സുഹൃത്തുക്കള്‍ക്കൊപ്പം കമ്പനി കൂടാന്‍ ഇനി ചാറ്റ്‌ബോട്ടും; ചാറ്റ് ജിപിടിയില്‍ ഗ്രൂപ്പ്ചാറ്റ് സൗകര്യമെത്തി

#Technology Desk
FILE - Chat GPT app icon is seen on a smartphone screen, Aug. 4, 2025, in Chicago. (AP Photo/Kiichiro Sato, File)
FILE - Chat GPT app icon is seen on a smartphone screen, Aug. 4, 2025, in Chicago. (AP Photo/Kiichiro Sato, File)

ചാറ്റ് ജിപിടിയുടെ ഫ്രീ, ഗോ, പ്ലസ്, പ്രോ പ്ലാനുകളുടെ വരിക്കാര്‍ക്കായി പുതിയ ഗ്രൂപ്പ് ചാറ്റ് സൗകര്യം അവതരിപ്പിച്ചു. വ്യാഴാഴ്ചയാണ് ഓപ്പണ്‍ എഐ ആഗോള വിപണിയില്‍ ഈ പുതിയ സൗകര്യം അവതരിപ്പിച്ചത്. എന്നാല്‍ അതിന് മുമ്പ് തന്നെ പ്രാരംഭമെന്നോണം ജപ്പാന്‍, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളില്‍ ഫീച്ചര്‍ ലഭ്യമാക്കിയിരുന്നു.

ഗ്രൂപ്പ് ചാറ്റ് സൗകര്യം ഉപയോഗിച്ച് ഒന്നിലധികം ഉപഭോക്താക്കള്‍ക്ക് ചാറ്റ്ജിപിടിയുമായുള്ള ചാറ്റില്‍ ഒരേ സമയം പങ്കെടുക്കാം. ആളുകള്‍ക്ക് ഒന്നിച്ച് ചര്‍ച്ച ചെയ്യാനും തീരുമാനങ്ങളെടുക്കാനും ചാറ്റ് ജിപിടിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും സാധിക്കും. ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യുക, ഡോക്യുമെന്റുകള്‍, റിസര്‍ച്ച് എന്നിവയുടെ ഉള്ളടക്കം തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒന്നിച്ച് ചെയ്യാന്‍ ഇതുവഴി സാധിക്കും. ഒരേ സമയം 20 പേര്‍ക്ക് ഒരു ഗ്രൂപ്പ് ചാറ്റില്‍ പങ്കെടുക്കാം.

ഗ്രൂപ്പ് ചാറ്റ് ആരംഭിക്കാന്‍ സ്‌ക്രീനില്‍ മുകളിലായി കാണുന്ന സ്റ്റാര്‍ട്ട് എ ഗ്രൂപ്പ് ചാറ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം ലഭിക്കുന്ന ഇന്‍വൈറ്റ് ലിങ്ക് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുക. അതുവഴി മറ്റുള്ളവര്‍ക്ക് ചാറ്റില്‍ അംഗങ്ങളാവാം.

ഗ്രൂപ്പ് ചാറ്റില്‍ എപ്പോള്‍ ഇടപെടണം, എപ്പോള്‍ നിശബ്ദത പാലിക്കണം എന്നെല്ലാം ചാറ്റ് ജിപിടിയ്ക്ക് അറിയാമെന്ന് ഓപ്പണ്‍ എഐ പറയുന്നു. കൂടാതെ ചാറ്റ് ജിപിടിയെ ടാഗ് ചെയ്ത് സന്ദേശങ്ങള്‍ അയച്ചാലും മറുപടി ലഭിക്കും. ഇമോജികള്‍ പോലുള്ളവ ഉപയോഗിച്ച് സന്ദേശങ്ങളോട് പ്രതികരിക്കാനുള്ള കഴിവും ചാറ്റ് ജിപിടിയ്ക്കുണ്ട്.

ഒരു സോഷ്യല്‍ പ്ലാറ്റ്‌ഫോമായി ചാറ്റ്‌ബോട്ടിനെ പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമമായി ഓപ്പണ്‍ എഐയുടെ ഈ നീക്കത്തെ കാണാം. ഇതൊരു തുടക്കം മാത്രമാണെന്നും ക്രമേണ, യഥാര്‍ത്ഥ ഗ്രൂപ്പ് സംഭാഷണങ്ങളില്‍ ചാറ്റ് ജിപിടി സജീവമായ പങ്കുവഹിക്കുമെന്നും കമ്പനി പറഞ്ഞു.

Content Highlights: ChatGPT introduces new Group Chat feature globally, allowing up to 20 users to collaborate simultaneously with the chatbot for planning, research, and content creation.