EMI അടച്ചില്ലെങ്കിൽ ഫോൺ ലോക്ക് ചെയ്യപ്പെടുമോ? ഇടപെട്ട് RBI, മാർഗനിർദേശങ്ങൾ ഇവയാണ്

ഫോണിന്റെ ഇഎംഐ അടയ്ക്കുന്നത് മുടങ്ങിയാൽ വായ്പ നൽകിയവർക്ക് സ്മാർട്ട്‌ഫോൺ റിമോട്ടായി ലോക്ക് ചെയ്യാൻ കഴിയുമോ? ഇതുസംബന്ധിച്ച ആശങ്ക വർധിച്ചതോടെ വിഷയത്തിൽ ഇടപെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). വർധിച്ചുവരുന്ന ഇത്തരം നീക്കങ്ങൾ തടയുന്നതിനാണ് ഇടപെടൽ.
ഇഎംഐ അടവ് മുടങ്ങിയാലും സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ആർബിഐ നിർദേശിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഇനി ബാങ്കുകൾക്കോ മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കോ റിമോട്ടായി നിയന്ത്രിക്കാൻ കഴിയൂ. ഒരു ഡിവൈസ് ലോക്ക് ചെയ്താലും അതിൽ ഏതൊക്കെ സംവിധാനങ്ങൾ പ്രവർത്തിക്കണം എന്നത് സംബന്ധിച്ച വ്യക്തമായ മാർഗനിർദേശം ആർബിഐ പുറപ്പെടുവിച്ചിട്ടുണ്ട്. കുടിശ്ശിക തീർത്തതിന് ശേഷവും വായ്പ നൽകിയവർ ഡിവൈസ് അൺലോക്ക് ചെയ്യാതിരുന്നാൽ നഷ്ടപരിഹാരവും നൽകേണ്ടിവരും.
പുതിയ മാർഗനിർദേശങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും നടപടിക്രമങ്ങൾ ഭേദഗതി ചെയ്തതിലൂടെ സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്മാർട്ട്‌ഫോൺ അടക്കമുള്ള ഉപകരണങ്ങളുടെ നിയന്ത്രണം വായ്പ നൽകുന്ന സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നത് നിയന്ത്രിക്കുന്ന സമഗ്രമായ നടപടിക്രമങ്ങളാണ് ആർബിഐ പുറത്തിറക്കിയിട്ടുള്ളത്.
ഏത് ഉപകരണവും ലോക്ക് ചെയ്യാൻ കഴിയുമോ?
ഒരു ഉപയോക്താവിന്റെ ഏത് ഉപകരണവും ലോക്ക് ചെയ്യാൻ വായ്പാ ദാതാവിന് കഴിയില്ലെന്ന് ആർബിഐ വ്യക്തമാക്കുന്നു. ഏത് ഉപകരണം വാങ്ങാൻ വായ്പ നൽകിയോ അത് മാത്രം ലോക്ക് ചെയ്യാനേ റിമോട്ട് നിയന്ത്രണ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയൂ.
സ്മാർട്ട്ഫോൺ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് എന്നിവ വാങ്ങുന്നതിന് പേഴ്‌സണൽ ലോൺ, കൺസ്യൂമർ ലോൺ അല്ലെങ്കിൽ മറ്റേതെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കിൽ, വീണ്ടെടുപ്പ് പ്രക്രിയയുടെ ഭാഗമായി ആ ഉപകരണം റിമോട്ട് ആയി പ്രവർത്തനരഹിതമാക്കാൻ കഴിയില്ല.
സമയ പരിധി
ഇഎംഐ മുടങ്ങിയാൽ ഉടൻ തന്നെ ഉപകരണം റിമോട്ട് ആയി നിയന്ത്രിക്കാൻ വായ്പ നൽകുന്നവർക്ക് കഴിയില്ല. 30 ദിവസമെങ്കിലും കുടിശ്ശികയായാൽ മാത്രമേ അത് സാധിക്കൂ.
ഒറ്റയടിക്ക് ഉപകരണം പൂർണമായും പ്രവർത്തനരഹിതമാക്കാൻ പാടില്ല. പകരം ഘട്ടം ഘട്ടമായിവേണം അത് ചെയ്യാൻ.
വായ്പ 60 ദിവസത്തോളം കുടിശ്ശികയായാൽ മാത്രമേ ഉപകരണത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയൂ.
അവശ്യ സേവനങ്ങൾ ലഭ്യമാകണം
ഡിവൈസ് ലോക്ക് ചെയ്താലും അത് പൂർണമായും ഉപയോഗശൂന്യമാക്കാൻ വായ്പ നൽകിയവർക്ക് അധികാരമില്ല. ചില അവശ്യ സേവനങ്ങൾ വായ്പയെടുത്തവർക്ക് ലഭ്യമായിരിക്കണം. ഇൻകമിങ് ഫോൺ കോളുകൾ, എസ്എംഎസ് സേവനങ്ങൾ, എസ്ഒഎസ് ഫങ്ഷനുകൾ, ജോലിയും തൊഴിലും മുന്നോട്ടുപോകാൻ ആവശ്യമായ ഫീച്ചറുകൾ എന്നിവ നിർബന്ധമായും പ്രവർത്തിച്ചിരിക്കണമെന്നാണ് ആർബിഐ നിർദേശം.
വ്യക്തിഗത ഡേറ്റ ലഭ്യമാകില്ല
വായ്പയെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ ലഭ്യമാക്കാനോ ദുരുപയോഗം ചെയ്യാനോ വായ്പ നൽകുന്നവരെ അനുവദിക്കരുത് എന്ന് RBI നിർദ്ദേശിച്ചിട്ടുണ്ട്. കോൺടാക്റ്റ് ലിസ്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, എസ്എംഎസ് സന്ദേശങ്ങൾ, കോൾ ലോഗുകൾ, ലൊക്കേഷൻ ഹിസ്റ്ററി, വായ്പ വീണ്ടെടുക്കലുമായി ബന്ധമില്ലാത്ത വ്യക്തിഗത ഡാറ്റ എന്നിവ ഒരുകാരണവശാലും വായ്പ നൽകിയവർക്ക് ലഭിക്കാൻ പാടില്ല.
മുൻകൂട്ടി അറിയിപ്പ് നൽകണം
ഏതെങ്കിലും നിയന്ത്രണം ഏർെപ്പടുത്തുന്നതിന് മുമ്പ് വായ്പയെടുത്തവർക്ക് വിവരം നൽകണം. ഇഎംഐ മുടങ്ങിയാൽ ഡിവൈസ് റിമോട്ടായി നിയന്ത്രിക്കപ്പെടാനുള്ള സാധ്യത വായ്പ അനുവദിക്കുന്ന സമയത്തുതന്നെ വ്യക്തമായി വെളിപ്പെടുത്തണം. വിദൂര നിയന്ത്രണത്തെ നിബന്ധനകൾ നീണ്ട വായ്പാ കരാറുകളിൽ മറഞ്ഞിരിക്കരുത്. സുതാര്യവും വ്യക്തവുമായിരിക്കണം.
പണമടച്ചതിന് ശേഷം ഡിവൈസ് അൺലോക്ക് ചെയ്യുന്നതിനുള്ള കർശനമായ സമയപരിധിയും ആർബിഐ നിശ്ചയിച്ചിട്ടുണ്ട്. പണമടച്ചതിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ ഡിവൈസ് അൺലോക്ക് ചെയ്യണമെന്നാണ് നിർദേശം. അതിന് കഴിയുന്നില്ലെങ്കിൽ അവർ നഷ്ടപരിഹാരം നൽകേണ്ടി വരും. ഓരോ മണിക്കൂറിനും 250 രൂപയാവും നഷ്ടപരിഹാരം നൽകേണ്ടിവരിക.
Content Highlights: Remote locking allowed only for device-specific loans after 30 days overdue., Full device lock permitted only after 60 days of non-payment., Essential services like SOS and incoming calls must remain active., Lenders prohibited from accessing personal data like photos or contacts., Compensation of Rs 250 per hour for failure to unlock after payment.