ഒറാക്കിളിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; രാവിലെ 6-ന് മെയിൽ എത്തി; 'ഇന്ന് നിങ്ങളുടെ അവസാന പ്രവർത്തിദിനം'

#ടെക്‌നോളജി ഡെസ്‌ക്
ഒറാക്കിള്‍ ആസ്ഥാനം | Photo -  AFP
ഒറാക്കിള്‍ ആസ്ഥാനം | Photo - AFP

മാസങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ടെക് കമ്പനിയായ ഒറാക്കിൾ. സെപ്റ്റംബർ 14 തിങ്കളാഴ്ച പുലർച്ചെയാണ് ജീവനക്കാർക്ക് ഇതുസംബന്ധിച്ച ഇമെയിലുകൾ ലഭിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എത്ര ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിച്ചതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

മാർച്ച് മാസത്തിൽ നടന്ന പിരിച്ചുവിടലിൽ ഇന്ത്യയിലെ ജീവനക്കാർക്കും ജോലി നഷ്ടപ്പെട്ടിരുന്നു. ഏറ്റവും പുതിയ നീക്കത്തിൽ ഇന്ത്യൻ ജീവനക്കാരെ എങ്ങനെ ബാധിച്ചുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടില്ല. എന്നാൽ ഒറാക്കിളിന്റെ ഇന്ത്യൻ ജീവനക്കാർ കടുത്ത ആശങ്കയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിരിച്ചുവിടൽ ബാധിച്ചവർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തങ്ങൾക്ക് ജോലി നഷ്ടപ്പെട്ട വിവരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവനക്കാർക്ക് അതിരാവിലെ ലഭിച്ച ഇമെയിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്.

'ഇന്ന് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസമാണ്.'

ജീവനക്കാർക്ക് അയച്ച പിരിച്ചുവിടൽ ഇമെയിൽ ആരംഭിക്കുന്നത് 'ഇന്ന് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസമാണ്.' എന്ന അറിയിപ്പോടെയാണ്. നിങ്ങളുടെ ജോലിയെക്കുറിച്ച് ചില പ്രസായമുണ്ടാക്കുന്ന വിവരങ്ങൾ പങ്കുവെക്കുകയാണെന്നും ഇമെയിലിൽ പറയുന്നു. വിശാലമായ പുനഃസംഘടനയുടെ ഭാഗമായി തങ്ങളുടെ തസ്തികകൾ ഒഴിവാക്കപ്പെട്ടതായി ഇമെയിൽ വ്യക്തമാക്കിയിട്ടുണ്ട്. പിരിച്ചുവിടലിന് വ്യക്തിഗതമായ കാരണങ്ങളൊന്നും ഒറാക്കിൾ വ്യക്തമാക്കിയിട്ടില്ല പകരം ഒറാക്കിളിന്റെ നിലവിലെ ബിസിനസ്സ് ആവശ്യങ്ങളെയാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

കമ്പ്യൂട്ടറുകളിലേക്കുള്ള ആക്സസ് വിച്ഛേദിക്കപ്പെടും

പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് പ്രത്യേക പാക്കേജിന് അർഹതയുണ്ടെന്ന് ഇമെയിൽ വ്യക്തമാക്കുന്നു. വിശദാംശങ്ങളടങ്ങിയ ഒരു പ്രത്യേക ഇമെയിൽ ജീവനക്കാർക്ക് അയയ്ക്കുമെന്ന് കമ്പനി പറയുന്നു. ഇതുവരെ ഉപയോഗിച്ചുവന്ന കമ്പനി ഇമെയിലിന് പകരം വ്യക്തിഗത ഇമെയിൽ വിലാസം ജീവനക്കാർ ഉടൻ സമർപ്പിക്കണം. ഒറാക്കിളിന്റെ സിസ്റ്റങ്ങളിലേക്കുള്ള പ്രവേശനം ഉടൻ വിച്ഛേദിക്കപ്പെടുമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ഇനി മുതൽ ജീവനക്കാർക്ക് ഓഫീസിലെ കമ്പ്യൂട്ടറുകളിൽ ലോഗിൻ ചെയ്യാൻ കഴിയില്ല. ഒറാക്കിളിന്റെ രഹസ്യ വിവരങ്ങൾ ഡൗൺലോഡ് ചെയ്യാനോ പകർത്താനോ സൂക്ഷിക്കാനോ ജീവനക്കാർക്ക് അനുവാദമില്ലെന്നും കമ്പനി ഓർമിപ്പിക്കുന്നു.

ഒറാക്കിളിന്റെ എഐ ബിസിനസ് വളരുന്നു; അതിനിടയിലും പിരിച്ചുവിടൽ

ഒറാക്കിളിന്റെ എഐ ബിസിനസ്സ് ശക്തമായ വളർച്ച കാണിക്കുമ്പോഴാണ് ഈ കൂട്ടപ്പിരിച്ചുവിടൽ എന്നതാണ് ശ്രദ്ധേയം. സാമ്പത്തിക വർഷത്തിന്റെ ഈ പാദത്തിൽ 30 ബില്യൺ ഡോളറിലധികം വരുന്ന അധിക എഐ ക്ലൗഡ് കരാറുകളിൽ കമ്പനി ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം ഡാറ്റാ സെന്ററുകൾക്കായുള്ള കമ്പനിയുടെ ചെലവ് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

വലിയ തോതിലുള്ള എഐ ചെലവുകൾക്കിടയിലാണ് പുതിയ പിരിച്ചുവിടൽ. എഐ, ക്ലൗഡ് സേവനങ്ങൾ എന്നിവയ്ക്കുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കമ്പനി ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ ശക്തമായി വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ചെലവ് വർധിപ്പിക്കുന്നത്.

ഒറാക്കിൾ ഇതിനകം 21,000 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതോടെ ജീവനക്കാരുടെ എണ്ണം ഏകദേശം 141,000 ആയി. മുൻവർഷം ഇത് ഏകദേശം 162,000 ആയിരുന്നു.

Content Highlights: Oracle has started a new round of layoffs, with employees receiving sudden termination emails., The job cuts coincide with massive capital expenditure on AI and cloud infrastructure, reaching $28.5 billion in Q1 of fiscal 2027., Oracle previously cut 21,000 jobs (13% of its global workforce) during fiscal 2026., Affected employees are instructed to provide personal email addresses for severance details and face immediate system deactivation.