ഭാവിയിലെ ചൊവ്വ ഹെലിക്കോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് പരീക്ഷണം നടത്തി നാസ; വൻ മുന്നേറ്റം

ഭാവിയിലെ ചൊവ്വ ഹെലികോപ്റ്ററുകളുടെ റോട്ടർ ബ്ലേഡുകളുടെ പരീക്ഷണം പ്രത്യേകം തയ്യാറാക്കിയ അറയ്ക്കുള്ളിൽ വിജയകരമായി നടത്തി നാസ. ശബ്ദത്തിന്റെ വേഗം മറികടക്കുന്ന തരത്തിൽ ബ്ലേഡുകൾ കറക്കിയാണ് പരീക്ഷണം നടത്തിയത്. ചൊവ്വയിലേക്ക് ഭാരം കൂടിയ പേലോഡുകൾ കൊണ്ടുപോകാനും ഹെലിക്കോപ്റ്ററുകൾക്ക് ചൊവ്വയുടെ അന്തരീക്ഷത്തിലൂടെ പറക്കാനും അപകട സാധ്യതയുള്ള ഈ പരീക്ഷണം നിർണായകമാണെന്ന് വിദഗ്ധർ പറയുന്നു.
കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറിയിൽ ചൊവ്വയുടെ അന്തരീക്ഷത്തിന് സമാനമായ രീതിയിൽ തയ്യാറാക്കിയ പ്രത്യേക അറയ്ക്കുള്ളിലാണ് ഹെലികോപ്റ്റർ ബ്ലേഡുകൾ അതിവേഗത്തിൽ കറക്കിയത്. 2021-ൽ മറ്റൊരു ഗ്രഹത്തിനുമീതെ ആദ്യമായി പറന്ന് ചരിത്രം സൃഷ്ടിച്ച ചെറിയ റോബോട്ടിക് ഹെലികോപ്റ്ററായ ഇൻജെന്യൂറ്റിയുടെ കഴിവുകൾക്കപ്പുറമുള്ള വലിയ മുന്നേറ്റമാണ് ഇത്തവണ നടത്താൻ കഴിഞ്ഞതെന്ന് വിദഗ്ധർ പറയുന്നു.
ചൊവ്വയിൽ ഹെലികോപ്റ്ററിന്റെ റോട്ടറുകൾ എത്ര വേഗത്തിൽ കറങ്ങുന്നുവോ അത്രയധികം ഭാരം വഹിക്കാനും ദൂരം പറക്കാനും അതിന് കഴിയുമെന്ന് നാസ പറയുന്നു. ചൊവ്വയിൽ പറക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ചൊവ്വയുടെ അന്തരീക്ഷം ഭൂമിയുടേതിൽനിന്ന് വ്യത്യസ്തമാണ്. ചൊവ്വയിൽ ഗുരുത്വാകർഷണം കുറവാണെങ്കിലും അതിന്റെ അന്തരീക്ഷത്തിൽ മതിയായ ലിഫ്റ്റ് സൃഷ്ടിക്കുന്നതിന് ഹെലിക്കോപ്റ്ററുകൾക്ക് അവയുടെ ബ്ലേഡുകൾ വളരെ വേഗത്തിൽ കറക്കേണ്ടതുണ്ട്. അതുകൊണ്ടാണ് എൻജിനീയർമാർ റോട്ടർ ബ്ലേഡുകൾ ശബ്ദത്തിന്റെ വേഗത്തിന്റെ പരിധിക്കടുത്തും ഇപ്പോൾ അതിനപ്പുറവും എത്തിക്കാൻ ശ്രമിക്കുന്നത്. ചൊവ്വയിലെ കാര്യങ്ങളെല്ലാം ബുദ്ധിമുട്ടാണെങ്കിലും, അവിടെ പറക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ഒന്നെന്നും വിദഗ്ധർ പറയുന്നു.
ജെപിഎല്ലിന്റെ സ്‌പേസ് സിമുലേറ്ററിനുള്ളിൽ, എൻജിനീയർമാർ ഭൂമിയുടെ വായുവിനെ കാർബൺ ഡയോക്‌സൈഡ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചാണ് പരീക്ഷണം നടത്തിയത്. ബ്ലേഡുകൾ പരീക്ഷണത്തിനിടെ തകർന്നാൽ പൊട്ടിത്തെറിക്കുന്നത് തടയാനുള്ള മുന്നൊരുക്കങ്ങൾ നാസ എൻജിനിയർമാർ സ്വീകരിച്ചിരുന്നു. ഭാവിയിലെ ചൊവ്വ ഹെലികോപ്റ്ററുകൾക്ക് ഭാരം കൂടിയ പേലോഡുകൾ കൊണ്ടുപോകാനും റോവറുകൾക്ക് എത്തിച്ചേരാൻ കഴിയാത്ത ഭൂപ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യാനും സഹായിച്ചേക്കാം എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
Content Highlights: NASA successfully tested rotor blades at speeds exceeding Mach 1 in simulated Martian conditions., Supersonic capability increases potential payload capacity by approximately 30%., Tests were conducted at JPL using a specialized chamber to mimic Mars' thin atmosphere., The research aims to enable future missions like SkyFall to carry scientific instruments.