പബ്ജി മൊബൈല്‍ നിരോധനം; രണ്ട് ദിവസം കൊണ്ട് ടെന്‍സെന്റിന് നഷ്ടം രണ്ടര ലക്ഷം കോടി രൂപ

പബ്ജി മൊബൈല്‍ ഉള്‍പ്പെടയുള്ള ആപ്ലിക്കേഷനുകള്‍ നിരോധനം കനത്ത ആഘാതമാണ് ടെന്‍സെന്റ് എന്ന ചൈനീസ് കമ്പനിയ്ക്കുണ്ടാക്കിയിിക്കുന്നത്. നിരോധനം രണ്ട് ദിവസത്തിനുള്ളില്‍ 3400 കോടി ഡോളറിന്റെ (ഏകദേശം രണ്ടര ലക്ഷം കോടി രൂപ) നഷ്ടമാണ് കമ്പനിയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പബ്ജി മൊബൈലിനുപുറമെ, അരീന ഓഫ് വാലര്‍, ചെസ് റണ്‍, ലുഡോ വേള്‍ഡ് എന്നിവയും നിരോധിച്ചിട്ടുണ്ട് ഇവയെല്ലാം ടെന്‍സെന്റുമായി ബന്ധമുള്ളവയാണ്.
ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാരാന്‍ ടെന്‍സെന്റിനെ സഹായിച്ചത് പബ്ജി മൊബൈല്‍ ആയിരുന്നു. പ്രതിദിനം മൂന്ന് കോടി ഉപയോക്താക്കളാണ് പബ്ജി മൊബൈലിന് ഉണ്ടായിരുന്നത്. പബ്ജി മൊബൈലിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണമെടുത്താല്‍ ഏറ്റവും മുന്നിലുണ്ടായിരുന്നതും ഇന്ത്യയാണ്.
നിരോധനം പ്രഖ്യാപിച്ചതോടെ ടെന്‍സെന്റിന്റെ ഓഹരികള്‍ തുടര്‍ച്ചയായി ഇടിഞ്ഞു. അമേരിക്കയില്‍ വീചാറ്റ് ആപ്ലിക്കേഷന്‍ നിരോധിച്ചതും ടെന്‍സെന്റിന് കനത്ത തിരിച്ചടിയായി മാറിയിരുന്നു.
അതേസമയം നിരോധനത്തിന് പിന്നാലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും പബ്ജി നീക്കം ചെയ്തു. നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഗെയിം കളിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാര്‍ ബ്ലോക്ക് ചെയ്യുന്നതോടെ അതും ഇല്ലാതാവും.
ഗെയിമിന്റെ നിരോധന വാര്‍ത്ത ഇതാദ്യമായല്ല നമ്മള്‍ കേള്‍ക്കുന്നത്. നേരത്തെ ഗുജറാത്ത് സര്‍ക്കാര്‍ പബ്ജി നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. രാജ്യത്തെ വിവിധ കോളേജ്, സര്‍വകലാശാല ക്യാമ്പസുകള്‍ പബ്ജിയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഡാറ്റാ സുരക്ഷയാണ് നിരോധനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത് എങ്കിലും പബ്ജി ഗെയിം കൗമാരക്കാരിലും യുവാക്കളിലും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇത് പഠനത്തെ ബാധിക്കുന്നു, ഏകാഗ്രതയില്ലാതാക്കുന്നു ആത്മഹത്യയിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ പബ്ജിക്കെതിരെ ഉയര്‍ന്നിരുന്നു.
Content Highlights: pubg mobile ban Tencent Has Lost About 34 Billion dollar in two days after ban
Content Highlights: