ബാറ്ററിക്ക് ചൂട് പിടിക്കുന്നു; Pixel 6a ഫോണുകൾ ഉടൻ അപ്ഡേറ്റ് ചെയ്യുക, നിർദേശവുമായി ഗൂഗിൾ

ഗൂഗിള്‍ പിക്‌സല്‍ 6എ ഫോണുകള്‍ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്ന് ഗൂഗിള്‍. ഫോണ്‍ അമിതമായി ചൂടാകുന്ന പ്രശ്‌നം മറികടക്കുന്നതിനാണ് ഇങ്ങനെ ഒരു നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ ബാറ്ററി മാനേജ്‌മെന്റ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് അപ്‌ഡേറ്റ് ഒരുക്കിയിരിക്കുന്നത്.
ഈ അപ്‌ഡേറ്റിലൂടെ എല്ലാ പിക്‌സല്‍ 6എ ഫോണുകളും ആന്‍ഡ്രോയിഡ് 16 ഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടും. ജൂലായ് എട്ട് മുതലാണ് അപ്‌ഡേറ്റ് ലഭിക്കുക. എല്ലാ പിക്‌സല്‍ 6എ ഫോണുകളിലും അപ്‌ഡേറ്റ് ലഭിക്കുമെങ്കിലും ബാറ്ററി ചൂടാകുന്ന പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഫീച്ചറുകള്‍ പ്രശ്‌ന ബാധിക്കപ്പെട്ട ചില ഫോണുകളില്‍ മാത്രമാണ് അപ്‌ഡേറ്റിനൊപ്പം എത്തുക.
ബാറ്ററി കപ്പാസിറ്റിയും, ചാര്‍ജിങ് പ്രകടനവും പരിമിതപ്പെടുത്തിയാണ് ബാറ്ററി ചൂടാകുന്ന പ്രശ്‌നം നിയന്ത്രിക്കുക.
സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റ്
ബാറ്ററി ചൂടാകുന്ന പ്രശ്‌നം നേരിട്ടുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ബാറ്ററി മാറ്റിയെടുക്കാനാവും. ഗൂഗിളിന്റെ രജിസ്‌ട്രേഷന്‍ പേജ് വഴി അടുത്തുള്ള സ്ഥാപനത്തില്‍ നിന്ന് ബാറ്ററി മാറ്റിയെടുക്കാം. ജൂലായ് 21 മുതലാണ് ഇതിനുള്ള സൗകര്യം ആരംഭിക്കുക. ഇന്ത്യ, ജപ്പാന്‍, ജര്‍മനി, സിംഗപൂര്‍, യുകെ, കാനഡ, യുഎസ് എന്നിവിടങ്ങളില്‍ ബാറ്ററി മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാവും. യുഎസിലും ഇന്ത്യയിലും ഉപഭോക്താക്കള്‍ക്ക് മെയില്‍ ഇന്‍ റിപ്പയര്‍ സേവനവും ലഭിക്കും.
ഈ സൗകര്യം ലഭ്യമല്ലാത്ത രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ക്യാഷ് റീഇംബേഴ്‌സ്‌മെന്റ്, ഗൂഗില്‍ സ്റ്റോറില്‍ നിന്ന് മറ്റൊരു പിക്‌സല്‍ ഫോണ്‍ വാങ്ങുന്നതിനുള്ള ഡിസ്‌കൗണ്ട് കോഡ് എന്നിവ പകരം നേടാനുള്ള സൗകര്യവും ഗൂഗിള്‍ രജിസ്‌ട്രേഷന്‍ പേജ് വഴി രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ഉപഭോക്താവിന് ലഭിക്കും.
Content Highlights: Google releases mandatory update for Pixel 6a to fix overheating issues.