ഇത് കണ്ടുപിടിക്കാൻ വല്യ പണിയൊന്നും ഇല്ല; ഇന്ത്യക്കാർ കൂടുതലായി ഉപയോഗിക്കുന്ന പാസ്‌വേഡ് ഇതാ

സാമൂഹിക മാധ്യമങ്ങള്‍ മുതല്‍ ഓണ്‍ലൈന്‍ ബാങ്കിങ് വരെ എന്തിനുമേതിനും ഒരുകൂട്ടം പാസ്‌വേഡുകള്‍ തലയില്‍ ചുമന്ന് നടക്കുന്നവരാണ് നമ്മള്‍. സങ്കീര്‍ണമായ പാസ്‌വേഡുകള്‍ ഓര്‍മ്മിക്കാന്‍ കഴിയാത്തവര്‍ എളുപ്പപ്പണിക്കുവേണ്ടി ലളിതമായ പാസ്‌വേഡുകളാണ് ഉപയോഗിക്കുക.
അത്തരത്തില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പാസ്‌വേഡ് ഏതാണെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രമുഖ പാസ്‌വേഡ് മാനേജര്‍ സേവനദാതാക്കളായ നോര്‍ഡ് പാസ് ആണ് സാധാരണയായി ഉപയോഗിക്കപ്പെടുന്ന 200 പാസ്‌വേഡുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. 44 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഒന്നാം സ്ഥാനത്തുള്ളത് സ്വാഭാവികമായി എല്ലാവര്‍ക്കും ഊഹിക്കാന്‍ കഴിയുന്നത് പോലെ 123456 തന്നെയാണ്. ആഗോളതലത്തിലും ഇന്ത്യയിലും ഇത് തന്നെയാണ് മുന്നില്‍ നില്‍ക്കുന്ന പാസ്‌വേഡ്. 30,18,050 പേരാണ് ലോകമാകെ 123456 എന്ന പാസ്‌വേഡ് ഉപയോഗിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാക്ക് ചെയ്യാന്‍ വളരെ എളുപ്പമുള്ള പാസ്‌വേഡാണ് ഇത്. ശക്തമായ പാസ്‌വേഡ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരല്ലാത്തതിനാലാണ് ആളുകള്‍ ഈ പാസ്‌വേഡ് ഉപയോഗിക്കുന്നത് എന്നാണ് വിലയിരുത്തല്‍.
ആഗോളതലത്തില്‍ 123456789 ആണ് രണ്ടാം സ്ഥാനത്തുള്ള പാസ്‌വേഡ്. എന്നാല്‍ ഇന്ത്യയില്‍ ഇത് നാലാമതാണ്. ആദ്യം പറഞ്ഞ പാസ്‌വേഡിനെക്കാള്‍ അല്‍പ്പം ശക്തമായതാണ് ഇതെങ്കിലും വളരെ സുരക്ഷ കുറഞ്ഞ പാസ്‌വേഡ് തന്നെയാണ് ഇത്. കീബോര്‍ഡിലെ ആദ്യവരിയിലുള്ള Qwerty, ഇതിനൊപ്പം അക്കങ്ങള്‍ കൂടി ചേര്‍ത്തുള്ള 1q2w3e4r5t എന്നിവയും കൂടുതലായി ഉപയോഗിക്കപ്പെടുന്ന പാസ്‌വേഡുകളാണ്. എന്നാല്‍ ഇതെല്ലാം ഹാക്കര്‍മാര്‍ക്ക് നിമിഷങ്ങള്‍ കൊണ്ട് കണ്ടെത്താന്‍ കഴിയുന്ന പാസ്‌വേഡുകളാണ് എന്ന് നോര്‍ഡ് പാസ് മുന്നറിയിപ്പ് നല്‍കുന്നു.
Content Highlights: This Is The Most Common Password In India, Can Be Hacked In Seconds: Report