ഡാറ്റാസെന്റർ ചെലവ് കൂടുന്നു, മനുഷ്യർ ചെയ്യേണ്ട ജോലികൾക്ക് മെറ്റ റോബോട്ടുകളെ പരീക്ഷിക്കുന്നു

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ തങ്ങളുടെ ഡേറ്റാസെന്ററുകളിൽ റോബോട്ടുകളെ പരീക്ഷിക്കുന്നതായി റിപ്പോർട്ട്. കേബിളുകൾ പ്ലഗ് ചെയ്യുക, സെർവറുകൾ റീസെറ്റ് ചെയ്യുക, മറ്റ് ശാരീരിക ജോലികൾ എന്നിവയ്ക്കുവേണ്ടി കമ്പനി റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ജീവനക്കാരെ ഉദ്ധരിച്ച് വയേർഡ് റിപ്പോർട്ട് ചെയ്തു. വാട്നി റോബോട്ടിക്സ്, കിനോവ എന്നീ കമ്പനികളിൽനിന്നുള്ള റോബോട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് ഈ കമ്പനികളൊന്നും തന്നെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഡേറ്റാസെന്ററുകളുടെ ആവശ്യകത വർധിക്കുകയും ഡേറ്റാസെന്ററുകൾ വ്യാപിപ്പിക്കുകയും എഐ സാങ്കേതികവിദ്യയിൽ മെറ്റ നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പരമാവധി ആളുകളെ കുറച്ച് ചെലവുചുരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സെർവറുകളിലേക്കുള്ള വൈദ്യുതിപ്രവാഹം നിയന്ത്രിക്കുന്നതിനും വിച്ഛേദിക്കുന്നതിനുമാണ് കിനോവ ജെൻ 3 എന്ന റോബോട്ടിക് ആം ഉപയോഗിച്ച് മെറ്റ പരീക്ഷണം നടത്തുന്നത്. നെറ്റ്‌വർക്കിങ് കേബിളുകൾ കൃത്യമായി ബന്ധിപ്പിക്കുന്നതിനും പ്ലഗ് ഇൻ ചെയ്യുന്നതിനുമായി പ്രത്യേകം രൂപകല്പന ചെയ്ത റോബോട്ടുകളെ പരീക്ഷിക്കുന്നുണ്ട്.
മാക് മിനിയും മറ്റ് ഉപകരണങ്ങളും റീസ്റ്റാർട്ട് ചെയ്യാൻ, മനുഷ്യരുടെ നിർദേശാനുസരണം പവർ ബട്ടൺ അമർത്താൻ സഹായിക്കുന്ന വിരൽ പോലെയുള്ള ലളിതമായ ഒരു ഉപകരണവും മെറ്റ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ സെർവർ റാക്കുകൾ മാറ്റുന്നതിനും ഡേറ്റാസെന്ററിലെ ഇൻവെന്ററികൾ ട്രാക്ക് ചെയ്യുന്നതിനും മെറ്റ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. പാർട്സുകൾ മാറ്റുക, കാറ്ററിങ്/കേബിളിങ് മെഷീനുകൾ ടെസ്റ്റ് ചെയ്യുക, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവ പരിശോധിക്കുക തുടങ്ങിയ ജോലികളും റോബോട്ടുകളെ വെച്ച് പരീക്ഷിക്കുന്നുണ്ട്.
അയോവയിലെ (Iowa) അൽറ്റൂണ, ഒഹായോയിലെ (Ohio) ന്യൂ അൽബാനി എന്നിവിടങ്ങളിലെ മെറ്റ ഡേറ്റാസെന്ററുകളിലാണ് പ്രധാനമായും ഈ പുതിയ റോബോട്ടുകളുടെ പരീക്ഷണം നടക്കുന്നത്. ഈ പരിശ്രമം വിജയിച്ചാൽ, ചില ജീവനക്കാരുടെ 80 ശതമാനത്തോളം ജോലികൾ വരെ റോബോട്ടുകൾക്ക് ഏറ്റെടുക്കാൻ കഴിയുമെന്ന് ഒരു ജീവനക്കാരൻ വ്യക്തമാക്കി.
Content Highlights: Meta is reportedly testing robotic technologies in its data centers to automate physical tasks like plugging cables and resetting servers, aiming to cut costs and reduce human labor by up to 80%.