പ്രായമായ ജീവനക്കാരെ മൈക്രോസോഫ്റ്റിന് വേണ്ട; സ്വമേധയാ പിരിഞ്ഞുപോകാം, കമ്പനിയുടെ പുതിയ നീക്കം

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

മെറ്റ ഉൾപ്പെടെയുള്ള പല കമ്പനികളും ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിക്കുമ്പോൾ വ്യത്യസ്തമായൊരു വഴി സ്വീകരിക്കുകയാണ് മൈക്രോസോഫ്റ്റ്. യു.എസിലെ പ്രായമായ ജീവനക്കാർക്ക് സ്വമേധയാ നേരത്തേ പിരിഞ്ഞുപോകാൻ അവസരം ഒരുക്കുകയാണ് കമ്പനി. നിർമിതബുദ്ധി (എ.ഐ.) അധിഷ്ഠിത മാറ്റങ്ങൾക്കും അംഗബലം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു നീക്കം.

കമ്പനി ആദ്യമായാണ് ഇങ്ങനെയൊരു വൺ ടൈം റിട്ടയർമെന്റ് പ്രോഗ്രാം പ്രഖ്യാപിച്ചത്. 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ജീവനക്കാർക്കാണ് ഈ സൗകര്യം ലഭിക്കുക. സീനിയർ ഡയറക്ടർ തലത്തിലുള്ളവർക്കും അതിനു താഴെയുള്ളവർക്കും ഈ അവസരം സ്വീകരിക്കാം. മേയ് ഏഴിന് വൺ ടൈം റിട്ടയർമെന്റ് പ്രോഗ്രാമിന് യോഗ്യരായ ജീവനക്കാർക്ക് കമ്പനി അറിയിപ്പു നൽകും. യു.എസിലെ ഏഴ് ശതമാനത്തോളം ജീവനക്കാരെയാണ് ഈ നീക്കം ബാധിക്കുക എന്നാണ് വിവരം.

കഴിഞ്ഞ ഒരു വർഷത്തിനിടെ, തൊഴിൽമേഖലയിലും സാങ്കേതിക വ്യവസായരംഗത്തും നിർമിതബുദ്ധി (എ.ഐ.) ചെലുത്തിയ സ്വാധീനത്തെത്തുടർന്ന് പ്രമുഖ ടെക് കമ്പനികൾ വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറച്ചുവരികയാണ്. കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും മറ്റ് നിക്ഷേപങ്ങൾക്കായി പണം കണ്ടെത്താനുമായി തങ്ങളുടെ 10 ശതമാനം ജീവനക്കാരെ അഥവാ ഏകദേശം 8,000 പേരെ പിരിച്ചുവിടുമെന്ന് മെറ്റ വ്യാഴാഴ്ച അറിയിച്ചു. ജനുവരിയിലും ഒക്ടോബറിലും രണ്ട് ഘട്ടങ്ങളിലായി ആമസോൺ 30,000 പേരെയാണ് പിരിച്ചുവിട്ടത്.

മറ്റ് ടെക് കമ്പനികളെപ്പോലെ മൈക്രോസോഫ്റ്റും നിർമിതബുദ്ധി (എ.ഐ.) അധിഷ്ഠിത അടിസ്ഥാനസൗകര്യങ്ങളിലും ടൂളുകൾക്കുമായി വൻതോതിൽ നിക്ഷേപം നടത്തിവരികയാണ്. ഡിസംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ ഡേറ്റാ സെന്ററുകൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കുമായി 37 ശതകോടി ഡോളറാണ് കമ്പനി ചെലവഴിച്ചത്.

കോഡിങ് നടത്തുന്നതിലുള്ള നിർമിതബുദ്ധിയുടെ മികവ് കാരണം ചെറിയ സംഘങ്ങളെ ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നിർമിതബുദ്ധി തങ്ങളെ പ്രാപ്തരാക്കിയെന്ന് ചില ടെക് നേതാക്കൾ അവകാശപ്പെടുന്നു. ഡെവലപ്പർമാർക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്ന കോഡിങ് ഏജന്റുകളെ ലഭ്യമാക്കുന്ന നിരവധി കമ്പനികളിൽ ഒന്നാണ് മൈക്രോസോഫ്റ്റ്.

കഴിഞ്ഞ വേനൽക്കാലത്ത് ഏകദേശം 9,000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. 2023-ന് ശേഷം കമ്പനി നടത്തിയ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലായിരുന്നു ഇത്. സ്വമേധയാ പിരിഞ്ഞുപോകുന്നവർക്ക് അധിക ആനുകൂല്യങ്ങൾ എന്തെങ്കിലും പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

Content Highlights: Microsoft is introducing a one-time voluntary retirement program for US employees aged 70 and above to streamline its workforce and accelerate its transition into an AI-driven infrastructure.