കമ്പനിക്ക് വിലക്ക്; ഇറാനിൽ US സൈന്യത്തെ ഇപ്പോഴും പിന്തുണയ്ക്കുന്നത് ക്ലോഡ് AI, വെളിപ്പെടുത്തൽ

#ടെക്‌നോളജി ഡെസ്‌ക്
1. പ്രതീകാത്മകചിത്രം 2. ഡൊണാള്‍ഡ് ട്രംപ് | Photo - AFP
1. പ്രതീകാത്മകചിത്രം 2. ഡൊണാള്‍ഡ് ട്രംപ് | Photo - AFP

നിർമിതബുദ്ധി (എഐ) കമ്പനിയായ ആന്ത്രോപിക്കും യു.എസ് യുദ്ധകാര്യ വകുപ്പും തമ്മിലുണ്ടായ കൊമ്പുകോർക്കൽ ടെക് ലോകത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ആന്ത്രോപിക്കിന്റെ എഐ ടൂളുകൾ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ യു.എസ് സൈന്യത്തെ അനുവദിക്കണമെന്ന ആവശ്യം കമ്പനി സിഇഓ ഡാരിയോ അമോദെയി നിരാകരിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സമ്മർദങ്ങൾക്ക് വഴങ്ങാതിരുന്നതോടെ ആന്ത്രോപിക്കിനെ പെന്റഗൺ വിലക്കി. കമ്പനിയുടെ എഐ ടൂളുകൾ ഒഴിവാക്കണമെന്ന് ഫെഡറൽ ഏജൻസികളോട് ട്രംപ് നിർദേശിച്ചു. ആന്ത്രോപിക്കിനെ പെന്റഗൺ 'സപ്ലൈ ചെയിൻ റിസ്‌ക്' എന്ന് മുദ്രകുത്തുകയും ചെയ്തു. എന്നാൽ ഇറാനിലെ യുഎസ് സൈനിക നീക്കങ്ങളെ പിന്തുണയ്ക്കാൻ ക്ലോഡ് മോഡലുകൾ ഇപ്പോഴും ഉപയോഗിക്കുന്നു എന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ.

അമേരിക്കൻ സൈന്യത്തിന് ശക്തമായ പിന്തുണ നൽകുന്ന ഡിഫൻസ് ടെക്‌നോളജി കമ്പനിയായ പാലന്റീർ ഇപ്പോഴും ആന്ത്രോപിക് ക്ലോഡ് എഐ മോഡലുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് സിഇഒ അലക്‌സ് കാർപ്പിന്റെ വെളിപ്പെടുത്തൽ. 'യു.എസ് യുദ്ധകാര്യ വകുപ്പ് ആന്ത്രോപിക്കിനെ ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ ഒഴിവാക്കിയിട്ടില്ല. പാലന്റീറിന്റെ സംവിധാനങ്ങൾ ആന്ത്രോപിക്കുമായി സംയോജിപ്പിച്ചിരിക്കുകയാണ്. ഭാവിയിൽ ആന്ത്രോപിക്കിന്റെ കൂടുതൽ എഐ ടൂളുകളുമായി സംയോജിപ്പിക്കാനാണ് സാധ്യത.'- കമ്പനിയുടെ ചടങ്ങിൽ സംസാരിക്കവെ അലക്‌സ് കാർപ്പ് പറഞ്ഞു.

യു.എസ് പ്രതിരോധ വകുപ്പ് ആന്ത്രോപിക്കിനെ സപ്ലൈ ചെയിൻ റിസ്‌ക് ആയി മുദ്രകുത്തിയത് കഴിഞ്ഞ ആഴ്ചയാണ്. ശത്രുക്കളായി കണക്കാക്കുന്ന വിദേശ കമ്പനികൾക്ക് മാത്രം ഇതുവരെ നൽകിയിട്ടുള്ള വിശേഷണമാണിത്. ഈ നീക്കത്തോടെ പ്രതിരോധ കരാറുകാർക്കും വിതരണക്കാർക്കും പെന്റഗണുമായി ബന്ധപ്പെട്ട ജോലികളിൽ ക്ലോഡ് ഉപയോഗിക്കുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തേണ്ടിവരും. ഈ സാഹചര്യത്തിലും ഇറാനിലെ സൈനിക നീക്കങ്ങളിൽ അമേരിക്ക ഇപ്പോഴും ക്ലോഡ് മോഡലുകൾ ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലാണ് ടെക് ലോകത്തെ അമ്പരപ്പിക്കുന്നത്.

ഒറ്റരാത്രികൊണ്ട് വലിച്ചെറിയാൻ കഴിയില്ലെന്ന് പെന്റഗൺ

ആന്ത്രോപിക്കിന്റെ എഐ മോഡലുകളിൽ നിന്ന് പൂർണമായും മാറാൻ സമയമെടുക്കുമെന്നാണ് പ്രതിരോധ വകുപ്പ് അധികൃതർ മാധ്യമങ്ങളോട് പറയുന്നത്. ആഴത്തിൽ വേരോട്ടമുള്ള ഒരു സംവിധാനം ഒറ്റരാത്രികൊണ്ട് വലിച്ചെറിയാൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ആന്ത്രോപിക്കിന്റെ ഉത്പന്നങ്ങൾ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ ഫെഡറൽ ഏജൻസികൾക്ക് ആറ് മാസത്തെ സമയം നൽകുമെന്നാണ് ട്രംപ് പറഞ്ഞിട്ടുളളത്. എന്നാൽ സാധ്യമായ ബദലുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ നിർണായക പ്രവർത്തനങ്ങൾക്ക് തുടർന്നും യു.എസ് സൈന്യത്തിന് ആന്ത്രോപിക്കിന്റെ ടൂളുകൾതന്നെ ഉപയോഗിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

വിലക്കേർപ്പെടുത്തുകയും കരിമ്പട്ടികയിൽ പെടുത്തുകയും അടക്കമുള്ള നടപടികൾക്ക് ശേഷവും സൈനിക നീക്കങ്ങളിൽനിന്ന് എഐ സംവിധാനങ്ങളെ ഒഴിവാക്കുന്നത് എളുപ്പമല്ലെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങൾ. സുപ്രധാന സൈനിക ദൗത്യങ്ങൾക്ക് തടസമുണ്ടാകാതിരിക്കാൻ ആന്ത്രോപിക്കിന്റെ എഐ ടൂളുകൾ സൈന്യത്തിന് തുടർന്നും ഉപയോഗിക്കേണ്ടിവരുമെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്.

Content Highlights: Palantir continues to integrate Anthropic's Claude AI despite a Pentagon supply chain risk designation., Anthropic has filed a legal challenge against the Trump administration regarding the ban., The Pentagon has established a six-month transition period to phase out the technology., Mission-critical exceptions may be granted to prevent operational disruption.