NVIDIA സിഇഒയ്ക്ക് ഒറ്റദിവസംകൊണ്ട് നഷ്ടമായത് 1510 കോടി ഡോളർ, 10 അതിസമ്പന്നരുടെ പട്ടികയിൽനിന്ന് പുറത്തായി

ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 ശതകോടീശ്വരന്മാരുടെ പട്ടികയിൽനിന്ന് പുറത്തായി മുൻനിര ചിപ്പ് നിർമാണക്കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൺ ഹുവാങ്. യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ വൻ വിജയത്തെത്തുടർന്ന് കമ്പനിയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞതോടെയാണിത്. ടെക് ശതകോടീശ്വരന് ഒറ്റ ദിവസംകൊണ്ട് ഏകദേശം 15.1 ബില്യൺ (1510 കോടി) ഡോളർ നഷ്ടപ്പെട്ടു. ഇതോടെ ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡെക്സിൽ ഒമ്പതാം സ്ഥാനത്തുണ്ടായിരുന്ന അദ്ദേഹം 13-ാം സ്ഥാനത്തേക്കെത്തി.
ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിനേറ്റ തിരിച്ചടി നേരിട്ട് ബാധിച്ചത് ജെൻസൻ ഹുവാങ്ങിനെ മാത്രമല്ല. ടെസ്ല സിഇഒ ഇലോൺ മസ്ക്, ഒറാക്കിൾ സ്ഥാപകൻ ലാറി എലിസൺ എന്നിവർക്കും കനത്ത തിരിച്ചടി നേരിട്ടു. ഇവർക്ക് യഥാക്രമം 79.7 ബില്യൺ ഡോളറും 10.1 ബില്യൺ ഡോളറുമാണ് നഷ്ടപ്പെട്ടത്.
യുഎസിലെ നിർമിതബുദ്ധി (എഐ) മുന്നേറ്റത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചതിനെത്തുടർന്നാണ് എൻവിഡിയയും മറ്റ് പ്രമുഖ ടെക് കമ്പനികളും വലിയ തിരിച്ചടി നേരിട്ടത്. നവംബർ 5-ന് ഒറ്റ ദിവസംകൊണ്ട് നാസ്ഡാക് 100 സൂചികയിൽ നിന്ന് 2.5 ട്രില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് ഇല്ലാതായത്.
വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ എൻവിഡിയ, എഎംഡി തുടങ്ങിയ പ്രമുഖ ടെക് കമ്പനികളുടെ ഓഹരികളിൽ യഥാക്രമം 9 ശതമാനം, 17 ശതമാനം എന്നിങ്ങനെയാണ് ഇടിവുണ്ടായത്. ആപ്പിളിനെ പിന്തള്ളി ലോകത്തെ ഏറ്റവും മൂല്യം കണക്കാക്കപ്പെടുന്ന കമ്പനിയെന്ന പദവി ഈ ആഴ്ചയുടെ തുടക്കത്തിൽ വീണ്ടെടുത്ത എൻവിഡിയയുടെ വിപണി മൂല്യം 5.02 ട്രില്യൺ ഡോളറിലെത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്. പിന്നാലെയാണ് മൂല്യത്തിലെ ഇടിവ്.
ഡാറ്റാ സെന്റർ ആശങ്കകൾ
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ ശക്തമായ മുന്നേറ്റം പുതിയ എഐ ഡാറ്റാ സെന്ററുകളുടെ നിർമ്മാണം മന്ദഗതിയിലാക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ടെക്സസ് ഉൾപ്പെടെയുള്ള അധികാരത്തിൽ വരാനിരിക്കുന്ന നിരവധി ഡെമോക്രാറ്റിക് ഗവർണർമാർ ഡാറ്റാ സെന്റർ നിർമ്മാണത്തിന് ഉടനടി നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നവരാണ്. ഡാറ്റാ സെന്ററുകൾക്ക് വലിയ അളവിൽ വൈദ്യുതിയും വെള്ളവും ആവശ്യമാണ്. ഇത് പവർ ഗ്രിഡുകളിലും പ്രാദേശിക ജല ലഭ്യതയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക അമേരിക്കൻ സമൂഹത്തിൽ വ്യാപകമായി ഉയർന്നിട്ടുണ്ട്.
Content Highlights: Nvidia CEO Jensen Huang lost $15.1 billion in a single day, dropping to 13th on the Bloomberg Billionaires Index., The Nasdaq 100 erased $2.5 trillion in market value following Democratic victories in US midterm elections., Concerns over AI infrastructure spending, energy demands, and potential data center moratoriums triggered the tech sell-off.