AGI എത്തിയെന്ന് ഓപ്പൺ എഐയും എൻവിഡിയയും; 'നിർണായക വഴിത്തിരിവ്'; വാദം തള്ളി വിമർശകർ

#ടെക്‌നോളജി ഡെസ്‌ക്
1. ജെന്‍സന്‍ ഹുവാങ് 2. പ്രതീകാത്മകചിത്രം | AFP, Getty
1. ജെന്‍സന്‍ ഹുവാങ് 2. പ്രതീകാത്മകചിത്രം | AFP, Getty

മനുഷ്യബുദ്ധിയെ നിർമിതബുദ്ധി മറികടക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഏറെക്കാലമായി സജീവമാണ്. മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയർന്നേക്കാവുന്ന ഈ ഘട്ടം ഉടൻ യാഥാർഥ്യമാകുമെന്നാണ് ഇലോൺ മസ്‌ക് അടക്കമുള്ള ടെക് മേധാവികൾ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്.

അതിനിടെ ഓപ്പൺഎഐയുടെ പുതിയ AI മോഡലായ GPT-6 അസ്ട്രാ ഈ ഘട്ടത്തിൽ എത്തിയിരിക്കുന്നു എന്നാണ് ലോകത്തെ മുൻനിര ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ് പറയുന്നത്. എഐ രംഗത്ത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ മാറ്റങ്ങൾക്ക് ഇത് കാരണമായേക്കാം എന്നും അദ്ദേഹം പ്രവചിക്കുന്നു.

ചാറ്റ്ജിപിടി ആരംഭിച്ച് വെറും നാല് വർഷത്തിനകം അസ്ട്രാ വികസിപ്പിക്കാൻ കഴിഞ്ഞതിന് അദ്ദേഹം ഓപ്പൺഎഐയെ അഭിനന്ദിച്ചു. 'AGI എത്തിക്കഴിഞ്ഞു. എൻവിഡിയ ഗ്രേസ് ബ്ലാക്ക്‌വെൽ NVLink72-ൽ പരിശീലിപ്പിച്ചതാണ് ആസ്ട്ര - സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം അവകാശപ്പെട്ടു.

അതിനിടെ, എൻവിഡിയ മേധാവിയുടെ അഭിപ്രായത്തെ പിന്തുണച്ച് ഓപ്പൺഎഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാനും രംഗത്തെത്തിയിട്ടുണ്ട്. 'ഞങ്ങൾ AGI യുഗത്തിലേക്ക് കടക്കുകയാണ്. ശക്തരായ പങ്കാളികളില്ലാതെ ഞങ്ങൾക്ക് ഇത് സാധ്യമാകുമായിരുന്നില്ല.' - അദ്ദേഹം എക്‌സ് പോസ്റ്റിന് മറുപടി നൽകി. ഓപ്പൺഎഐയുടെ ഏറ്റവും വലിയ പങ്കാളികളിൽ ഒരാളായി എൻവിഡിയ തുടരുന്നതിനിടെയാണ് ഈ അഭിപ്രായ പ്രകടനം എന്നത് ശ്രദ്ധേയമാണ്. ഓപ്പൺഎഐയുടെ ഭൂരിഭാഗം എഐ പരിശീലനവും എൻവിഡിയ ജിപിയുകൾ ഉപയോഗിച്ചാണ് നടത്തുന്നത്.

യഥാർത്ഥത്തിൽ എപ്പോഴാണ് AGI സൃഷ്ടിക്കപ്പെട്ടത് എന്ന് കുറച്ച് വർഷം കഴിഞ്ഞ് ആരെങ്കിലും ചോദിച്ചേക്കാം. അതിന്റെ ഉത്തരം ഈ സമയം എന്ന് തന്നെയാണെന്ന് ഗ്രെഗ് ബ്രോക്ക്മാൻ പറഞ്ഞു. എന്നാൽ ഓപ്പൺഎഐയുടെയും എൻവിഡിയയുടെയും അവകാശവാദങ്ങൾ തള്ളി വിമർശകർ രംഗത്തെത്തിക്കഴിഞ്ഞു.

വ്യക്തമായ തെളിവില്ലാതെ AGI എത്തിക്കഴിഞ്ഞുവെന്ന് ജെൻസൻ ഹുവാങ് അവകാശപ്പെടുന്നത്‌സങ്കടകരമാണെന്ന് AI വിമർശകൻ ഗാരി മാർക്കസ് എക്‌സിൽ എഴുതി. പരമ്പരാഗത നിർവചനങ്ങളനുസരിച്ച് അസ്ട്രാ ഇപ്പോഴും പിന്നിലാണ്. വ്യക്തമായ തെളിവില്ലാതെ വിജയം പ്രഖ്യാപിക്കുന്നത് ആശയക്കുഴപ്പം മാത്രമേ ഉണ്ടാക്ക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും ശക്തമായ മോഡലെന്ന് ഓപ്പൺ AI

ഓപ്പൺഎഐയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ AI മോഡൽ എന്നാണ് കമ്പനി അസ്ട്രയെ വിശേഷിപ്പിക്കുന്നത്. കമ്പനിയുടെ കണക്കുപ്രകാരം, കമ്പ്യൂട്ടർ ഉപയോഗം, സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്, സൈബർ സുരക്ഷ, ശാസ്ത്രം മറ്റ് പ്രൊഫഷണൽ ജോലികൾ എന്നിവ ഉൾപ്പെടുന്ന കാര്യങ്ങൾ അസ്ട്രയ്ക്ക് ചെയ്യാൻ സാധിക്കും. ബെഞ്ച്മാർക്കുകളിൽ, ആന്ത്രോപ്പിക്കിന്റെ മിത്തോസ് 5.1 (Mythos 5.1) ഉൾപ്പെടെയുള്ള എതിരാളികളായ ഫ്രണ്ടിയർ മോഡലുകളെയും ഈ AI മോഡൽ മറികടന്നിട്ടുണ്ട്. അതിനിടെ, സൈബർ സുരക്ഷാ അപകടസാധ്യതകൾ ലഘൂകരിക്കാൻ സഹായിക്കുന്ന കൂടുതൽ സുരക്ഷാ മുൻകരുതലുകൾ ആസ്ട്രയുടെ കാര്യത്തിൽ സ്വീകരിച്ചിട്ടുണ്ടെന്ന് ഓപ്പൺഎഐ പറയുന്നു.

Content Highlights: Nvidia CEO Jensen Huang claims OpenAI's GPT-6 Astra marks the arrival of AGI., Astra was trained on over 100K Nvidia Grace Blackwell NVLink72 GPUs., The AI model outperforms rivals like Anthropic's Mythos 5.1 in benchmarks., Available now for ChatGPT Plus, Pro, Business, and Enterprise users.