ഇന്ത്യയിൽ കൂട്ടപ്പിരിച്ചുവിടൽ ആരംഭിച്ച് ക്വാൽകോം; ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ അറിയാം

#ടെക്നോളജി ഡെസ്ക്
ക്വാല്‍കോം കാമ്പസ് | Getty
ക്വാല്‍കോം കാമ്പസ് | Getty

ക്വാൽകോം ആഗോളതലത്തിൽ കൂട്ടപ്പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ 1,000 പേർക്ക് ജോലി നഷ്ടമാകുമെന്നാണ് വിവരം. ആഗോളതലത്തിൽ ആകെ 52,000 ജീവനക്കാരിൽ ഏഴു ശതമാനം (ഏകദേശം 3,600 പേർ) പേരെയാണ് പിരിച്ചുവിടുന്നത്. ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലായി ഇന്ത്യയിൽ ക്വാൽകോമിന് ഏകദേശം 20,000 ജീവനക്കാരുണ്ട്. ഇപ്പോഴുള്ളതുകൂടാതെ ജനുവരിയിൽ വീണ്ടും ഇന്ത്യയിൽനിന്ന് പിരിച്ചുവിടലുകളുണ്ടായേക്കാമെന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നത്. അടുത്തിടെ നിയമിക്കപ്പെട്ടവർമുതൽ മുതിർന്ന ഉദ്യോഗസ്ഥർവരെ പിരിച്ചുവിടൽ നേരിട്ടവരിൽ ഉൾപ്പെടുന്നുണ്ട്. 

കമ്പനിയിൽനിന്ന് പിരിച്ചുവിടപ്പെട്ട ഒരു ജീവനക്കാരൻ തനിക്ക് ലഭിച്ച ആനുകൂല്യങ്ങളുടെ വിശദാംശങ്ങൾ റെഡ്ഡിറ്റിൽ പങ്കുവെച്ചിട്ടുണ്ട്. മാനേജർ നേരിട്ടുവിളിച്ചാണ് തന്നെ പിരിച്ചുവിടുന്ന വിവരം അറിയിച്ചതെന്ന് ക്വാൽകോമിൽനിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരനാണെന്ന് അവകാശപ്പെട്ടുകൊണ്ട് anonymous_Practical എന്ന റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നു.

Photo: www.reddit.com/user/anonymous_Practical/

പിരിച്ചുവിടലിന്റെ ഭാഗമായി മൂന്നുമാസത്തെ ശമ്പളത്തിന് തുല്യമായ തുകയും കമ്പനിയിൽ ജോലി ചെയ്ത ഓരോ വർഷത്തിനും ഒരുമാസത്തെ ശമ്പളം വീതം അധികമായും നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ, പിരിച്ചുവിടലുമായി ബന്ധപ്പെട്ട രേഖകളിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഒപ്പിട്ട് സമർപ്പിച്ചാൽ ഒരുമാസത്തെ ശമ്പളംകൂടി അധികമായി നൽകാമെന്നും കമ്പനി വാഗ്ദാനം ചെയ്തതായി ഉപയോക്താവ് അവകാശപ്പെട്ടു.

മൂന്നുമാസത്തെ ശമ്പളം + കമ്പനിയിലെ സേവനകാലയളവിന് തുല്യമായ മാസത്തെ ശമ്പളം (രണ്ടുവർഷത്തെ സേവനത്തിന് രണ്ടുമാസം) + രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രേഖകളിൽ ഒപ്പിട്ടാൽ ഒരുമാസത്തെ അധിക ശമ്പളം എന്നിങ്ങനെയാണ് ലഭിക്കുന്ന ആനുകൂല്യത്തിന്റെ ഘടനയെന്നും പോസ്റ്റിൽ പറയുന്നു.

സ്മാർട്ട്ഫോൺ ചിപ്പ് ബിസിനസിലെ വെല്ലുവിളികളും ചെലവുകുറയ്ക്കലും പിരിച്ചുവിടലുമായി ബന്ധപ്പെട്ടിരിക്കാമെന്ന് റിപ്പോർട്ട് പറയുന്നു; അതേസമയം ക്വാൽകോം ഡാറ്റാ സെന്ററുകൾ, എഐ, കണക്റ്റഡ് ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് വികസിപ്പിക്കുകയാണ്.

Content Highlights: Qualcomm is initiating global layoffs that will impact roughly 3,600 employees, including an estimated 1,000 job cuts across its Indian offices in Bengaluru, Hyderabad, and Delhi as the company pivots toward AI and data centers.