'ജയ് മാതാ ദി' എന്ന് കുറിച്ചാൽ സൗജന്യ ഐഫോൺ തരാം; 'ഐഫോൺ ലംഗാറുമായി' പഞ്ചാബ് വ്യവസായി

#ടെക്നോളജി ഡെസ്ക്

വാട്ട്‌സ്ആപ്പിൽ 'ജയ് മാതാ ദി' എന്ന് മെസ്സേജ് അയക്കുന്നവർക്ക് സൗജന്യമായി ഐഫോൺ നൽകുന്ന വേറിട്ട 'ഐഫോൺ ലംഗാർ' (ഐഫോൺ സൗജന്യ വിതരണം) പ്രഖ്യാപിച്ച് പഞ്ചാബിലെ വ്യവസായിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രാകേഷ് ത്രെഹാൻ. 'രാജാ ദി കിങ്' എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം സെപ്റ്റംബർ 22 ചൊവ്വാഴ്ചയാണ് ഈ വിതരണ പരിപാടി സംഘടിപ്പിക്കുന്നത്. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ തത്സമയമായിരിക്കും ഫോണുകൾ കൈമാറുക.

ഈ സമ്മാന പദ്ധതിക്കായി പ്രത്യേക വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ അംഗങ്ങളായവർ 'Jai Mata Di' എന്ന് സന്ദേശമയക്കണമെന്നതാണ് പ്രധാന യോഗ്യത. ഇങ്ങനെ സന്ദേശമയക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ നേരിട്ട് ഫോണിൽ വിളിച്ച് വിവരമറിയിക്കും.

ഈ ലംഗാറിൽ ഐഫോൺ 16 മോഡലുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും ഐഫോൺ 17 മോഡലുകളും അതിനു മുകളിലുള്ളവയും മാത്രമേ നൽകുകയുള്ളൂവെന്നും ത്രെഹാൻ വ്യക്തമാക്കി. ഐഫോൺ 18-ന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ച ദിവസമാണ് ഈ പരിപാടിയുടെ തീയതി പ്രഖ്യാപിച്ചത്.

ആദ്യ ഘട്ടത്തിൽ ചണ്ഡീഗഡിൽ 100 ഐഫോണുകളും മൊഹാലിയിൽ 200 ഐഫോണുകളും വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനോടകം 100 ഐഫോൺ 17 ഫോണുകൾ ഓർഡർ ചെയ്തതായും, 1,000 ഐഫോണുകൾ വരെ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ദുരുപയോഗം തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി ഘട്ടംഘട്ടമായിട്ടായിരിക്കും ഫോണുകൾ നൽകുക. സെപ്റ്റംബർ 22-ന് മറ്റ് 10 നഗരങ്ങൾ കൂടി പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്നും സാമ്പത്തിക തടസ്സങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പും ഇത്തരത്തിലുള്ള വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ച് ശ്രദ്ധ നേടിയ വ്യക്തിയാണ് രാകേഷ് ത്രെഹാൻ. സൗജന്യമായി പെട്രോൾ കൂപ്പണുകൾ നൽകിയ 'പെട്രോൾ ലംഗാർ', ചണ്ഡീഗഡിലെ ക്ഷേത്രത്തിന് മുന്നിൽ 500 രൂപ നോട്ടുകൾ വിതരണം ചെയ്ത പരിപാടി എന്നിവ ഇതിൽ ചിലതാണ്. പഞ്ചാബിൽ സൗജന്യ വിതരണ പരിപാടികളെയാണ് ലംഗാർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

Content Highlights: Punjab businessman and social media influencer Rakesh Trehan has announced an 'iPhone Langar' to distribute free iPhone 17 and above models to selected participants who send 'Jai Mata Di' in a dedicated WhatsApp group.