പ്രധാനമന്ത്രിയുടെ പിറന്നാൾ സമ്മാനത്തിൽ തിളങ്ങി കേരളം; ദേശീയ ശ്രദ്ധനേടി ഈ മലയാളി ഗവേഷകർ!

#സി.പി. ശ്രീഹർഷൻ
ജന്മദിനത്തിൽ ഡൽഹിയിൽ സെമികോൺ മേളയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, 'മെയ്ഡ് ഇൻ ഇന്ത്യ' സെമികണ്ടക്ടർ ചിപ്പുകൾകൊണ്ട് തയ്യാറാക്കിയ ഉപഹാരം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സമ്മാനിച്ചപ്പോൾ | Photo: ANI
ജന്മദിനത്തിൽ ഡൽഹിയിൽ സെമികോൺ മേളയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, 'മെയ്ഡ് ഇൻ ഇന്ത്യ' സെമികണ്ടക്ടർ ചിപ്പുകൾകൊണ്ട് തയ്യാറാക്കിയ ഉപഹാരം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സമ്മാനിച്ചപ്പോൾ | Photo: ANI

ന്യൂഡൽഹി: പിറന്നാൾദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചിപ്പുകൾകൊണ്ടുള്ള ഉപഹാരം. അതിൽ രണ്ടു ചിപ്പുകൾ നിർമിച്ച് അഭിമാനമായി കേരളവും. ഇന്ത്യാ സെമികണ്ടക്ടർ മിഷനുമായി ചേർന്ന് കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം സംഘടിപ്പിക്കുന്ന സെമികോൺ മേളയുടെ ഉദ്ഘാടനച്ചടങ്ങിലാണ് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 20 ഐ.ടി. സ്ഥാപനങ്ങൾ ചേർന്ന് നിർമിച്ച ചിപ്പുകളാൽ തീർത്ത ഉപഹാരം പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.

കേരളത്തിൽനിന്ന് ഡിജിറ്റൽ സർവകലാശാലയും കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും നിർമിച്ച ചിപ്പുകളാണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ഇത് പൂർണമായും ഇന്ത്യൻ കമ്പനിയുടെ സാങ്കേതികവിദ്യയാൽ നിർമിച്ചതാണെന്ന സവിശേഷതയുണ്ട്. എസ്.സി.എൽ. 180 നാനോമീറ്റർ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ചിപ് ടു സ്റ്റാർട്ടപ് (സി ടു എസ്) പ്രോജക്ടുകളാണ്. ഡിജിറ്റൽ സർവകലാശാലയ്ക്കുവേണ്ടി ഗവേഷണ-വികസനാവശ്യം മുൻനിർത്തിയുള്ള ചിപ്പാണ് നിർമിച്ചത്. ഇതിന് നേതൃത്വം നൽകിയ സർവകലാശാലയിലെ എ.ഐ. ചിപ്പ് ഡിസൈനിങ്ങിൽ ഗവേഷണവിദ്യാർഥിയായ ദർഷിത ദിനേശിനും എൻ.ഐ.ടി.യിൽ ചിപ്പ് വികസിപ്പിക്കാൻ നേതൃത്വം നൽകിയ ഗവേഷണവിദ്യാർഥി രഞ്ജിത്തിനും പ്രധാനമന്ത്രിയുമായി സംവദിക്കാനവസരവും ലഭിച്ചു.

ദർഷിത, രഞ്ജിത് | Photo: Mathrubhumi

ചിപ്പ് രൂപകല്പനയുടെ കാര്യങ്ങൾ തിരക്കിയ പ്രധാനമന്ത്രി, സ്കൂൾ വിദ്യാർഥികളിലേക്കടക്കം ഇറങ്ങിച്ചെന്ന് അവരുമായി സാങ്കേതികവിദ്യാവികസനത്തെക്കുറിച്ച് സംവദിക്കണമെന്ന് ഉപദേശിച്ചുവെന്ന് ദർഷിത ദിനേശ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ കൺട്രോൾചിപ്പുകൾ നിർമിക്കുന്നതിലാണ് രഞ്ജിതിന്റെ ഗവേഷണം.

ഒരു ചിപ്പ് നിർമിക്കാൻ 10 മുതൽ 30 ലക്ഷം വരെയാണ് ചെലവ്. എസ്.സി.എൽ. 180 സ്കീമിൽ പൂർണമായും കേന്ദ്ര ഐ.ടി. മന്ത്രാലയമാണ് ഫണ്ടിങ് നൽകുന്നത്. യു.എസ്. കമ്പനിയായ സ്കൈവാട്ടർ 130 നാനോമീറ്റർ, തയ്വാനിലെ ടി.എസ്.എം.സി.സി. മുതലായവയാണ് ചിപ്പ്നിർമാണത്തിൽ സഹകരിക്കുന്ന ആഗോള ഫൗണ്ടറി (നിർമാണശാല).

ആദ്യ പത്തിൽ കേരളം

സ്വന്തമായി ചിപ്പ് രൂപകല്പന ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആദ്യ പത്തിൽ ഇടം നേടിയതായി ഡിജിറ്റൽ സർവകലാശാലാ പവലിയന് നേതൃത്വം നൽകുന്ന സെമികോൺ കേരളം ഡയറക്ടർ പ്രൊഫ. അലക്സ് പി. ജെയിംസ് പറഞ്ഞു. തിരുവനന്തപുരത്തെ ഐ.ഐ.ഐ.ടി.എം.കെ.യാണ് ഡിജിറ്റൽ സർവകലാശാല കാമ്പസായി പ്രവർത്തിക്കുന്നത്. ഐ.ഐ.ഐ.ടി.എം.കെ.യുടെ പേര് സെമികോൺ കേരളം എന്നാക്കി പുനർനാമകരണം ചെയ്യാൻ നടപടിയാരംഭിച്ചതായി സംഘാടകർ പറഞ്ഞു.

ഗവേഷണം പൂർത്തിയായാലുടൻ സ്റ്റാർട്ടപ്പിലേക്ക്

പി.എച്ച്.ഡി. ഈ വർഷം പൂർത്തിയാകുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ കൺട്രോൾചിപ്പ് നിർമിക്കുന്ന സ്റ്റാർട്ടപ് കമ്പനിയാരംഭിക്കാനാണ് എൻ.ഐ.ടി.യിലെ രഞ്ജിതിന്റെ തീരുമാനം. ഇരുചക്ര, മുച്ചക്രവാഹനങ്ങൾ പൂർണചാർജോടെ എപ്പോഴും തടസ്സമില്ലാതെ ഓടിക്കാനുതകുന്ന കൺട്രോൾചിപ്പ് വരുംനാളുകളിൽ ഏറ്റവും അത്യാവശ്യമാകുന്ന സാഹചര്യമാണെന്ന് രഞ്ജിത് പറയുന്നു.

Content Highlights: On his birthday, Prime Minister Narendra Modi was presented with indigenous semiconductor chips developed by Indian institutions, including landmark innovations from Digital University Kerala and NIT Calicut under the Chip to Startup initiative.