എന്ന് വീട് വാങ്ങാൻ കഴിയും? ChatGPT പറഞ്ഞുതരും; ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാൽമതി

പുതിയ പേഴ്‌സണൽ ഫിനാൻസ് ഫീച്ചർ അവതരിപ്പിച്ച് ചാറ്റ്ജിപിടി. ബാങ്ക് അക്കൗണ്ടുകൾ, ക്രെഡിറ്റ് കാർഡുകൾ, നിക്ഷേപവുമായി ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകൾ എന്നിവ ഉയോക്താക്കൾക്ക് ഇനി നേരിട്ട് ചാറ്റ്ജിപിടിയുമായി ബന്ധിപ്പിക്കാം. ഇതോടെ സാമ്പത്തികസ്ഥിതി സംബന്ധിച്ച വ്യക്തമായ ചിത്രം നിർമിതബുദ്ധി നൽകുമെന്നാണ് ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺഎഐ പറയുന്നത്.
നിലവിൽ, യുഎസിലെ Pro ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. പ്രതിമാസം 200 ഡോളർ വരിസംഖ്യയായി നൽകുന്നവരാണ് പ്രോ ഉപയോക്താക്കൾ. Plus ഉപയോക്താക്കൾക്ക് അടുത്ത ഘട്ടത്തിൽ ഈ ഫീച്ചർ ലഭിക്കും. പിന്നീട് എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാക്കുമെന്ന് ഓപ്പൺഎഐ പറയുന്നു.
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതോടെ നിങ്ങളുടെ പണം എവിടേക്കൊക്കെയാണ് പോകുന്നത് എന്നതിന്റെ വിശദാംശങ്ങൾ ഒരു ഡാഷ്‌ബോർഡിൽ ChatGPT കാണിച്ചുതരും. ചെലവുകൾ, നിക്ഷേപങ്ങൾ, സബ്‌സ്‌ക്രിപ്ഷനുകൾ, വരാനിരിക്കുന്ന പേയ്‌മെന്റുകൾ എല്ലാം ഒരിടത്ത് കാണാൻ കഴിയും. 12,000-ൽ അധികം സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത് സാധ്യമാക്കുന്നത്. പേഴ്‌സണൽ ഫിനാൻസ് സ്റ്റാർട്ടപ്പായ Hiro ഓപ്പൺഎഐ ഏറ്റെടുത്ത് ഒരു മാസത്തിന് ശേഷമാണ് ഈ ഫീച്ചർ വരുന്നത്. ഹിറോയുടെ ടീമാണ് ഇത് വികസിപ്പിക്കാൻ സഹായിച്ചത്.
വ്യക്തിഗതമായ ചോദ്യങ്ങൾ ഉപയോക്താക്കൾക്ക് നിർമിതബുദ്ധിയോട് ചോദിക്കാൻ കഴിയും. സാധാരണയേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നുണ്ടോ ? അഞ്ച് വർഷത്തിനുള്ളിൽ ഒരു വീട് വാങ്ങാൻ കഴിയുമോ എന്നൊക്കെ ചോദിച്ചാൽ കൃത്യമായ ഉത്തരം ലഭിക്കുമെന്നാണ് അവകാശവാദം. പേഴ്‌സണൽ ഫിനാൻസുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ചോദ്യങ്ങൾ പോലും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് OpenAI പറയുന്നു.
ബാങ്ക് ബാലൻസ്, ഇടപാടുകൾ, നിക്ഷേപങ്ങൾ, സാമ്പത്തിക ബാധ്യതകൾ എന്നിവ ChatGPT-ക്ക് മനസിലാക്കാൻ കഴിയും. പക്ഷെ പണം കൈമാറാനോ പൂർമായ അക്കൗണ്ട് നമ്പർ കാണാനോ കഴിയില്ല. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചത് പിന്നീട് ഒഴിവാക്കുകയാണെങ്കിൽ സിങ്ക് ചെയ്ത ഡേറ്റ 30 ദിവസത്തിനുള്ളിൽ മായ്ക്കപ്പെടും.
ഈ ഫീച്ചർ ഉപയോക്താക്കളുടെ സ്വകാര്യത എത്രത്തോളം സംരക്ഷിക്കുമെന്ന് വ്യക്തമല്ല. ഉപയോക്താക്കളുടെ സംഭാഷണങ്ങളും വ്യക്തിഗത വിവരങ്ങളും മെറ്റയും ഗൂഗിളും അടക്കമുള്ള കമ്പനികളുമായി ഓൺലൈൻ ട്രാക്കിംഗ് സാങ്കേതികവിദ്യയിലൂടെ പങ്കിട്ടുവെന്ന ആരോപണത്തെത്തുടർന്ന് ഓപ്പൺഎഐ അമേരിക്കയിൽ കേസ് നേരിടുകയാണ്. ട്രാക്കിംഗ് കോഡുകൾ ചാറ്റ്ജിപിടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഉപയോക്തൃ ഡേറ്റ മറ്റു കമ്പനികളിലേക്ക് കൈമാറിയെന്നുമാണ് ആരോപണം.
ചാറ്റ്ജിപിടിയുമായുമായുള്ള സംഭാഷണങ്ങൾ സ്വകാര്യമാണെന്ന് വിശ്വസിച്ച് പല ഉപയോക്താക്കളും വ്യക്തിഗത, സാമ്പത്തിക, ആരോഗ്യ വിവരങ്ങൾ ചാറ്റ്‌ബോട്ടുമായി പങ്കിട്ടതായി പരാതിക്കാർ ആരോപിക്കുന്നു. എന്നാൽ പല വെബ്‌സൈറ്റുകളും സമാനമായ ട്രാക്കിങ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനാൽ കേസ് നിലനിൽക്കുമോ എന്നകാര്യം സംശയമാണെന്ന് നിയമവിദഗ്ധരടക്കം ചൂണ്ടിക്കാട്ടുന്നു. ഉപയോക്താക്കളുടെ വിവരങ്ങൾ പരസ്യ പങ്കാളികൾ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികളുമായി പങ്കിടാൻ സാധ്യതയുണ്ടെന്ന് ഓപ്പൺഎഐയുടെ സ്വകാര്യതാ നയം വിശദീകരിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: ChatGPT introduces personal finance integration for US Pro users., Dashboard connects to 12,000+ institutions via Plaid for spending and investment tracking., Powered by GPT-5.5 Thinking model for advanced financial reasoning., New class-action lawsuit alleges unauthorized data sharing with Meta and Google., Privacy concerns raised regarding sensitive user information in AI interactions.