പണിയെല്ലാം എഐ ചെയ്‌തോളും, ചാറ്റ് ജിപിടി അറ്റ്‌ലസ് വെബ് ബ്രൗസറുമായി ഓപ്പണ്‍ എഐ

പുതിയ വെബ് ബ്രൗസര്‍ അവതരിപ്പിച്ചിരിക്കുകയാണ് ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ. ചാറ്റ് ജിപിടി അറ്റ്‌ലസ് എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രൗസര്‍ ചാറ്റ് ജിപിടിയുടെ കഴിവുകളില്‍ അധിഷ്ടിതമായി ഒരുക്കിയതാണ്. വെബ്ബിന്റെ അടുത്ത യുഗത്തിലേക്കുള്ള ബ്രൗസര്‍ എന്നാണ് കമ്പനി ഈ പുതിയ വെബ് ബ്രൗസറിനെ വിശേഷിപ്പിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് വെബ് പേജുകളുമായി നേരിട്ട് ചാറ്റ് ചെയ്യാനും തിരച്ചില്‍ നടത്താനും എഐ ഏജന്റിന്റെ സഹായത്തോടെ ചില ഓണ്‍ലൈന്‍ ടാസ്‌കുകള്‍ ചെയ്യാനുമെല്ലാം അറ്റ്‌ലസ് ബ്രൗസറില്‍ സാധിക്കും.
മാക്ക് ഒഎസില്‍ ആണ് അറ്റ്‌ലസ് ആദ്യം എത്തിയിരിക്കുന്നത്. വിന്‍ഡോസ്, മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് താമസിയാതെ എത്തും. ഏജന്റിക് കഴിവുകള്‍ നിലവില്‍ ചാറ്റ്ജിപിടി പ്ലസ്, പ്രോ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭിക്കുക. ബ്രൗസിങ് കൂടുതല്‍ വ്യക്തിഗതവും ഉത്പാദനക്ഷമവുമാക്കുകയാണ് പുതിയ ബ്രൗസറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ പറഞ്ഞു. ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ മനസിലാക്കി ഇന്റര്‍നെറ്റില്‍ അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കണ്ടെത്താന്‍ ചാറ്റ് ജിപിടിക്ക് സാധിക്കും.
ബ്രൗസറുമായി ചാറ്റ് ചെയ്യുക എന്ന ആശയം അടിസ്ഥാനമാക്കിയാണ് ചാറ്റ് ജിപിടി ബ്രൗസര്‍ നിര്‍മിച്ചതെന്ന് ഓപ്പണ്‍ എഐ എഞ്ചിനീയറിങ് മേധാവി ബെന്‍ ഗൂഡ്‌ജെര്‍ പറഞ്ഞു.
പ്രത്യേകം സെര്‍ച്ച് ബോക്‌സും ടാബുകളുമെല്ലാമുള്ള പരമ്പരാഗത ബ്രൗസറുകളില്‍ നിന്ന് വ്യത്യസ്തമായി അറ്റ്‌ലസില്‍ ചാറ്റ് ജിപിടിയാണ് കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വാഭാവികമായ ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിക്കാനും വെബ്‌സൈറ്റുകള്‍ തിരയാനും സാധിക്കും. ടാബുകള്‍, ബുക്ക്മാര്‍ക്ക്, ഓട്ടോഫില്‍ പോലുള്ള സൗകര്യങ്ങളും ബ്രൗസറില്‍ ലഭ്യമാവും.
വളരെ മുമ്പ് തന്നെ ഗൂഗിളിന് എതിരാളിയായി ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിനും ബ്രൗസറും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓപ്പണ്‍ എഐയുടെ മുഖ്യ എതിരാളികളൊരാളായ പെര്‍പ്ലെക്‌സിറ്റി എഐ സെര്‍ച്ച് എഞ്ചിനും കോമറ്റ് എന്ന പേരില്‍ ബ്രൗസറും പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ മാക്ക്, വിന്‍ഡോസ്, മൊബൈല്‍ പതിപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. കോമറ്റ് ബ്രൗസറിന്റെ അടിസ്ഥാന തത്വങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ചാറ്റ്ജിപിടി അറ്റ്‌ലസ് ബ്രൗസറിലും ആവര്‍ത്തിച്ചിരിക്കുന്നത്.
വെബ് സെര്‍ച്ച് രംഗത്ത് വലിയൊരു മാറ്റമുണ്ടാകുന്നതിന്റെ സൂചനയാണ് ചാറ്റ്ജിപിടി അറ്റ്‌ലസിന്റെ വരവ് നല്‍കുന്നത്. നേരിട്ട് വെബ് പേജുകള്‍ ഓരോന്നും സന്ദര്‍ശിക്കുന്നതിന് പകരം ഒന്നിലധികം വെബ് പേജുകള്‍ ഒരേ സമയം സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ എളുപ്പം അറിയുന്നതിനും, വെബ് പേജുകളിലെ വിവരങ്ങള്‍ എളുപ്പം തിരഞ്ഞ് കണ്ടുപിടിക്കുന്നതിനും ഏത് ഭാഷയില്‍ മനസിലാക്കുന്നതിനുമെല്ലാം എഐ സെര്‍ച്ച് എഞ്ചിനുകള്‍ സഹായിക്കും. എഐ ചാറ്റ്‌ബോട്ടിന്റെ കഴിവുകള്‍ അതിനായി പ്രയോജനപ്പെടുത്താനാവും.
Content Highlights: OpenAI launches 'ChatGPT Atlas,' a new AI-powered web browser focused on chat and agentic capabilities.