മാലിദ്വീപിനെ ഇന്ത്യയുമായും സിംഗപ്പൂരുമായും ബന്ധിപ്പിക്കാന്‍ ജിയോയുടെ കേബിള്‍ ശൃംഖല

gettyimages
gettyimages

മാലിദ്വീപിനെ ഇന്ത്യയുമായും സിംഗപ്പൂരുമായും ബന്ധിപ്പിക്കുന്ന മള്‍ടി ടെറാബിറ്റ് ഇന്ത്യ-ഏഷ്യ എക്‌സ്പ്രസ് അണ്ടര്‍ കേബിള്‍ ശൃംഖല സ്ഥാപിക്കാന്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്. മാലിദ്വീപ് സര്‍ക്കാരിന്റെ 100% ഉടമസ്ഥതയിലുള്ള ഓഷ്യന്‍ കണക്ട് മാലിദ്വീപ് പ്രൈവറ്റ് ലിമിറ്റഡുമായി (OCM) ചേര്‍ന്നാണ് ജിയോ ഇത് നടപ്പാക്കുന്നത്.

ഞങ്ങളുടെ കണക്ടിവിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ മുന്നേറ്റമാണിത്. സുരക്ഷിതവും താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ സേവനങ്ങള്‍ നല്‍കുന്നതിലൂടെ വിശാലമായ അവസരങ്ങള്‍ തുറക്കും. മാലിദ്വീപിലെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ദക്ഷിണേഷ്യയിലെ ഒരു പ്രധാന ആശയവിനിമയ കേന്ദ്രമായി മാറ്റാനും ഞങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് ജിയോ പറഞ്ഞു. 

കേബിള്‍ ശൃംഖല സ്ഥാപിക്കപ്പെടുന്നതോടെ മാലിദ്വീപിലുടനീളം അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുമെന്നും മാലിദ്വീപിന് തങ്ങള്‍ ആഗ്രഹിക്കുന്ന  സാമൂഹിക സാമ്പത്തിക വികസനം കൈവരിക്കാന്‍ സാധിക്കുമെന്നും മാലദ്വീപ് സാമ്പത്തിക വികസന മന്ത്രി ഉസ് ഫയാസ് ഇസ്മായില്‍ രാജ്യത്തെ ആദ്യ അന്താരാഷ്ട്ര കേബിള്‍ സംവിധാനത്തെ കുറിച്ച് പറഞ്ഞു. 

വെബ് 3.0-കഴിവുള്ള ഇന്റര്‍നെറ്റ് സേവനങ്ങളെ പിന്തുണയ്ക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ടെറാബിറ്റ് കപ്പാസിറ്റി നല്‍കിക്കൊണ്ട് മാലദ്വീപിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതില്‍ ജിയോ അഭിമാനം കൊള്ളുന്നുവെന്ന് റിലയന്‍സ് ജിയോ പ്രസിഡന്റ് മാത്യു ഊമ്മന്‍ അഭിപ്രായപ്പെട്ടു.

മുംബൈയില്‍ നിന്ന് ആരംഭിക്കുന്ന ഐഎഎക്‌സ് സംവിധാനം നേരിട്ട് സിംഗപ്പൂരുമായി ബന്ധിപ്പിക്കും. ഇന്ത്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ഇതിന് ശാഖകളുണ്ടാവും. 2023 അവസാനത്തോടെ ഐഎഎക്‌സ് സംവിധാനത്തിന് സേവനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഇന്ത്യന്‍ യൂറോപ്പ് എക്‌സ്‌പ്രെസും (ഐഇഎക്‌സ്), ഇന്ത്യ-ഏഷ്യ എക്‌സ്പ്രസും ചേര്‍ന്ന് ഇന്ത്യയെയും യൂറോപ്പിനെയും തെക്കുകിഴക്കന്‍ ഏഷ്യയെയും ഇപ്പോള്‍ മാലിദ്വീപിനെയും ബന്ധിപ്പിക്കും

Content Highlights: Reliance jio, jio cable system, Maldives, Singapore, India-Asia Xpress, IAX