പോഡ് ടാക്‌സികള്‍ മുംബൈയിലേക്കും; ഡ്രൈവറില്ല, 6 പേര്‍ക്കുവരെ സഞ്ചരിക്കാം

പോഡ് ടാക്‌സി സര്‍വീസ് മുംബൈയിലും ആരംഭിക്കാനൊരുങ്ങുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷന്‍, പുതിയ മുംബൈ ഹൈക്കോടതി എന്നിവയുടെ സാന്നിധ്യം കടുത്ത തിരക്കുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന കുര്‍ള, ബാന്ദ്ര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ബിസിനസ് ഡിസ്ട്രിക്ടില്‍ പോഡ് ടാക്‌സികള്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
എന്താണ് പോഡ് ടാക്‌സി?
പേഴ്സണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് (PRT) സംവിധാനത്തിന്റെ ഭാഗമാണ് പോഡ് ടാക്‌സി. പൂര്‍ണ്ണമായും ഓട്ടോമേറ്റഡായ ഡ്രൈവറില്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ഉയര്‍ത്തിയ ട്രാക്കുകളിലൂടെയാണ് ഓടുന്നത്. ഇവ ഒരു സ്വകാര്യ ടാക്‌സി പോലെ പ്രവര്‍ത്തിക്കും. കുറച്ചുപേര്‍ക്ക് മാത്രമാണ് യാത്രചെയ്യാന്‍ കഴിയുന്നത്. സാധാരണയായി നഗരപ്രദേശങ്ങള്‍, വിമാനത്താവളങ്ങള്‍, ക്യാമ്പസുകള്‍ക്കുള്ളില്‍ എന്നിവിടങ്ങളില്‍ ചെറിയ ദൂരം മുതല്‍ ഇടത്തരം ദൂരം വരെയാണ് ഇവ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഒരു ടാക്‌സി പോലെ പോഡ് വിളിക്കാം. ഇതില്‍ സാധാരണയായി 2-6 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കും. ട്രാഫിക് തിരക്ക് ഒഴിവാക്കി പ്രത്യേക ട്രാക്കുകളിലൂടെ (ഉയര്‍ത്തിയതോ നിലംനിരപ്പിലുള്ളതോ)യാണ് ഇവ ഓടുന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇവ സുരക്ഷിതമായി സഞ്ചരിക്കാന്‍ സെന്‍സറുകള്‍, ജിപിഎസ്, കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ എന്നിവ ഉപയോഗിക്കുന്നു.
ഇവ പ്രത്യേക ട്രാക്കുകളില്‍ ഓടുന്നതിനാല്‍ നിലവിലുള്ള റോഡ് ഗതാഗതത്തിന്റെ ഭാഗമല്ല. സ്വകാര്യ കാറുകളിലോ ടാക്‌സികളിലോ ചെറിയ ദൂരം സഞ്ചരിക്കുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. പോഡ് ടാക്‌സികള്‍ അത്തരം ചെറിയ യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. പരിസ്ഥിതി സൗഹൃദമാണെങ്കിലും ഇവയുടെ ഗൈഡ്‌വേകള്‍ക്കും സ്റ്റേഷനുകള്‍ക്കുമായി അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് വലിയ ചെലവ് വരും.
യുഎഇയിലെ മസ്ദാര്‍ സിറ്റിയാണ് PRT സംവിധാനങ്ങള്‍ ഉപയോഗിച്ച ആദ്യത്തെ നഗരങ്ങളിലൊന്ന്. യുകെയിലെ ഹീത്രൂ വിമാനത്താവളത്തില്‍, ടെര്‍മിനലുകള്‍ക്കും പാര്‍ക്കിംഗിനും ഇടയിലുള്ള യാത്രക്കാരുടെ കൈമാറ്റത്തിനായി ULTra PRT സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപമുള്ള നഗര യാത്രയ്ക്കായി അമൃത്സറില്‍ പോഡ് ടാക്‌സി പദ്ധതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗുരുഗ്രാമിലും വിവിധ പൈലറ്റ് പ്രോജക്ടുകള്‍ പരിഗണനയിലുണ്ട്.