വിലവിവരങ്ങള്‍ പുറത്ത്; നത്തിങ് സിഎംഎഫ് ഫോണ്‍ 1 ഇന്നെത്തും

പതിവ് പ്രചാരണരീതികളിലൂടെയാണ് നത്തിങ് തങ്ങളുടെ സി.എം.എഫ്. ബ്രാന്റിലുള്ള ആദ്യ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ജൂലായ് എട്ട് തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഫോണ്‍ പുറത്തിറക്കുക. അതുവഴി സി.എം.എഫ്. ഫോണ്‍ 1 വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നത്തിങ് ഫോണിന് സമാനമായി സവിശേഷമായ രൂപകല്‍പന ആയിരിക്കും സി.എം.എഫ്. ഫോണിനെന്നാണ് കമ്പനിയുടെ വിവിധ ടീസറുകള്‍ നല്‍കുന്ന സൂചന.
നത്തിങ് ഫോണുകളില്‍നിന്ന് വ്യത്യസ്തമായി വിലക്കുറവുള്ള മോഡലുകളായിരിക്കും സിഎംഎഫ് ഫോണുകള്‍. ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട് നേരത്തെ പലവിധ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫോണിന് ഏകദേശം 20,000 രൂപയോളം വിലയുണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പലതും. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നുമില്ല.
എന്നാല്‍, ഫ്‌ളിപ്കാര്‍ട്ടിന്റെ ഒരു പരസ്യ വീഡിയോയില്‍ല്‍ സിഎംഎഫ് ഫോണ്‍ 1 ന്റെ വില എത്രയാണെന്ന് വെളിപ്പെടുത്തിയതായി ഒരു എക്‌സ് ഉപഭോക്താവ് അവകാശപ്പെടുന്നു. @himawanth8 എന്നയാള്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ട് ശരിയാണെങ്കില്‍ 14,999 രൂപയായിരിക്കും ഫോണിന് വില. 17,999 രൂപയാണ് മാക്‌സിമം റീട്ടെയില്‍ പ്രൈസ് (എം,ആര്‍,പി,). ഫോണ്‍ ജൂലായ് 12 മുതല്‍ വില്‍പനയ്‌ക്കെത്തും.
എന്നാല്‍ 14,999 രൂപയ്ക്ക് മുകളില്‍ഒരു അസ്റ്റെറിസ്‌ക്ക് മാര്‍ക്ക് (നക്ഷത്ര ചിഹ്നം) നല്‍കിയിട്ടുണ്ട്. അതായത് ഓഫറുകളിലൂടെയും എക്‌സ്‌ചേഞ്ചിലൂടെയും വിലക്കിഴിവ് ലഭിച്ചാലുള്ള പരമാവധി തുകയായിരിക്കാം ഇത്.
സിഎംഎഫ് ഫോണ്‍ 1 - അനൗദ്യോഗികമായി പുറത്തുവന്ന വിവരങ്ങള്‍
6.7 ഇഞ്ച് ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേ ആയിരിക്കും സി.എം.എഫ്. ഫോണ്‍ 1 ന് എന്നാണ് റിപ്പോര്‍ട്ടുകള്‍. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സക്രീന്‍ ആയിരിക്കും ഇതിന്. മീഡിയ ടെക്ക് ഡൈമെന്‍സിറ്റി 7300 ചിപ്പ് സെറ്റ് ആയിരിക്കും ഇതില്‍ എന്ന് കരുതുന്നു. ഓപ്പോ റെനോ 12 പ്രോയിലുള്ളത് ഈ ചിപ്പ്‌സെറ്റാണ്. 5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. എന്നാല്‍ ഇവയൊന്നും കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഫോണിനൊപ്പം ചാര്‍ജര്‍ അഡാപ്റ്റര്‍ ഉണ്ടാവില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.
നത്തിങ്ങിന്റെ പതിവ് ശൈലിയിലുള്ള ട്രാന്‍സ്പാരന്റ് ഡിസൈനോടുകൂടിയ ഫോണ്‍ അല്ല സി.എം.എഫ്. വിവിധ നിറങ്ങളിലുള്ള പോളി കാര്‍ബണേറ്റ് ബാക്ക് പാനല്‍ ആയിരിക്കും ഇതിനെന്നാണ് ടിപ്പ്സ്റ്റര്‍മാര്‍ പറയുന്നത്. സി.എം.എഫ്. ലോഗോ, വെര്‍ട്ടിക്കല്‍ ഡ്യുവല്‍ ക്യാമറ, താഴെ ഒരു കോണിലായി ചെറിയ 'വീല്‍' എന്നിവയാണ് ഫോണിന്റെ പിന്‍ഭാഗത്തുള്ളത്.
ഈ വീലിന്റെ ഉപയോഗം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. വോളിയം നിയന്ത്രിക്കുന്നതിന് വേണ്ടിയായിരിക്കും ഇതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നത്തിങ് പുറത്തിറക്കിയ സി.എം.എഫ്. ബഡ്‌സ് എന്ന ഇയര്‍ബഡ്‌സിന്റെ കേയ്‌സിലും ഒരു കോണില്‍ സമാനമായ ഒരു വീല്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പ്രത്യേകിച്ച് ഉപയോഗം ഒന്നും ഉണ്ടായിരുന്നില്ല. ഒരു ഫിഡ്ജറ്റ് സ്പിന്നറിന് സമാനമായി കെയ്‌സ് കയ്യില്‍ കറക്കാന്‍ ഈ വീല്‍ വേണമെങ്കില്‍ ഉപയോഗിക്കാം. ഈ ഡിസൈന്‍ അനുകരിച്ചാണോ ഫോണിലും വീല്‍ ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമല്ല.
Content Highlights: nothing cmf phone 1 launch price details leaked