ദൈവനിന്ദയടങ്ങുന്ന ഉള്ളടക്കം നീക്കം ചെയ്യാന്‍ വിസമ്മതിച്ചു; വിക്കി പീഡിയയ്ക്ക് പാകിസ്താനില്‍ വിലക്ക്

Photo: WikiPedia
Photo: WikiPedia

ഇസ്ലാമാബാദ്: ദൈവനിന്ദയടങ്ങുന്ന ഉള്ളടക്കം നീക്കം ചെയ്യാന്‍ വിസമ്മതിച്ചുവെന്നാരോപിച്ച് വിക്കി പീഡിയയ്ക്ക് പാകിസ്താനില്‍ വിലക്ക്. ദൈവനിന്ദയുള്ള ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട്‌  പാകിസ്താന്‍ ടെലികോം അതോറിറ്റി വിക്കിപീഡിയയ്ക്ക് 48 മണിക്കൂര്‍ തടസപ്പെടുത്തിയിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. 

ലോകത്തെമ്പാടുമുള്ള സ്വതന്ത്ര എഡിറ്റര്‍മാര്‍ കൈകാര്യം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ അടങ്ങുന്ന സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. വിക്കിപീഡിയ ഫൗണ്ടേഷനാണ് ഇതിന്റെ നിയന്ത്രണം. 

ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് വിക്കിപീഡിയയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും, വാദം കേള്‍ക്കാനുള്ള അവസരം നല്‍കിയിരുന്നുവെന്നും പാകിസ്താന്‍ ടെലികോം അതോറിറ്റി പറഞ്ഞു.

ദൈവനിന്ദയടങ്ങുന്ന ഉള്ളടക്കം നീക്കം ചെയ്തതിന് ശേഷമേ വിക്കിപീഡിയ തിരികെ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുകയുള്ളു എന്നാണ് പാക് അധികൃതരുടെ നിലപാട്. ഇതേ കാരണത്തില്‍ യൂട്യൂബും ഫെയ്‌സ്ബുക്കും പാകിസ്താനില്‍ വിലക്ക് നേരിട്ടുണ്ട്. 

Content Highlights: Pakistan Blocks Wikipedia Over Blasphemous Content