ഭൂരിഭാഗവും ഉപയോഗിക്കുന്നത് സൗജന്യപതിപ്പ്; വരുമാനംകൂട്ടാന്‍ ChatGPT, ഓണ്‍ലൈന്‍ ഷോപ്പിങ്ങടക്കം വരും

പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

ചാറ്റ്ജിപിടിയെ ഓണ്‍ലൈന്‍ ഷോപ്പിംഗ് ലോകത്തേക്ക് എത്തിക്കാന്‍ ഓപ്പണ്‍എഐ. ചാറ്റ്‌ബോട്ടിനുള്ളില്‍ നിന്നുതന്നെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്ന ഒരു ബില്‍റ്റ്-ഇന്‍ പേയ്മെന്റ്, ചെക്ക്ഔട്ട് സംവിധാനത്തിനുവേണ്ടി കമ്പനി ശ്രമം തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ഓരോ ഓര്‍ഡറിനും ഒരു കമ്മീഷന്‍ ഈടാക്കുന്നതിലൂടെ ഓപ്പണ്‍എഐക്ക് ഒരു പുതിയ വരുമാന മാര്‍ഗംകൂടി തുറക്കുന്നതാണ് നീക്കം.

നിലവില്‍ ചാറ്റ്ജിപിടിയില്‍ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ക്ലിക്ക് ചെയ്യാവുന്ന ലിങ്കുകളായാണ് നല്‍കുന്നത്. ഇത് ഉപയോക്താക്കളെ റീട്ടെയില്‍ വെബ്‌സൈറ്റുകളിലേക്ക് നയിക്കും. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ഉല്‍പ്പന്നം കണ്ടെത്തുന്നത് മുതല്‍ വാങ്ങുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഉപയോക്താക്കളെ പ്ലാറ്റ്ഫോമിനുള്ളില്‍ തന്നെ നിലനിര്‍ത്താനാണ് ഓപ്പണ്‍എഐ ലക്ഷ്യമിടുന്നത്. ഈ സംവിധാനം ഓപ്പണ്‍എഐ ബ്രാന്‍ഡുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചര്‍ച്ചള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാക്കെന്‍ഡ് സാങ്കേതികവിദ്യ നല്‍കുന്ന ഷോപ്പിഫൈ പോലുള്ള പങ്കാളികളുമായും കമ്പനി ആശയവിനിമയം നടത്തുന്നുണ്ട്. സബ്‌സ്‌ക്രിപ്ഷനുകള്‍ക്കപ്പുറം വരുമാനം വര്‍ധിപ്പിക്കാനും വൈവിധ്യവത്കരണത്തിനും ഓപ്പണ്‍എഐ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇ-കൊമേഴ്സിലേക്കുള്ള ചുവടുമാറ്റം.

ചാറ്റ്ജിപിടി പ്ലസും മറ്റ് പ്രീമിയം സേവനങ്ങളും സ്ഥിരമായ വരുമാനം നല്‍കുന്നുണ്ടെങ്കിലും ഭൂരിഭാഗം ഉപയോക്താക്കളും ഇപ്പോഴും സൗജന്യ പതിപ്പാണ് ഉപയോഗിക്കുന്നത്. ഉപയോക്താക്കളില്‍ നിന്ന് നേരിട്ട് പണം ഈടാക്കാതെ ഉല്‍പ്പന്ന വില്‍പ്പനയിലൂടെ അവരെ പണമടയ്ക്കുന്ന ഉപഭോക്താക്കളാക്കി മാറ്റാന്‍ ഓപ്പണ്‍എഐക്ക് കഴിഞ്ഞാല്‍ അത് ഒരു പുതിയ ബിസിനസ്സ് മോഡലിന് തുടക്കമിടും. ഓപ്പണ്‍എഐയുടെ വരുമാനം 2025 ജൂണോടെ 10 ബില്യണ്‍ ഡോളറിലെത്തിയെങ്കിലും, കഴിഞ്ഞ വര്‍ഷം കമ്പനിക്ക് ഏകദേശം 5 ബില്യണ്‍ ഡോളര്‍ നഷ്ടം സംഭവിച്ചിരുന്നു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: OpenAI is developing in-chat payments for ChatGPT letting users shop directly