സാങ്കേതികവിദ്യയാണ് സ്വയംപര്യാപ്ത ഇന്ത്യയുടെ നെടുംതൂണെന്ന് മോദി, വളർച്ചയെ നയിക്കുന്നത് കണ്ടെത്തലുകൾ

#ടെക്‌നോളജി ഡെസ്‌ക്
പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തിയ സ്ഥലത്ത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, എപിജെ അബ്ദുള്‍ കലാം എന്നിവര്‍ (ഫയല്‍ചിത്രം) 2. പ്രധാനമന്ത്രി മോദി | Photo - AP, PTI
പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തിയ സ്ഥലത്ത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, എപിജെ അബ്ദുള്‍ കലാം എന്നിവര്‍ (ഫയല്‍ചിത്രം) 2. പ്രധാനമന്ത്രി മോദി | Photo - AP, PTI

ന്യൂഡൽഹി: ദേശീയ സാങ്കേതികവിദ്യാ ദിനത്തിൽ രാജ്യത്തെ ശാസ്ത്രീയ സമൂഹത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1998-ലെ പൊഖ്റാൻ ആണവ പരീക്ഷണങ്ങളെ ഇന്ത്യയുടെ ശാസ്ത്ര മികവും അചഞ്ചലമായ പ്രതിബദ്ധതയും പ്രകടമാക്കിയ നാഴികക്കല്ലെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

1998-ൽ പൊഖ്റാനിൽ നടന്ന വിജയകരമായ പരീക്ഷണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അഭിമാനത്തോടെ ഓർക്കുന്നു. പുരോഗതിയിലെ നാഴികക്കല്ലായി മാറിയ ആ നിമിഷം ഇന്ത്യയുടെ ശാസ്ത്രീയ മികവും അചഞ്ചലമായ പ്രതിബദ്ധതയും പ്രതിഫലിപ്പിച്ചു.' -സാങ്കേതികവിദ്യാ ദിനത്തിലെ എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു. സ്വയം പര്യാപ്ത ഇന്ത്യയുടെ നെടുംതൂണാണ് സാങ്കേതികവിദ്യയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, നൂതനമായ കണ്ടുപിടിത്തങ്ങൾ വളർച്ചയെ നയിക്കുകയും അവസരങ്ങൾ വികസിപ്പിക്കുകയും സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും സംഭാവന നൽകുന്ന കഴിവുകളെ പിന്തുണയ്ക്കുന്നതിലും ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിലും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്വയം പര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യ ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു. ഇത് നൂതന കണ്ടുപിടിത്തങ്ങളെ ത്വരിതപ്പെടുത്തുകയും അവസരങ്ങൾ സൃഷ്ടിക്കുകയും വിവിധ മേഖലകളിലുള്ള രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവനകൾ നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

1999-ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ് ദേശീയ സാങ്കേതിക ദിനം ആഘോഷിക്കുന്നതിന് തുടക്കം കുറിച്ചത്. 1998 മെയ് മാസത്തിൽ പൊഖ്റാൻ പരീക്ഷണങ്ങൾ വിജയകരമായി നടത്തുകയും ഇന്ത്യയുടെ ശാസ്ത്രീയ-സാങ്കേതിക പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്ത ഇന്ത്യൻ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ആദരിക്കുന്നതിനായിരുന്നു ഇത്. അതിനുശേഷം,ഓരോ വർഷവും മെയ് 11-ന് രാജ്യം ദേശീയ സാങ്കേതികവിദ്യാ ദിനം ആചരിക്കുന്നു.

1998 മെയ് മാസത്തിൽ രാജസ്ഥാനിലെ ഇന്ത്യൻ സൈന്യത്തിന്റെ പൊഖ്റാൻ ടെസ്റ്റ് റേഞ്ചിലാണ് അഞ്ച് ആണവ സ്‌ഫോടനങ്ങളുടെ പരമ്പരയായ പൊഖ്റാൻ-II പരീക്ഷണങ്ങൾ ഇന്ത്യ നടത്തിയത്. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ മേൽനോട്ടത്തിലായിരുന്നു ഇത്. ആർ ചിദംബരം, എപിജെ അബ്ദുൾ കലാം എന്നിവരുൾപ്പെടെയുള്ള ശാസ്ത്രജ്ഞരും ഈ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകി. ഇന്ത്യയുടെ ആണവായുധ വികസന പരിപാടിയിൽ സ്വയം പര്യാപ്തത നേടുന്നതിനായുള്ള ദശകങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമാണ് ഈ പരീക്ഷണങ്ങളെന്ന് അധികൃതർ അന്ന് അറിയിച്ചിരുന്നു.

രാജ്യത്തിന്റെ വിദേശനാണ്യശേഖരം സംരക്ഷിക്കുന്നതിനായി അനാവശ്യ വിദേശയാത്രകളും വിദേശത്തുള്ള വിവാഹങ്ങളും ഒഴിവാക്കണം എന്നതടക്കമുള്ള പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ രാജ്യത്ത് വലിയ ചർച്ചയായതിനിടെയാണ് സ്വയംപര്യാപ്തത സംബന്ധിച്ച പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം എന്നത് ശ്രദ്ധേയമാണ്.

പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗതസംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും കാർ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിനായി റെയിൽവേക്ക് മുൻഗണന നൽകണമെന്നും വൈദ്യുതവാഹനങ്ങളുടെ ഉപയോഗംകൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അടുത്ത ഒരുവർഷത്തേക്ക് സ്വർണംവാങ്ങുന്നത് ഒഴിവാക്കണമെന്നും കർഷകർ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. രാജ്യതാത്പര്യം മുൻനിർത്തി വർക്ക് ഫ്രം ഹോം, വെർച്വൽ മീറ്റിങ് പോലെ കോവിഡ് കാലത്തെ നടപടികൾ പുനരുജ്ജീവിപ്പിക്കണമെന്നും ഇന്ത്യയിൽ നിർമിച്ച വസ്തുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.

Content Highlights: Commemoration of India's 1998 Pokhran nuclear tests., Recognition of Indian scientists and engineers' contributions., Technology as a catalyst for a self-reliant India., Historical context of May 11 celebrations initiated in 1999., Government focus on research, innovation, and talent empowerment.