ആണവ സംഘര്‍ഷങ്ങള്‍ കൃഷി പൂര്‍ണമായും ഇല്ലാതാക്കും, അതിജീവനത്തിന് മാര്‍ഗം നിര്‍ദേശിച്ച് ഗവേഷകര്‍

രാജ്യങ്ങള്‍ ആണവ ഭീഷണി മുഴക്കുന്നത് തുടരുന്നതിനിടെ അത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് മനുഷ്യന്റെ അതിജീവനത്തെ എങ്ങനെ ബാധിക്കുമെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍. ആണവയുദ്ധത്തിന് ശേഷം സംഭവിച്ചേക്കാവുന്ന ഭയപ്പെടുത്തുന്ന കാലാവസ്ഥാ സാഹചര്യമായ ആണവ ശിശിരകാലം ചൂണ്ടിക്കാട്ടിയാണ് ഗവേഷകര്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നത്.
അത്തരമൊരു സാഹചര്യത്തില്‍ തീക്കാറ്റുകളില് നിന്നുള്ള വലിയ അളവിലുള്ള പുകയും കരിയും അന്തരീക്ഷത്തെ ശ്വാസം മുട്ടിക്കുകയും സൂര്യപ്രകാശത്തെ ഗണ്യമായി തടയുകയും ആഗോള താപനില കുത്തനെ കുറയ്ക്കുകയും ചെയ്യും. ഈ പാരിസ്ഥിതിക ദുരന്തം ഭൂമിയിലെ മിക്കവാറും കൃഷിയെ ഇല്ലാതാക്കാന്‍ ഇടയാക്കുമെന്നാണ് പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രസംഘത്തിന്റെ ഏറ്റവും പുതിയ പ്രവചനം.
അഡ്വാന്‍സ്ഡ് സൈക്കിള്‍സ് അഗ്രോ ഇക്കോസിസ്റ്റം മോഡല്‍ ഉപയോഗിച്ച് ഗവേഷകര്‍ ആറ് വ്യത്യസ്ത ആണവയുദ്ധ സാഹചര്യങ്ങളിലെ ചോളത്തിന്റെ ഉത്പാദനം സിമുലേറ്റ് ചെയ്തു. ഓരോ സാഹചര്യത്തിലും വ്യത്യസ്ത അളവിലുള്ള കരിയാണ് സ്ട്രാറ്റോസ്ഫിയറിലേക്ക് പുറന്തള്ളപ്പെട്ടത്. ചെറിയ പ്രാദേശിക യുദ്ധങ്ങളില്‍ 55 ലക്ഷം ടണ്‍ കരി ആകാശത്തേക്ക് അയക്കുന്നത് മുതല്‍ ഭൂഖണ്ഡങ്ങളെയാകെ മൂടുന്ന ആഗോള സംഘര്‍ഷങ്ങളില്‍ 165 മില്യണ്‍ ടണ്‍ വരെ പുറന്തള്ളുന്നത് വരെയുള്ള സാഹചര്യങ്ങള്‍ ഇത്തരത്തില്‍ സൃഷ്ടിച്ചു.
ആഗോള ആണവയുദ്ധം വാര്‍ഷിക ചോള ഉല്‍പ്പാദനത്തില്‍ 80 ശതമാനം കുറവുണ്ടാക്കുമെന്ന് പഠനം നടത്തിയ ഗവേഷകര്‍ പ്രവചിക്കുന്നു. ഇതൊരു കാര്‍ഷിക തകര്‍ച്ചയ്ക്കാവും വഴിവെക്കുക. ഇത് ഭക്ഷ്യസുരക്ഷയ്ക്കും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇതിനുപുറമെ ആണവ സ്ഫോടനങ്ങള്‍ മൂലമുണ്ടാകുന്ന ഓസോണ്‍ നാശം കാരണം വര്‍ധിക്കുന്ന ഡഢആ വികിരണം ഉല്‍പ്പാദനത്തില്‍ ഏഴ് ശതമാനംകൂടി കുറവുണ്ടാക്കാന്‍ കാരണമാകും. അങ്ങനെ ഏറ്റവും മോശം സാഹചര്യത്തില്‍ ചോള ഉല്‍പ്പാദനത്തില്‍ മൊത്തം 87 ശതമാനം ഇടിവുണ്ടാകും.
ആണവ ശിശിരകാലം ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്നേക്കാം. ഇത് മരവിപ്പിക്കുന്ന ആഗോള താപനിലയ്ക്കും സൂര്യപ്രകാശം ഗണ്യമായി കുറയുന്നതിനും കാരണമാകും. ഇത് ചോളത്തിന് മാത്രമല്ല, ലോകത്തിലെ മിക്ക പ്രധാന ഭക്ഷ്യവിളകളുടെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ കൃഷിക്കാലങ്ങളെ ഇല്ലാതാക്കും. ഉത്തരാര്‍ദ്ധഗോളത്തില്‍, പല പ്രദേശങ്ങളിലും മാസങ്ങളോളം മുതല്‍ വര്‍ഷങ്ങളോളം വരെ പൂജ്യത്തിന് താഴെയുള്ള താപനില അനുഭവപ്പെടും. ഇത് കൃഷി അസാധ്യമാക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പോലും, അതിജീവനശേഷിയുള്ള സസ്യങ്ങളും വന്യമായ ഭക്ഷ്യ സ്രോതസുകളും മാത്രമേ നിലനില്ക്കാന് സാധ്യതയുള്ളൂ. അതും മുന്‍കാല വിളവിന്റെ ഒരു ചെറിയ അംശം മാത്രം. ഈ സാഹചര്യത്തില്‍ മുന്‍കൂട്ടിയുള്ള നടപടികള്‍ക്കാണ് ഗവേഷക സംഘം ആഹ്വാനം ചെയ്യുന്നത്. കാര്‍ഷിക അതിജീവന കിറ്റുകളാണ് മാനവരാശിയുടെ അതിജീവനത്തിനുള്ള മാര്‍ഗമായി അവര്‍ നിര്‍ദേശിക്കുന്നത്.
പ്രത്യേക കാലാവസ്ഥാ സാഹചര്യത്തെ അതിജീവിക്കാന്‍ കഴിവുള്ള പ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ വിത്തുകളുടെ ശേഖരമാണിത്. അത്തരം കിറ്റുകള്‍ യുദ്ധാനന്തര അസ്ഥിരതയുടെ വര്‍ഷങ്ങളില്‍ ഭക്ഷ്യോത്പാദനം സ്ഥിരപ്പെടുത്താന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളും വിതരണ ശൃംഖലകളും പുനഃസ്ഥാപിക്കപ്പെടുന്നതുവരെ അതിജീവനത്തിനുള്ള ഒരു അവസരം ഉറപ്പാക്കും. എന്നിരുന്നാലും വിത്തുകളുടെ ലഭ്യതയിലെ തടസങ്ങളും അന്താരാഷ്ട്ര ഏകോപനത്തിലെ കുറവും ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. അതിജീവനശേഷി അത്യന്താപേക്ഷിതമാണ് അത് ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല ആഗോള ഭക്ഷ്യ സംവിധാനത്തിന് ഭീഷണിയാകുന്ന ഏത് സാഹചര്യത്തിലും ബാധകമാണെന്ന് അവര്‍ പറയുന്നു. മനുഷ്യനിര്‍മ്മിത സംഘര്‍ഷങ്ങള്‍ മുതല്‍ പ്രകൃതി ദുരന്തങ്ങള്‍ വരെയുള്ള ആഗോള ഭീഷണികള്‍ ഉയര്‍ന്നുവരുമ്പോള്‍ കൃഷിയെയും ഭക്ഷ്യസുരക്ഷയെയും സംരക്ഷിക്കുന്നത് അടിയന്തിരവും കൂട്ടായതുമായ ഒരു മുന്‍ഗണനയായി മാറണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു.
Content Highlights: Nuclear war could trigger a decade-long winter, decimating agriculture. Learn how scientists propose