എഡ്ജ് ബ്രൗസറിൽ ആപ്പിൾ അക്കൗണ്ട് ലോഗിൻ; ഉപയോക്താക്കൾ കാത്തിരുന്ന ആ സൗകര്യം ഒടുവിൽ എത്തുന്നു?

മൈക്രോസോഫ്റ്റ് എഡ്ജിൽ ഉപയോക്താക്കൾക്ക് ഇനി അവരുടെ ആപ്പിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിച്ചേക്കും. മൈക്രോസോഫ്റ്റ് എഡ്ജ് കാനറി വേർഷനിൽ ഈ പുതിയ ലോഗിൻ ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമാണത്തിലിരിക്കുന്ന ഫീച്ചറുകൾ ലഭ്യമായ എഡ്ജിന്റെ ബീറ്റാ വേർഷനെന്ന് വിളിക്കാവുന്ന പതിപ്പാണ് മൈക്രോസോഫ്റ്റ് എഡ്ജ് കാനറി. അതുകൊണ്ടുതന്നെ, ഭാവിയിൽ വരാനിരിക്കുന്ന പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള സൂചനകൾ ഈ പതിപ്പിൽനിന്ന് ലഭ്യമാകും.
ബ്രൗസർ ഫീച്ചറുകളും സോഫ്റ്റ്വേർ ലീക്കുകളും പങ്കുവെക്കുന്ന @Leopeva64 എന്ന ലിയോ വലേറ എന്ന എക്സ് യൂസറാണ് എഡ്ജിൽ ആപ്പിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാനുള്ള സൗകര്യവും ഉൾപ്പെടുത്തിയതായി അറിയിച്ചത്. 2026 ജൂലായ് മുതൽ ഗൂഗിൾ അക്കൗണ്ട് വഴി ലോഗിൻ ചെയ്യാനുള്ള സൗകര്യം എഡ്ജിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിനുമുമ്പ് ഈ സൗകര്യം എഡ്ജ് കാനറിയിൽ ലഭ്യമാക്കിയിരുന്നുവെന്ന് വലേറ പറഞ്ഞു.
ഈ ഫീച്ചറുമായി കമ്പനി മുന്നോട്ട് പോവുകയാണെങ്കിൽ ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിൻഡോസ് ഉപയോക്താക്കൾക്ക് അത് ഏറെ പ്രയോജനം ചെയ്യും. ബ്രൗസർ ഉപയോഗം വിൻഡോസിലും ഒപ്പം അവരുടെ മാക്ക്, ഐഒഎസ് ഡിവൈസുകളിലും സിങ്ക് ചെയ്യാൻ ഇതുവഴി സാധിക്കും. എന്തായാലും ഈ ഫീച്ചർ എപ്പോൾ എല്ലാവർക്കുമായി ലഭ്യമാക്കുമെന്ന് വ്യക്തമല്ല.
Content Highlights: Microsoft is testing an Apple account login option in its Edge Canary version, which could soon allow users to seamlessly sync browser data across Windows, Mac, and iOS devices.