അമേരിക്കൻ മോഡലുകൾക്ക് വെല്ലുവിളിയായി ചൈനീസ് എഐകൾ; ഉപയോഗത്തിൽ വൻ വർധന, കാരണമെന്ത്?

#ടെക്നോളജി ഡെസ്ക്
ചാറ്റ് ജിപിടി, ക്ലോഡ് എന്നിവയിടെ ആപ്പ് ഐക്കണുകൾ | Photo: AFP
ചാറ്റ് ജിപിടി, ക്ലോഡ് എന്നിവയിടെ ആപ്പ് ഐക്കണുകൾ | Photo: AFP

എഐ സാങ്കേതികവിദ്യകളെക്കുറിച്ച് പറയുമ്പോൾ കിമി, മിനിമാക്സ്, ക്വെൻ പോലുള്ള പേരുകൾ നിങ്ങളിലധികം പേരും കേട്ടിട്ടുണ്ടാവില്ല. ചാറ്റ് ജിപിടി, ജെമിനി, ക്ലോഡ് തുടങ്ങിയ പേരുകളാവും സുപരിചിതം. കഴിഞ്ഞ കുറേ നാളുകളായി ക്ലോഡ് എന്ന പേര് നിരന്തരം വാർത്തകളിലുണ്ട്.

എന്നാൽ അധികം ആരും ശ്രദ്ധിക്കാതെ ഈ രംഗത്ത് മറ്റൊരു സംഭവം നടക്കുന്നുണ്ട്. ആഗോള തലത്തിൽ ചൈനീസ് എഐ മോഡലുകളായ കിമി, ഡീപ്സീക്ക്, ക്വെൻ, മിനിമാക്സ് പോലുള്ളവയ്ക്ക് ജനപ്രീതി ഏറുകയാണ്. എന്നാൽ അമേരിക്കൻ എഐ മോഡലുകളേക്കാൾ മികച്ചതാണ് എന്നതല്ല ഈ ജനപ്രീതിക്ക് കാരണം.

ഓപ്പൺ എഐയുടെയും ആന്ത്രോപിക്കിന്റെയുമെല്ലാം ശക്തിയേറിയ എഐ മോഡലുകളിൽ പലതും ഉപയോഗിക്കണമെങ്കിൽ വൻതുക ചെലവ് വരും. വൻകിട കമ്പനികൾക്ക് പോലും അതൊരു അമിത ചെലവായി മാറുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനീസ് നിർമിതമായ ചെലവ് കുറഞ്ഞ എഐ മോഡലുകൾ പ്രയോജനപ്പെടുത്താൻ ആഗോള തലത്തിലുള്ള കമ്പനികൾ ശ്രമിക്കുന്നത്.

ആന്ത്രോപ്പിക്കിന്റെ ക്ലോഡ് ഓപ്പസ് 4.8 (Claude Opus 4.8) ഒരു മില്യൺ ടോക്കണുകൾക്ക് 25 ഡോളർ വരെ ഈടാക്കുമ്പോൾ, ചൈനീസ് മോഡലായ ഡീപ്‌സീക്ക് പ്രോ (DeepSeek Pro) ഒരു ഡോളറിൽ താഴെ മാത്രമേ ഈടാക്കുന്നുള്ളൂ. ഗുണനിലവാരത്തിൽ അമേരിക്കൻ മോഡലുകൾ മുന്നിലാണെങ്കിലും, സാധാരണ ജോലികൾക്ക് "മതിയായ" പ്രകടനം ചൈനീസ് മോഡലുകൾ കാഴ്ചവെക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഓപ്പൺ റൂട്ടറിൽ (OpenRouter) നിന്നുള്ള കണക്കുകൾ പ്രകാരം എഐ വിനിയോഗത്തിൽ വലിയ മാറ്റമാണ് പ്രകടമാകുന്നത്. 2024-ൽ ഡെവലപ്പർമാർക്കിടയിൽ വെറും 1 ശതമാനം മാത്രമായിരുന്ന ചൈനീസ് എഐ ഉപയോഗം 2026 മേയ് മാസത്തോടെ 60 ശതമാനമായി വർധിച്ചു. 2026 ഫെബ്രുവരിയിൽ ചൈനീസ് മോഡലുകൾ 4.12 ട്രില്യൺ ടോക്കണുകൾ വിതരണം ചെയ്തപ്പോൾ അമേരിക്കൻ മോഡലുകൾക്ക് 2.94 ട്രില്യൺ ടോക്കണുകൾ മാത്രമേ നൽകാനായുള്ളൂ. നിലവിൽ ഡീപ്‌സീക്കിന് വിപണിയിൽ ഏകദേശം 17.6 ശതമാനം പങ്കാളിത്തമുണ്ട്.

വിലക്കുറവ് ഉണ്ടെങ്കിലും വിശ്വാസ്യത, സ്വകാര്യത, ഡേറ്റാ സുരക്ഷ എന്നിവയിൽ ചൈനീസ് മോഡലുകളെ അപേക്ഷിച്ച് അമേരിക്കൻ മോഡലുകൾക്കാണ് മുൻതൂക്കമെന്ന് ഒരു വിഭാഗം വിദഗ്ധർ കരുതുന്നു. ഡേറ്റാ സുരക്ഷയ്ക്കും കൃത്യതയ്ക്കും പ്രാധാന്യം നൽകുന്ന കമ്പനികൾ ഇപ്പോഴും ഉയർന്ന തുക നൽകി മികച്ച മോഡലുകളെത്തന്നെയാണ് ആശ്രയിക്കുന്നത്.

Content Highlights: As companies seek cost-effective alternatives to expensive US AI models, Chinese AI platforms like DeepSeek and Qwen have seen a dramatic surge in global usage, capturing 60% of the developer market by May 2026.