GPT-5.6 റിലീസ് വൈകിപ്പിക്കണമെന്ന് നിർദേശം; ട്രംപ് ഭരണകൂടത്തിന്റെ AI ആശങ്കയ്ക്ക് പിന്നിലെന്ത്?

#ടെക്‌നോളജി ഡെസ്‌ക്
1. പ്രതീകാത്മകചിത്രം 2. ഡൊണാള്‍ഡ് ട്രംപ് | Photo - AP, AFP
1. പ്രതീകാത്മകചിത്രം 2. ഡൊണാള്‍ഡ് ട്രംപ് | Photo - AP, AFP

വരാനിരിക്കുന്ന കരുത്തുറ്റ എഐ (നിർമിതബുദ്ധി) മോഡലിന്റെ റിലീസ് വൈകിപ്പിക്കാൻ യുഎസ് ഭരണകൂടം ഓപ്പൺഎഐയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. GPT-5.6 മോഡൽ ഉടൻ പൊതുജനങ്ങൾക്ക് വ്യാപകമായി ലഭ്യമാക്കുന്നതിനു പകരം ഘട്ടം ഘട്ടമായി പുറത്തിറക്കണമെന്നാണ് ആവശ്യമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടു ചെയ്യുന്നു.

ട്രംപ് ഭരണകൂടത്തിൽനിന്നുള്ള സമ്മർദ്ദത്തെത്തുടർന്ന് എഐ കമ്പനിയായ ആന്ത്രോപിക്കിന് അവരുടെ രണ്ട് നൂതന എഐ മോഡലുകൾ പിൻവലിക്കേണ്ടിവന്നിരുന്നു. ആഴ്ചകൾക്ക് ശേഷമാണ് മറ്റൊരു കമ്പനി എഐ മോഡൽ പുറത്തിറക്കുന്നതിനും യു.എസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

GPT-5.6 ഘട്ടം ഘട്ടമായി പുറത്തിറക്കണമെന്ന് ആവശ്യം

നിർദേശത്തിന്റെ പശ്ചാത്തലത്തിൽ GPT-5.6 ആദ്യം വിശ്വസനീയ പങ്കാളികൾ ഉൾപ്പെട്ട ഒരു ചെറിയ ഗ്രൂപ്പിന് ലഭ്യമാക്കാനാണ് ഓപ്പൺഎഐയുടെ നീക്കം. അതിനുശേഷമാകും പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന് OpenAI സിഇഒ സാം ഓൾട്ട്മാൻ കമ്പനിയിലെ ജീവനക്കാരോട് പറഞ്ഞു. നൂതനമായ എഐ മോഡലുകളുടെ കഴിവുകളെക്കുറിച്ച് ഭരണകൂടത്തിനുള്ള ആശങ്ക വർധിച്ചതായി ഓൾട്ട്മാൻ ജീവനക്കാരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. കമ്പനിക്ക് സർക്കാർ നിർദ്ദേശങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ പോലും, ഭാവിയിലെ AI മോഡലുകൾക്കുള്ള സുരക്ഷാ നടപടികളും നിയന്ത്രണങ്ങളും സംബന്ധിച്ചുള്ള ഏത് കാര്യത്തിലും ട്രംപ് ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ജീവനക്കാരേട് നിർദേശിച്ചു.

ആന്ത്രോപിക്കിന്റെ ക്ലോഡ് മിത്തോസ് അടക്കമുള്ള എഐ ടൂളുകൾ സൃഷ്ടിച്ച തലവേദന സർക്കാർ നീക്കത്തെ സ്വാധീനിച്ചിരിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.

സുരക്ഷാ കാരണങ്ങളാൽ മിത്തോസ് 5, ഫേബിൾ 5 എന്നീ നൂതന എഐ മോഡലുകളിലേക്കുള്ള പ്രവേശനം വിദേശ പൗരന്മാർക്ക് പരിമിതപ്പെടുത്താൻ ട്രംപ് ഭരണകൂടം നേരത്തെ ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് ആന്ത്രോപിക് രണ്ട് എഐ മോഡലുകളും വിപണിയിൽനിന്ന് പിൻവലിച്ചത്.

ഈ മോഡലുകളുടെ നിയന്ത്രണം നീക്കാൻ ആന്ത്രോപിക് അധികൃതർ യുഎസ് ഗവൺമെന്റുമായി ചർച്ചയിലാണ്. യു.എസിന്റെ രഹസ്യ നെറ്റ്‌വർക്കുകളിലേക്കടക്കം മണിക്കൂറുകൾക്കുള്ളിൽ കടന്നുകയറാൻ ക്ലോഡ് മിത്തോസിന് കഴിഞ്ഞ സംഭവമടക്കമാണ് സർക്കാരിന്റെ ആശങ്കയ്ക്ക് പിന്നിലുള്ളത് എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, ചൈനീസ് ടെക് ഭീമനായ അലിബാബ ഗ്രൂപ്പ് ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ക്ലോഡ് എഐ മോഡലിലേക്ക് അനധികൃതമായി പ്രവേശനം നേടാൻ വലിയ തോതിലുള്ള ശ്രമം നടത്തിയെന്ന് ആന്ത്രോപിക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ആന്ത്രോപിക്കിനെതിരായ സർക്കാർ നടപടികൾ തങ്ങളുടെ ഭാവി എൈ മോഡലുകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഓപ്പൺഎഐയ്ക്കുണ്ടായിരുന്നു. അതിനിടെയാണ് GPT-5.6 പുറത്തിറക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം രംഗത്തെത്തിയിട്ടുള്ളത്.

Gemini 3.5 Pro ലോഞ്ച് വൈകിപ്പിക്കാൻ ഗൂഗിൾ

അതിനിടെ, ടെക് ഭീമനായ ഗൂഗിളും Gemini 3.5 Pro എഐ മോഡലിന്റെ ലോഞ്ച് വൈകിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ മോഡൽ അടുത്തമാസം പുറത്തിറക്കുമെന്നാണ് കമ്പനിയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസിൽ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞിരുന്നത്. എന്നാൽ, ലോഞ്ച് ഗൂഗിൾ ജൂണിൽ നിന്ന് ജൂലായിലേക്ക് മാറ്റുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇതിന് പിന്നിലും സർക്കാർ ഇടപെടലുണ്ടോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ടെസ്റ്റർമാരിൽ നിന്ന് കൂടുതൽ ഫീഡ്ബാക്ക് ശേഖരിക്കാനും അതിനെ മെച്ചപ്പെടുത്താനും വേണ്ടിയാണ് കമ്പനി അടുത്ത Gemini മോഡലിന്റെ ലോഞ്ച് വൈകിപ്പിക്കുന്നതെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.

മെയ് മാസത്തെ I/O ഇവന്റിൽ Gemini 3.5 Pro ഗൂഗിൾ പ്രിവ്യൂ ചെയ്തിരുന്നു. എന്നാൽ മോഡൽ പുറത്തിറക്കാൻ തയ്യാറായിട്ടില്ലെന്നാണ് അന്ന് പറഞ്ഞത്. Gemini 3.5 Pro ഇതിനകം തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ഗൂഗിൾ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: US government orders OpenAI to stagger the release of GPT-5.6., Anthropic restricts access to Mythos 5 and Fable 5 due to national security., Alibaba accused of unauthorized data distillation from Anthropic's Claude., Google postpones Gemini 3.5 Pro release to July 2026 for further refinements., Key AI research talent shifts between Google, OpenAI, and Anthropic.