സർക്കാർ ഏജൻസികളെയടക്കം ബാധിച്ച് മൈക്രോസോഫ്റ്റിന്റെ തകരാർ; 9 മണിക്കൂറിലധികം നീണ്ടു, പിന്നിലെന്ത്?

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | AP, AFP
പ്രതീകാത്മകചിത്രം | AP, AFP

ലോകമെമ്പാടുമുള്ള സർക്കാർ ഏജൻസികളെയും സ്ഥാപനങ്ങളെയുമടക്കം ബാധിച്ച് ഒൻപത് മണിക്കൂറിലധികം നീണ്ട മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തകരാർ. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി ലക്ഷക്കണക്കിന് ആളുകൾക്ക് ഇമെയിലുകളടക്കം ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

ബിസിനസ് സ്ഥാപനങ്ങളെയും സർക്കാർ ഏജൻസികളെയും മൈക്രോസോഫ്റ്റ് ജീവനക്കാരെയും പോലും ഈ പ്രതിസന്ധി ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ടീംസ്, വേഡ്, എക്‌സൽ, പവർപോയിന്റ്, ഔട്ട്ലുക്ക് എന്നിവ ഉൾപ്പെടുന്ന ക്ലൗഡ് സോഫ്റ്റ്വെയർ സ്യൂട്ടായ മൈക്രോസോഫ്റ്റ് 365-ൽ പ്രശ്‌നങ്ങൾ നേരിടുന്നതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. ആദ്യഘട്ടത്തിൽതന്നെ ഇത്തരത്തിലുള്ള് ഏകദേശം 130,000 റിപ്പോർട്ടുകൾ പുറത്തുവന്നു.

തകരാറിന് പിന്നിലെന്ത്?

സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മൈക്രോസോഫ്റ്റ് പ്രവർത്തിച്ചുവരികയാണ്. ചില സെർവറുകളുടെ ലോഡ് വർധിക്കുകയും തുടർന്ന് ഓഫ്‌ലൈനാവുകയും ചെയ്ത ഒരു കോൺഫിഗറേഷൻ അപ്ഡേറ്റാണ് പ്രശ്‌നത്തിന് കാരണമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. അടിയന്തിര നടപടികൾ കമ്പനി സ്വീകരിച്ചെങ്കിലും ഓൺലൈനിൽ തിരിച്ചെത്തിയ സെർവറുകൾ പ്രതികരിക്കാതെയായി. ഇതോടെ ട്രാഫിക് മറ്റുള്ള സെർവറുകളിലേക്ക് തിരിച്ചുവിട്ടു. ഇത് വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കി.

ഒൻപത് മണിക്കൂറിലധികം നീണ്ട തടസം

മൈക്രോസോഫ്റ്റ് 365 പോലുള്ള സുപ്രധാന സംവിധാനങ്ങൾ ഒമ്പത് മണിക്കൂറിലധികം തടസപ്പെടുന്നത് അസാധാരണമാണ്. പ്രതിസന്ധി ഇത്രയും സമയം നീണ്ടുനിന്നത് എന്തുകൊണ്ടാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളിടെ സർക്കാർ ഏജൻസികൾ, കോടതികൾ, സ്‌കൂളുകൾ എന്നിവ ഇമെയിലുകൾ അടക്കം ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ആശയവിനിമയത്തിനായി മൈക്രോസോഫ്റ്റ് 365-നെ ആശ്രയിക്കുന്ന ബിസിനസ്സുകളും ആരോഗ്യ പരിരക്ഷാ സേവനങ്ങളും പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും സേവനങ്ങൾ പൂർണമായും തടസപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടില്ല എന്നാണ് വിവരം.

പിന്നിൽ സൈബർ ആക്രമണമോ?

എഐ ടൂളുകൾ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങളെ ബാധിച്ച ആഗോള തടസ്സം നിർണായക ഇൻഫ്രാസ്ട്രക്ചറിന് മേലുള്ള ആക്രമണമായിരിക്കാമെന്ന് അഭ്യൂഹങ്ങൾ ഓൺലൈനിലടക്കം പ്രചരിച്ചിരുന്നു. ഇതൊരു സൈബർ ആക്രമണമാണെന്നതിന്റെ സൂചനകളൊന്നുമില്ലെന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റ് ഇതിനെയെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട്.

Content Highlights: Global Microsoft 365 outage left hundreds of thousands unable to access Outlook, Teams, and cloud services for over nine hours., The root cause was traced to a configuration update overloading servers, not a cyber-attack., Government agencies, schools, and businesses worldwide experienced severe communication disruptions., Microsoft is actively working on alternative workstreams to restore server capacity and serviceability.