മദ്രാസ് IIT-ക്ക് 'പരംശക്തി'യുടെ കരുത്ത്; ഇന്ത്യയിൽ വികസിപ്പിച്ച സൂപ്പർ കമ്പ്യൂട്ടർ

#സ്വന്തം ലേഖകന്‍
പരംശക്തി
പരംശക്തി

ചെന്നൈ: പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത 'പരംശക്തി' സൂപ്പർ കംപ്യൂട്ടർ സംവിധാനം മദ്രാസ് ഐഐടിയിൽ പ്രവർത്തനമാരംഭിച്ചു. സെക്കൻഡിൽ 3.1 ക്വാഡ്രില്യൺ (3100 ലക്ഷം കോടി) കണക്കുകൂട്ടലുകൾ നടത്താൻ സാധിക്കുന്ന പരംശക്തി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏറ്റവും ശക്തിയുള്ള കംപ്യൂട്ടറാണ്.

ഇന്ത്യയുടെ നാഷണൽ സൂപ്പർ കംപ്യൂട്ടിങ് മിഷന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. സെന്റർ ഫോർ ഡിവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി ഡാക്) വികസിപ്പിച്ചെടുത്ത 'പരം രുദ്ര' എന്ന തദ്ദേശീയ സെർവറുകളാണ് പരംശക്തിയുടെ അടിസ്ഥാനം. കഴിഞ്ഞദിവസം കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണനാണ് പരംശക്തി രാഷ്ട്രത്തിന് സമർപ്പിച്ചത്.

ശാസ്ത്രസാങ്കേതികമേഖലകളിലെ സങ്കീർണമായ പ്രശ്‌നങ്ങൾ അതിവേഗം കണക്കുകൂട്ടിയെടുക്കാൻ പരംശക്തി സഹായിക്കും. പരീക്ഷണങ്ങൾക്കും അവയുടെ നിർധാരണത്തിനുമെടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കാനും ഗവേഷണങ്ങൾ വേഗത്തിലാക്കാനും ഇത് വഴിയൊരുക്കും.

പൂർണമായും ഇന്ത്യയിൽത്തന്നെ രൂപകല്പന ചെയ്തതുകൊണ്ട് വിവരസുരക്ഷ ഉറപ്പാക്കാൻ സാധിക്കും. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവും ശാസ്ത്രസാങ്കേതികവകുപ്പും സംയുക്തമായാണ് നാഷണൽ സൂപ്പർ കംപ്യൂട്ടിങ് മിഷന് നേതൃത്വംനൽകുന്നത്.

Content Highlights: India`s indigenous ParamShakti supercomputer now operational at IIT Madras. Accelerate research with this powerful, secure system developed by CDAC under the National Supercomputing Mission.