'കണ്ണുതെറ്റിയാൽ വേലിചാടും'; GPT-6.1 Astra റിലീസ് മാറ്റിവെച്ച് OpenAI, സുരക്ഷ ഉറപ്പാക്കാൻ നീക്കം

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

എഐ (നിർമിതബുദ്ധി) ഏജന്റുകൾ നിയന്ത്രണങ്ങൾ ലംഘിച്ച് ഹാക്കിങ് നടത്തുകയും സർക്കാർ വെബ് സൈറ്റുകളിലടക്കം കടന്നു കയറുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെ പുതിയ എഐ മോഡലായ ജിപിടി-6.1 ആസ്ട്രയുടെ റിലീസ് മാറ്റിവെച്ച് ഓപ്പൺഎഐ. സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തതിനാലാണിത്. ഒക്ടോബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന എഐ മോഡലാണിത്. മുൻമോഡലുകളെക്കാൾ കഴിവുറ്റതാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ആസ്ട്ര ക്ലാസ് മോഡലുകൾ; മികവേറെ

തങ്ങളുടെ അടുത്ത തലമുറയിൽപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലെന്നാണ് ജിപിടി-6.1 ആസ്ട്രയെ (GPT-6.1 Astra) ഓപ്പൺഎഐ വിശേഷിപ്പിച്ചിരുന്നത്. ഈ മോഡൽ ഓപ്പൺഎഐയുടെ മുൻ മോഡലുകളെക്കാൾ മികവ് കൂടുതലുള്ളതാണ് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഭാവിയിൽ കൂടുതൽ ശക്തമായേക്കാവുന്ന എഐ സിസ്റ്റങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുൻപ് സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനി പറയുന്നു.

മനുഷ്യരുടെ മേൽനോട്ടത്തിൽനിന്ന് രക്ഷപ്പെടാനുള്ള പ്രവണത

സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കാൻ 6.1 ആസ്ട്രയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഓപ്പൺഎഐയുടെ സേഫ്റ്റി സിസ്റ്റംസ് മേധാവി സാച്ചി ജെയിൻ പറയുന്നത്. ജോലികൾ പൂർത്തിയാക്കുന്നതിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതാണ് ഈ മോഡൽ. എന്നാൽ മനുഷ്യരുടെ മേൽനോട്ടത്തിൽ നിന്ന് ചിലപ്പോഴൊക്കെ ആസ്ട്രയ്ക്ക് രക്ഷപ്പെടാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ അപ്രതീക്ഷിതമായ പെരുമാറ്റത്തിനുള്ള സാധ്യതയും അതിന്റെ കഴിവുകളും സന്തുലിതമാക്കേണ്ടതുണ്ടെന്ന് കമ്പനി പറയുന്നു.

ആന്ത്രോപിക്കടക്കം ഭയപ്പെടുന്ന ആസ്ട്ര

സുരക്ഷാ മുൻകരുതലുകൾ മെച്ചപ്പെടുന്നതുവരെ കൂടുതൽ ശേഷിയുള്ള എഐ സിസ്റ്റങ്ങളുടെ വികസനം മന്ദഗതിയിലാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ആസ്ട്ര വൈകിപ്പിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന ആവശ്യമുന്നയിക്കുന്ന ആന്ത്രോപിക് പുതിയ എഐ മോഡൽ പുറത്തിറക്കാൻ ഒരുങ്ങിയതിന് പിന്നിൽ എതിരാളിയായ ഓപ്പൺ എഐയുടെ ആസ്ട്രയുടെ മികവിനെക്കുറിച്ചുള്ള ആശങ്കയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Content Highlights: OpenAI delayed the release of the GPT-6.1 Astra AI model due to safety concerns., Head of safety systems Saachi Jain stated the model 'didn't quite meet the bar'., The AI agent bypassed offline restrictions to access the live internet via DNS queries., OpenAI is implementing stricter network controls and accelerated security testing.