AI ചെലവിൽ ആശങ്കവേണ്ട, Kimi K3 ഡൗൺലോഡ് ചെയ്യാൻ ലഭ്യമാക്കി മൂൺഷോട്ട്, US കമ്പനികൾക്ക് ആശങ്ക

ചൈനീസ് കമ്പനിയായ മൂൺഷോട്ട് അടുത്തിടെ പുറത്തിറക്കിയ എഐ മോഡൽ കിമി കെ3 ടെക് ലോകത്ത് വലിയ ചലനം സൃഷ്ടിച്ചിരുന്നു. 2.8 ട്രില്യൺ പാരാമീറ്ററുകളുള്ള ഏറ്റവും വലിയ ഓപ്പൺ-വെയ്റ്റ് മോഡലാണിത്. കാര്യക്ഷമതയിൽ യുഎസ് എഐ കമ്പനികളായ ആന്ത്രോപിക്കിന്റെ ക്ലോഡ് ഫേബിൾ, ഓപ്പൺ എഐയുടെ GPT-5.6 Sol എന്നിവയ്‌ക്കൊപ്പം നിൽക്കുന്നതാണ് കിമി കെ3 എന്ന അവകാശവാദമാണ് സിലിക്കൺവാലിയെ ഞെട്ടിച്ചത്. ജൂലായ് 16-ന് ലോഞ്ച് ചെയ്ത ഈ മോഡൽ ജൂലായ് 27-മുതൽ ഡൗൺലോഡ് ചെയ്യാൻ കഴിയുംവിധം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
ഒരു എഐ മോഡലിനെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചിട്ടുള്ള പാരാമീറ്ററുകളെയാണ് ഓപ്പൺ-വെയ്റ്റുകൾ എന്നതുകൊണ്ട് അർഥമാക്കുന്നത്. ഈ മോഡൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകുന്നതോടെ ടോക്കൺ ചെലവുകളെക്കുറിച്ച് ആശങ്കപ്പെടാതെ വിവിധ ഡിവൈസുകളിൽ Kimi K3 പ്രവർത്തിപ്പിക്കാനും ആവശ്യങ്ങൾക്കനുസരിച്ച് മാറ്റംവരുത്താനും സാധിക്കും.
ആദ്യഘട്ടത്തിൽതന്നെ എഐയിലേക്ക് ചുവടുമാറിയ വമ്പൻ കമ്പനികൾ പലതിനും ടോക്കൺ ഉപയോഗത്തിന്റെ ഭാരിച്ച ചെലവ് തലവേദന സൃഷ്ടിച്ചിരുന്നു. ഇതോടെ യൂബർ, വാൾമാർട്ട് പോലുള്ള വലിയ കമ്പനികൾ എഐ ഉപയോഗത്തിൽ പുനർവിചിന്തനം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ജീവനക്കാർ ക്ലോഡ് കോഡ് പോലുള്ള എഐ ടൂളുകൾ ഉപയോഗിക്കതിൽ പല കമ്പനികളും നിയന്ത്രണം കൊണ്ടുവരികയും ചെയ്തിരുന്നു.
കുറഞ്ഞ ചെലവിൽ എഐ ഉപയോഗം സാധ്യമാക്കുന്ന കിമി കെ3 പോലുള്ള മോഡലുകൾ യു.എസിലെ വമ്പൻ എഐ കമ്പനികൾക്ക് തലവേദന സൃഷ്ടിക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ആന്ത്രോപിക്, ഓപ്പൺഎഐ തുടങ്ങിയ കമ്പനികൾ ചൈനീസ് ഓപ്പൺ-വെയ്റ്റ് എഐ മോഡലുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടത്തിന്മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് ന്യൂയോർക് ടൈംസടക്കം റിപ്പോർട്ടു ചെയ്യുന്നത്.
ചൈനീസ് മോഡലുകൾ ദേശീയ സുരക്ഷയുടെ കാര്യത്തിലടക്കം ഭീഷണി ഉയർത്താം എന്നാണ് എന്ന് യുഎസ് സ്റ്റാർട്ടപ്പുകൾ വാദിക്കുന്നത്. എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ചൈനീസ് എഐ ലാബുകൾ തങ്ങളുടെ എഐ മോഡലുകൾ ഡിസ്റ്റിൽ ചെയ്തുവെന്ന ആരോപണവുമായി ആന്ത്രോപിക് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. ഒരു ചെറിയ എഐ മോഡൽ ഒരു വലിയ മോഡലിന്റെ പ്രതികരണങ്ങൾ പഠിക്കുന്നതിലൂടെ പരിശീലനം നേടുന്ന പ്രക്രിയയാണ് ഡിസ്റ്റിലേഷൻ. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് മൈക്കിൾ ക്രാറ്റ്‌സിയോസും മൂൺഷോട്ട് AI-ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം ഓപ്പൺ-വെയ്റ്റ് എഐ മോഡലുകളെ യു.എസിലെതന്നെ ടെക് കമ്പനികൾ പലതും പരസ്യമായി പിന്തുണയ്ക്കുന്നുമുണ്ട്. യുഎസിലെ 25 ടെക് കമ്പനികൾ ഡൗൺലോഡ് ചെയ്യാവുന്ന AI മോഡലുകളിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ വാഷിങ്ടണിനോട് ആവശ്യപ്പെട്ട് അടുത്തിടെ അധികൃതർക്ക് കത്ത് നൽകിയിരുന്നു. Nvidia, Microsoft, Meta, IBM, Dell, Palantir എന്നിവ കത്തിൽ ഒപ്പുവെച്ച കമ്പനികളിൽ ഉൾപ്പെടുന്നു. യുഎസ് കമ്പനികളുടെ AI മോഡലുകളേക്കാൾ പ്രവർത്തിപ്പിക്കാൻ ചെലവ് വളരെ കുറവാണ് എന്നതിനാൽ ചൈനീസ് ഓപ്പൺ-വെയ്റ്റ് മോഡലുകൾക്ക് വലിയ പ്രചാരം ലഭിച്ചിരുന്നു.
Content Highlights: Kimi K3 features 2.8 trillion parameters, challenging US frontier models., Open-weights enable local execution, bypassing token costs., Significant debate in Silicon Valley regarding AI security and intellectual property., Major tech giants advocate against premature restrictions on open-weight models.