ജെമിനി 3- യില്‍ വിറച്ച് ഓപ്പണ്‍ എഐ, Code Red പ്രഖ്യാപിച്ച് ഓള്‍ട്ട്മാന്‍, പുതിയ Garlic LLM ഒരുങ്ങുന്നു

ഗൂഗിളിന്റെ ജെമിനി 3 എഐ മോഡലിന് ആഗോളതലത്തിലുണ്ടായ വന്‍ സ്വീകാര്യതയില്‍ നടുങ്ങി കമ്പനിയില്‍ കോഡ് റെഡ് എന്ന പേരില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സാം ഓള്‍ട്ട്മാന്‍. കമ്പനിയുടെ സര്‍വശക്തിയും ചാറ്റ് ജിപിടിയിലേക്ക് കേന്ദ്രീകരിക്കാനാണ് ഓള്‍ട്ട്മാന്റെ നിര്‍ദേശം. അതിനിടെയാണ് ഓപ്പണ്‍ എഐ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ വികസിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഗാര്‍ലിക് എന്ന് കോഡ് നാമം നല്‍കിയ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ കോഡിങിലും റീസണിങ് കഴിവുകളിലും എതിരാളികളെ മറികടക്കുന്നതാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗൂഗിളില്‍ നിന്നും ആന്ത്രോപിക്കില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് ഓപ്പണ്‍ എഐ ഇപ്പോള്‍ നേരിടുന്നത്.
ബയോമെഡിസിന്‍, ആരോഗ്യപരിപാലനം പോലുള്ള വാണിജ്യ മേഖലകളെ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമാണ് ഗാര്‍ലിക് എല്‍എല്‍എം എന്നാണ് സൂചന. ജനറലിസ്റ്റ് എഐയില്‍ നിന്ന് പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യലൈസ്ഡ് എഐ സംവിധാനങ്ങളിലേക്കുള്ള മാറ്റമായിരിക്കും ഗാര്‍ലിക് എല്‍എല്‍എം എന്നും വിലയിരുത്തപ്പെടുന്നു.
കോഡിങ്, റീസണിങ് കഴിവുകളില്‍ ഈ മോഡല്‍ ഗൂഗിള്‍ ജെമിനി 3, ആന്ത്രോപികിന്റെ ക്ലോഡ് ഓപസ് 4.5 എന്നിവയേക്കാള്‍ മികവ് പുലര്‍ത്തുന്നുണ്ടെന്നാണ് കമ്പനി ആഭ്യന്തര വലിയരുത്തലെന്ന് ഓപ്പണ്‍ എഐ ചീഫ് റിസര്‍ച്ച് ഓഫീസര്‍ മാര്‍ക്ക് ചെന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞതായി ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാര്‍ലിക് എല്‍എല്‍എം എന്ന എഐ മോഡലിനെ ജിപിടി 5.2 എന്ന പേരിലോ, ജിപിടി 5.5 എന്ന പേരിലോ 2026 തുടക്കത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുന്‍പ് ചാറ്റ്ജിപിടിയുടെ അരങ്ങേറ്റം ഗൂഗിളിനെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യങ്ങള്‍ നാടകീയമായി മാറിമറിയുന്ന കാഴ്ചയാണ് ടെക് ലോകത്ത് കാണുന്നത്. ചാറ്റ്ജിപിടിയുടെ മത്സരക്ഷമത മോശമാകുന്ന സാഹചര്യത്തില്‍ അത് മെച്ചപ്പെടുത്തുന്നതിനായി മറ്റു ജോലികള്‍ നിര്‍ത്തിവെക്കാന്‍ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ജെമിനി 3 പ്രകടനത്തിലും വിപണി വിഹിതത്തിലും മുന്നേറുന്നതിനിടെയാണിത്. ഓപ്പണ്‍എഐയുടെ ആഭ്യന്തര ജാഗ്രതാ സാഹചര്യം 'കോഡ് ഓറഞ്ചില്‍' നിന്ന് 'കോഡ് റെഡിലേക്ക്' അദ്ദേഹം ഉയര്‍ത്തി. നിലനില്‍പ്പിനെ ബാധിക്കുന്ന ഭീഷണികളുമായി ബന്ധപ്പെട്ട് കമ്പനി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അടിയന്തര മുന്നറിയിപ്പാണിത്.
Content Highlights: OpenAI is developing `Garlic`, a new AI model poised to outperform rivals in coding and reasoning, challenging Google Gemini 3 & Anthropic Claude. Learn more!