കുതിച്ചുയര്‍ന്ന് ചിപ്പ് കമ്പനിയുടെ വിപണിമൂല്യം, ടെക് ഭീമന്മാരെല്ലാം പിന്നില്‍; സംഭവിക്കുന്നതെന്ത് ?

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനിയായി മാറാനൊരുങ്ങി ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ. കമ്പനിയുടെ വിപണിമൂല്യം കഴിഞ്ഞവാരം 3.92 ട്രില്യണ്‍ ഡോളര്‍ എന്ന ഞെട്ടിപ്പിക്കുന്ന നിലയിലെത്തി. നിര്‍മിതബുദ്ധി (എഐ) യിലുള്ള ഓഹരിവിപണിയുടെ ശുഭാപ്തിവിശ്വാസമാണ് ഈ മുന്നേറ്റത്തിന് കാരണം. കമ്പനിയുടെ ഏറ്റവും പുതിയ ചിപ്പുകള്‍ ഏറ്റവും വലിയ എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്‍വിഡിയയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ് സൃഷ്ടിക്കുന്നുത് ഇതാണ്.
ആപ്പിള്‍ നേടിയ മുന്‍ റെക്കോര്‍ഡ് ക്ലോസിംഗ് മൂല്യമായ 3.915 ട്രില്യണ്‍ ഡോളറിനെ മറികടന്ന് എന്‍വിഡിയ തങ്ങളുടെ വിപണി മൂല്യം ഉയര്‍ത്തി മുന്നേറുകയാണ്. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍, 3.7 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി മൈക്രോസോഫ്റ്റ് രണ്ടാം സ്ഥാനത്തും 3.19 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി ആപ്പിള്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തുമാണ്.
മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ, ആല്‍ഫബെറ്റ് (ഗൂഗിള്‍), ടെസ്ല തുടങ്ങിയ ടെക് ഭീമന്മാര്‍ക്കിടയിലെ മത്സരമാണ് എന്‍വിഡിയയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് വളമാകുന്നത്. ഇവര്‍ക്ക് അത്യാധുനിക എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കാനും എഐ സാങ്കേതികവിദ്യയില്‍ മുന്നേറാനും എന്‍വിഡിയയുടെ സ്‌പെഷ്യലൈസ്ഡ് ചിപ്പുകള്‍ക്ക് അത്യാവശ്യമാണ്. ഈ സാഹചര്യം എന്‍വിഡിയ ചിപ്പുകളുടെ ഡിമാന്‍ഡ് വന്‍തോതില്‍ വര്‍ധിപ്പിച്ചു.
വീഡിയോ ഗെയിമുകള്‍ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത ചിപ്പുകളില്‍ ആദ്യകാലത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എന്‍വിഡിയയുടെ വിപണിമൂല്യം കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് ഏകദേശം എട്ടിരട്ടിയായി കുതിച്ചുയര്‍ന്നത്. 2021-ല്‍ 500 ബില്യണ്‍ ഡോളര്‍ ആയിരുന്നത് ഏതാണ്ട് 4 ട്രില്യണ്‍ ഡോളര്‍ എന്ന നിലയിലെത്തി. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം 2025-ല്‍ എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്ങിന്റെ ആസ്തി 25 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 139 ബില്യണ്‍ ഡോളറിലെത്തി.
Content Highlights: Nvidia surpasses Apple`s market cap, becoming a trillion-dollar AI giant