പി.എ. സുരേഷ് ബാബു ഭാവിനി ഡയറക്ടർ

ചെന്നൈ: ആണവോർജ വകുപ്പിനു കീഴിൽ കൽപ്പാക്കത്ത് പ്രവർത്തിക്കുന്ന ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (ഭാവിനി) ചെയർമാനും മാനേജിങ് ഡയറക്ടറുമായി പി.എ. സുരേഷ് ബാബു ബുധനാഴ്ച ചുമതലയേറ്റു. ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ (പി.എഫ്.ബി.ആർ.) നിർമാണ, നടത്തിപ്പു ചുമതല 2003-ൽ സ്ഥാപിതമായ ഭാവിനിക്കാണ്.
ആണവോർജ മേഖലയിൽ 37 വർഷത്തെ പ്രവർത്തന പരിചയമുള്ള സുരേഷ് ബാബു ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ (എൻ.പി.സി.ഐ.എൽ.) എച്ച്.ആർ. ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത ശേഷം 1989-ൽ ബാർക് ട്രെയിനിങ് സ്കൂളിൽനിന്ന് പരിശീലനം പൂർത്തിയാക്കി. മദ്രാസ് ആണവോർജ നിലയത്തിലും കൂടംകുളം നിലയത്തിലും വിവിധ ചുമതലകൾ വഹിച്ചു. മൂന്നു വർഷത്തേക്കാണ് പുതിയ നിയമനം.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഈ മാസമാദ്യം ക്രിട്ടിക്കൽ അവസ്ഥ കൈവരിച്ചിരുന്നു. മതിയായ സുരക്ഷാ പരിശോധനകളും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തുന്നതോടെ ഇവിടെനിന്ന് വൈദ്യുതോത്പാദനം ആരംഭിക്കാനാവും. ഇവിടെനിന്ന് വൈദ്യുതോത്പാദനം ആരംഭിക്കുന്നതോടെ റഷ്യക്കു ശേഷം വാണിജ്യാടിസ്ഥാനത്തിൽ പി.എഫ്.ബി.ആർ. പ്രവർത്തിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും.
Content Highlights: Thrissur native PA Suresh Babu, a veteran with 37 years of experience in the nuclear sector, has taken charge as the Chairman and Managing Director of BHAVINI, the body overseeing India's indigenous Prototype Fast Breeder Reactor (PFBR).