മിനിറ്റിൽ 1.5 ലക്ഷം ടിക്കറ്റുകൾ; പുതിയ IRCTC വെബ്‌സൈറ്റ് വരുന്നു, റിസർവേഷൻ സംവിധാനം അടിമുടി മാറും

അടുത്ത മാസം പുതിയ ഐ.ആർ.സി.ടി.സി. വെബ്‌സൈറ്റ് പുറത്തിറക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ജയ്പുരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എം.എൻ.ഐ.ടി.) വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് ജൂലായ് 15-ഓടെ പുതിയ ഐ.ആർ.സി.ടി.സി. വെബ്‌സൈറ്റ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചത്.
പുതിയ ഐ.ആർ.സി.ടി.സി. വെബ്‌സൈറ്റിൽ ഉപയോക്താക്കളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അത്യാധുനികവും വേഗമേറിയതുമായ ഫീച്ചറുകൾ ഉണ്ടാകുമെന്ന് ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ റെയിൽവേ റിസർവേഷൻ സംവിധാനം പരിഷ്കരിക്കുന്നു
40 വർഷത്തോളം പഴക്കമുള്ള പാസഞ്ചർ റിസർവേഷൻ സംവിധാനം (പി.ആർ.എസ്.) പരിഷ്കരിക്കുമെന്നും ഓഗസ്റ്റ് മുതൽ അത്യാധുനികമായ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നവീകരിക്കുമെന്നും കഴിഞ്ഞ മേയിൽ മന്ത്രി പ്രഖ്യാപിച്ചിരുന്നു.
2002-ലാണ് ഇന്ത്യൻ റെയിൽവേയുടെ ഇന്റർനെറ്റ് ടിക്കറ്റ് ബുക്കിങ് സേവനങ്ങൾ ആരംഭിച്ചത്. നിലവിൽ, രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ട്രെയിൻ ടിക്കറ്റുകളിൽ ഏകദേശം 88 ശതമാനവും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിൽക്കപ്പെടുന്നത്.
പുതിയ പി.ആർ.എസ്. സംവിധാനം ടിക്കറ്റ് ബുക്കിങ് ശേഷി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പി.ആർ.എസ്. സംവിധാനത്തിലൂടെ മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ് സാധ്യമാകുമെന്ന് കഴിഞ്ഞവർഷം റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിലവിലെ പി.ആർ.എസിൽ മിനിറ്റിൽ 32,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്യാനാവുക. ഇതിൽ നിന്ന് ഏകദേശം അഞ്ചിരട്ടി വർധനയാണിത്.
ഇതുകൂടാതെ ടിക്കറ്റുകൾ തിരയുന്നതിലും വേഗം കൂടും. ഒരു മിനിറ്റിൽ നാല് ലക്ഷത്തിൽനിന്ന് 40 ലക്ഷത്തിലധികം അന്വേഷണങ്ങൾ സാധ്യമാകുമെന്നാണ് മന്ത്രാലയം പറയുന്നത്. പുതിയ പി.ആർ.എസിൽ ബഹുഭാഷാ സൗകര്യമുള്ള, ഉപയോഗിക്കാൻ എളുപ്പമുള്ള ബുക്കിങ്, അന്വേഷണ ഇന്റർഫേസ് ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കി. ഇത് കൂടാതെ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും റേറ്റ് കലണ്ടർ കാണാനുമുള്ള സൗകര്യമുണ്ടാവും. അംഗപരിമിതർ, വിദ്യാർഥികൾ, രോഗികൾ തുടങ്ങിയവർക്കായുള്ള പ്രത്യേക സൗകര്യങ്ങളും ലഭ്യമാവും.
Content Highlights: Union Railway Minister Ashwini Vaishnaw has announced the launch of an upgraded, high-speed IRCTC website on July 15, alongside a major overhaul of the Passenger Reservation System (PRS) to significantly boost booking capacity.