Highlights: Roblox has introduced a real-time AI rephrasing feature that automatically transforms prohibited or offensive language into polite expressions without interrupting the flow of conversation.