നെറ്റ്ഫ്ലിക്സ് ഉപഭോക്താക്കളെ രഹസ്യമായി നിരീക്ഷിക്കുന്നു: ടെക്സസ് കോടതിയിൽ കേസ്

ഉപഭോക്താക്കളെ നിരന്തരം നിരീക്ഷിച്ച് അവരെ പ്ലാറ്റ്‌ഫോമിൽ പിടിച്ചിരുത്തി ആസക്തി വർധിപ്പിക്കാൻ നോക്കുന്നതിന്റെ പേരിൽ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ കാലങ്ങളായി പ്രതിക്കൂട്ടിലാണ്. എന്നാൽ, ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സും സമാനമായ ആരോപണങ്ങൾ നേരിടുകയാണിപ്പോൾ. യുഎസ് സംസ്ഥാനമായ ടെക്സസാണ് നെറ്റ്ഫ്ലിക്സിനെതിരെ കേസ് കൊടുത്തിരിക്കുന്നത്. സമ്മതമില്ലാതെ നെറ്റ്ഫ്ലിക്സ് ഉപഭോക്താക്കളെ രഹസ്യമായി നിരീക്ഷിക്കുന്നുവെന്നാണ് ആരോപണം. ഇതിനു പുറമെ ഉപഭോക്താക്കൾക്ക് ആസക്തി വർധിപ്പിക്കുംവിധം ചില ഡാർക്ക് പാറ്റേണുകൾ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നുണ്ടെന്നും ആരോപിക്കുന്നു.
ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റൺ ആണ് നെറ്റ്ഫ്ലിക്സിനെതിരെ കേസ് ഫയൽ ചെയ്തത്. കുട്ടികളെയും കുടുംബങ്ങളെയും സ്ക്രീനിന് മുന്നിൽ തളച്ചിടുകയാണ് നെറ്റ്ഫ്ലിക്സിന്റെ ലക്ഷ്യം. അവർ അവിടെ കുടുങ്ങിക്കിടക്കുമ്പോൾ അവരുടെ വിവരങ്ങൾ ചോർത്തിയെടുക്കുക, പിന്നീട് ആ വിവരങ്ങൾ വൻ ലാഭത്തിനായി വിനിയോഗിക്കുക. കാഴ്ചക്കാരെ നെറ്റ്ഫ്ലിക്സ് നിരീക്ഷിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
ആപ്പുകളിലും സാങ്കേതിക സേവനങ്ങളിലും കാണപ്പെടുന്നതും തിരിച്ചറിയാൻ പ്രയാസമേറിയതുമായ ഗൂഢതന്ത്രങ്ങളെ വിശേഷിപ്പിക്കാൻ സാങ്കേതികരംഗത്ത് ഉപയോഗിക്കുന്ന 'ഡാർക്ക് പാറ്റേൺ' എന്ന പ്രയോഗം ഈ പരാതിയിൽ കടന്നുവരുന്നുണ്ട്. ഉപയോക്താക്കളിൽനിന്ന് സാമ്പത്തികമായോ അല്ലാതെയോ നേട്ടമുണ്ടാക്കാൻ ഇത്തരം സൂക്ഷ്മമായ രീതികൾ സാങ്കേതിക കമ്പനികളെ സഹായിക്കും.
നെറ്റ്ഫ്ലിക്സിന്റെ കാര്യത്തിൽ ടെക്സസ് അറ്റോർണി ഓഫീസ് എങ്ങനെയാണ് ഡാർക്ക് പാറ്റേണിനെ വിശദീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. എങ്കിലും നെറ്റ്ഫ്ലിക്സ് വികസിപ്പിച്ചെടുത്ത 'റെക്കമെന്റേഷൻ എൻജിനുമായി' ഇതിന് ബന്ധമുണ്ടാകാനാണ് സാധ്യത.
നെറ്റ്ഫ്ലിക്സിൽ സിനിമകളും പരമ്പരകളും കാണുമ്പോൾ, അത് നിശബ്ദമായി നിങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള ഒരു പ്രൊഫൈൽ തയ്യാറാക്കുകയും, നിങ്ങൾക്കിഷ്ടപ്പെട്ടേക്കാവുന്ന ഉള്ളടക്കങ്ങളിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നു. ഈ വ്യക്തിഗത ശുപാർശ സംവിധാനം കാരണം രണ്ട് ഉപയോക്താക്കൾക്ക് ഒരിക്കലും ഒരേ ഹോം സ്ക്രീൻ ആയിരിക്കില്ല നെറ്റ്ഫ്ലിക്സിൽ കാണാൻ സാധിക്കുക.
അതേസമയം, പരാതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ നെറ്റ്ഫ്ലിക്സ് വക്താവ് നിഷേധിച്ചു. അംഗങ്ങളുടെ സ്വകാര്യതയെ ഗൗരവത്തോടെ കാണുന്നുണ്ടെന്നും സ്വകാര്യതാ നിയമങ്ങളും വിവരസംരക്ഷണ നിയമങ്ങളും എല്ലായിടത്തും പാലിക്കുന്നുണ്ടെന്നും നെറ്റ്ഫ്ലിക്സ് വ്യക്തമാക്കുന്നു.
Content Highlights: The State of Texas has filed a lawsuit against Netflix, alleging the streaming giant uses manipulative "dark patterns" and unauthorized surveillance to addict users and harvest their data for profit.