ഒന്ന് നോക്കിയാല്‍ മതി 'ഫുള്‍ ഡീറ്റൈല്‍സ്' കിട്ടും, മെറ്റ സ്മാര്‍ട് ഗ്ലാസിനെ മാറ്റി വിദ്യാര്‍ഥികൾ

ഒരാളുടെ മുഖത്ത് വെറുതെയൊന്ന് നോക്കിയാല്‍ സാധാരണഗതിയില്‍ എന്തൊക്കെ കാര്യങ്ങള്‍ മനസിലാക്കാം? പേരും ഫോണ്‍ നമ്പറും വിലാസവുമൊക്കെ മനസിലാക്കാന്‍ പറ്റുമോ? ഈ കണ്ണട ധരിച്ചാല്‍ പറ്റുമെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഈ രണ്ട് കുട്ടികള്‍ പറയുന്നത്. മെറ്റയുടെ റെയ്ബാന്‍ സ്മാര്‍ട്ട് ഗ്ലാസിൽ ലാര്‍ജ് ലാംഗ്ലേജ് മോഡല്‍ (എല്‍.എല്‍.എം) സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയാണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്.
ഒരു പ്രോജക്ടിന്റെ ഭാഗമായി അന്‍ഫു ഗുയന്‍, കെയ്ന്‍ അര്‍ദാഫിയോ എന്നീ വിദ്യാര്‍ഥികളാണ് ഐ-എക്‌സ്‌റേ എന്ന ടെക്‌സ്റ്റാക് വികസിപ്പിച്ചെടുത്തത്. സ്മാര്‍ട്ട് ഗ്ലാസ്, ഫേസ് സെര്‍ച്ച് എന്‍ജിന്‍, എല്‍.എല്‍.എം പബ്ലിക് ഡാറ്റാബേസ് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. സഹപാഠികളുടെ വിലാസവും ബന്ധുക്കളുടെ പേരുമൊക്കെ ഇത്തരത്തില്‍ കണ്ടുപിടിക്കുന്ന ഒരു വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തിട്ടുമുണ്ട്.
ഒരു ചെറിയ പ്രോജക്ട് എന്ന നിലയിലാണ് ഇത് ആരംഭിച്ചതെന്നും ഇത് ദുരുപയോഗം ചെയ്യുന്നതിനല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. മുഖത്ത് നോക്കി മറ്റുള്ളവരുടെ വ്യക്തിഗത വിവരങ്ങള്‍ കണ്ടെത്തുകയെന്നത് ഇന്ന് സാധ്യമാണെന്ന് തെളിയിക്കുകയാണ് പ്രോജക്ടിന്റെ ലക്ഷ്യമെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു. എങ്കിലും ഇത് സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്.
ഐ-എക്‌സ്‌റേയുടെ പ്രവര്‍ത്തനം
മെറ്റാ സ്മാര്‍ട്ട് ഗ്ലാസ് ധരിച്ച ഉപഭോക്താവ് പരിസര പ്രദേശങ്ങള്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ കാണിക്കുകയാണ് ആദ്യം വേണ്ടത്. ഈ ലൈവ് ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം വിശകലനം ചെയ്യുകയും ചുറ്റുമുള്ള ആളുകളുടെ മുഖം തിരിച്ചറിയുകയും ചെയ്യുന്നു. ഈ മുഖങ്ങള്‍ വിവിധ ഫേസ് റെക്കഗ്നിഷന്‍ മോഡലുകള്‍ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുന്നു. പിംഐസ്, ഫേസ്‌ചെക്ക്.ഐഡി തുടങ്ങിയ മോഡലുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് വഴി ഇന്റര്‍നെറ്റിലുള്ള ചിത്രങ്ങളുമായും യു.ആര്‍.എല്ലുമായും ഈ മുഖങ്ങള്‍ താരതമ്യം നടത്തും.
സാദ്യശ്യമുള്ള ചിത്രങ്ങളോ യു.ആര്‍.എല്ലോ ലഭിച്ചാല്‍ ഐ.എക്‌സ്‌റേ ടെക്‌നോളജി ഉപയോഗിച്ച് വ്യക്തിയുടെ പേരടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. പേര് ലഭിച്ചാല്‍ പിന്നാലെ മറ്റ് ടൂളുകള്‍ വഴി കൂടുതല്‍ വ്യക്തിഗത വിവരങ്ങളും ലഭ്യമാക്കും. ഫാസ്റ്റ്പീപ്പിള്‍സര്‍ച്ച് പോലുള്ളയാണ് ഇതിന് ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റു രേഖകളിലും ഉള്‍പ്പെട്ടിട്ടുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്.
അതേസമയം ഇത്തരം സ്മാര്‍ട്ട് ഗ്ലാസുകള്‍ സ്വകാര്യത ചോരുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. സമ്മതമില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലുള്ള പ്രശ്‌നവും ഉയരുന്നുണ്ട്. വീഡിയോ എടുക്കുന്നുണ്ടെന്ന് മനസിലാക്കാനായി സ്മാര്‍ട്ട് ഗ്ലാസിനുള്ളില്‍ ഒരു ചെറിയ ലൈറ്റ് ഘടിപ്പിച്ചുകൊണ്ടുള്ള ഡിസൈനാണ് മെറ്റ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാണെന്നത് ചര്‍ച്ചാവിഷയമാണ്.
Content Highlights: metas smart glasses technology by Harvard students