വിപണി മേധാവിത്തം തകരാതിരിക്കാന്‍ ശ്രമം, ക്വാണ്ടം കംപ്യൂട്ടിങ് ലാബ് ആരംഭിക്കുമെന്ന് എന്‍വിഡിയ മേധാവി

Jensen Huang | Photo: Gettyimages
Jensen Huang | Photo: Gettyimages

മുന്‍നിര ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയ ബോസ്റ്റണില്‍ ക്വാണ്ടം കംപ്യൂട്ടിങ് ലാബ് ആരംഭിക്കാന്‍ പദ്ധതിയിടുന്നു. അവിടെ ഹാര്‍വാര്‍ഡ് സര്‍വകലാശാല, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായി എന്‍വിഡിയ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മേധാവി ജെന്‍സെന്‍ ഹുവാങ് പറഞ്ഞു. എന്‍വിഡിയയുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാണ്ടം കംപ്യൂട്ടിങില്‍ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണത്തെ എന്‍വിഡിയ ഡെവലപ്പര്‍ കോണ്‍ഫറന്‍സ്.

എന്‍വിഡിയ ആക്‌സലറേറ്റഡ് ക്വാണ്ടം റിസര്‍ച്ച് സെന്റര്‍ (എന്‍വിഎക്യുസി) എന്ന് പേരിട്ടിരിക്കുന്ന ഈ ഗവേഷണ കേന്ദ്രം ക്വാണ്ടിനം, ക്വാണ്ടം മെഷീന്‍സ്, ക്യുഇറ കംപ്യൂട്ടിങ് എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഹുവാങ് പറഞ്ഞു. 

ജനുവരിയില്‍ ക്വാണ്ടം കംപ്യൂട്ടിങ് യാഥാര്‍ത്ഥ്യമാകാന്‍ 20 വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ജെന്‍സെന്‍ ഹുവാങ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍  ക്വാണ്ടം കംപ്യൂട്ടിങ് രംഗത്തെ വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ചര്‍ച്ചയ്ക്കിടെ അദ്ദേഹം ഈ നിലപാടില്‍ നിന്ന് പിന്നോട്ടടിച്ചു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുവിഭാഗം ആളുകള്‍ വിശ്വസിക്കുന്ന ഒരു ഏകദേശ കാലയളവ് മാത്രമാണ് 20 വര്‍ഷമെന്ന് അദ്ദേഹം പറഞ്ഞു. ജനുവരിയിലെ ഹുവാങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ക്വാണ്ടം കംപ്യൂട്ടിങ് സ്റ്റോക്കുകള്‍ പ്രതിസന്ധിയിലായിരുന്നു.

എന്‍വിഡിയയെ സംബന്ധിച്ചിടത്തോളം ക്വാണ്ടം കംപ്യൂട്ടിങ് രംഗത്തിന്റെ വികാസം ഏറെ ഗുണകരമാണ്. കാരണം ക്വാണ്ടം കംപ്യൂട്ടറുകള്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെല്ലാം നടക്കുന്നത് നിലവിലുള്ള ശക്തിയേറിയ ചിപ്പുകളിലാണ്. അവയെല്ലാം തന്നെ എന്‍വിഡിയയുടേതാണ്. ഇതിന് പുറമെ ക്വാണ്ടം കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തിന് ഒരു പരമ്പരാഗത കംപ്യൂട്ടറിന്റെ പിന്തുണയും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

ഈ സാധ്യത മുന്നില്‍ കണ്ട് ക്വാണ്ടം കംപ്യൂട്ടിങ് ചിപ്പുകളും ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകളും സമന്വയിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 

Content Highlights: Nvidia is opening a quantum computing lab in Boston, collaborating with Harvard and MIT.