മെറ്റ ഇന്ത്യ വൈസ് പ്രസിഡന്റ് സന്ധ്യ ദേവനാഥൻ ഓപ്പൺ എഐയിലേക്ക്; റീജണൽ വൈസ് പ്രസിഡന്റായി പുതിയ നിയമനം

#ടെക്നോളജി ഡെസ്ക്
Sandhya Devananthan | Photo: facebook/Sandhya Devanathan
Sandhya Devananthan | Photo: facebook/Sandhya Devanathan

സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയുടെ ഇന്ത്യ-തെക്കുകിഴക്കൻ ഏഷ്യ വിഭാഗം വൈസ് പ്രസിഡന്റ് സന്ധ്യ ദേവനാഥൻ കമ്പനി വിടുന്നു. മെറ്റയിലെ പത്തുവർഷത്തോളം നീണ്ട സേവനത്തിന് ശേഷമാണ് സന്ധ്യ പടിയിറങ്ങുന്നത്. പ്രമുഖ നിർമിത ബുദ്ധി കമ്പനിയായ ഓപ്പൺ എഐയുടെ തെക്കുകിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ മേഖലകളുടെ വൈസ് പ്രസിഡന്റായി അവർ ഉടൻ ചുമതലയേൽക്കും.

സിംഗപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തനം

ഓപ്പൺ എഐയിൽ പുതുതായി രൂപീകരിച്ച റീജണൽ വൈസ് പ്രസിഡന്റ് പദവിയിലായിരിക്കും സന്ധ്യ പ്രവർത്തിക്കുക. തെക്കുകിഴക്കൻ ഏഷ്യയിലും ഓസ്‌ട്രേലിയയിലുമുള്ള ഏറ്റവും മുതിർന്ന എക്‌സിക്യൂട്ടീവ് പദവിയായിരിക്കും ഇത്. സിംഗപ്പൂർ കേന്ദ്രമാക്കിയാകും ചുമതലകൾ നിർവഹിക്കുക. കൂടാതെ ഓപ്പൺ എഐയുടെ ഏഷ്യ-പസഫിക് മേഖലയുടെ മാനേജിങ് ഡയറക്ടറായ കിരൺ മണിക്ക് കീഴിലായിരിക്കും ഇവർ പ്രവർത്തിക്കുകയെന്ന് ഓപ്പൺ എഐ വ്യക്തമാക്കി.

ചുമതലകൾ എന്തെല്ലാം?

പ്രസ്തുത മേഖലയിലെ ഉപഭോക്തൃ വളർച്ച, ബിസിനസ് പങ്കാളിത്തങ്ങൾ, എന്റർപ്രൈസ് തലത്തിലുള്ള എഐ വ്യാപനം, നിയമപരമായ കാര്യങ്ങളിലെ ഏകോപനം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം സന്ധ്യ നിർവഹിക്കും. ഓപ്പൺ എഐയുടെ ഉത്പന്നങ്ങളുടെയും ചാറ്റ്ജിപിറ്റിയുടെയും ഉപയോഗം വിപുലമാക്കുന്നതിലാകും അവർ കൂടുതൽ ശ്രദ്ധ നൽകുക.

ഒരു ദശാബ്ദകാലം മെറ്റയിൽ

2016-ലാണ് സന്ധ്യ ദേവനാഥൻ മെറ്റയിൽ ചേരുന്നത്. സിംഗപ്പൂർ, വിയറ്റ്നാം എന്നിവിടങ്ങളിൽ കമ്പനിയുടെ ബിസിനസ് വിപുലീകരിക്കാനും തെക്കുകിഴക്കൻ ഏഷ്യയിലെ ഇ-കൊമേഴ്‌സ് രംഗത്ത് മുന്നേറ്റമുണ്ടാക്കാനും അവർ മുൻകൈയെടുത്തു. 2020-ൽ ഏഷ്യാ പസഫിക് (APAC) ഗെയിമിങ് വിഭാഗത്തിന്റെ തലപ്പത്തെത്തി. പിന്നീട് 2022-ന്റെ അവസാനത്തോടെയാണ് മെറ്റയുടെ ഇന്ത്യ മേധാവിയായി സന്ധ്യ നിയമിതയായത്. സാങ്കേതികവിദ്യ, ബാങ്കിങ്, പേയ്‌മെന്റ് മേഖലകളിൽ 25 വർഷത്തിലേറെയുള്ള പ്രവർത്തന പരിചയം അവർക്കുണ്ട്.

വെള്ളിയാഴ്ച ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിലാണ് സന്ധ്യ മെറ്റയിൽനിന്ന് വിടവാങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത്. ഈ പടിയിറക്കം ഏറെ വികാരനിർഭരമായ തീരുമാനമാണെന്ന് അവർ കുറിച്ചു.

മെറ്റയിലെയും ഓപ്പൺ എഐയിലെയും മറ്റു മാറ്റങ്ങൾ

സന്ധ്യ കമ്പനി വിടുന്നതോടെ മെറ്റയിലെ ഉദ്യോഗസ്ഥതലത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. മെറ്റ ഇന്ത്യ മാനേജിങ് ഡയറക്ടറും കൺട്രി ഹെഡുമായ അരുൺ ശ്രീനിവാസ് ഇനി മുതൽ മെറ്റ ഏഷ്യാ പസഫിക് വൈസ് പ്രസിഡന്റ് ബെഞ്ചമിൻ ജോയ്ക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യും.‌

ഏഷ്യാ പസഫിക് മേഖലയിൽ ഓപ്പൺ എഐ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം. അടുത്തിടെ സിംഗപ്പൂർ, ടോക്കിയോ, സോൾ, സിഡ്‌നി, ഡൽഹി എന്നിവിടങ്ങളിൽ കമ്പനി പുതിയ ഓഫീസുകൾ തുറന്നിരുന്നു. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പ്രഭ്ജീത് സിങ്ങിനെ ഓപ്പൺ എഐ നിയോഗിക്കുമെന്നും വിവരമുണ്ട്.

Content Highlights: After nearly a decade at Meta, Sandhya Devanathan is stepping down as the Vice President of India and Southeast Asia to join OpenAI as the Regional Vice President for Southeast Asia and Australia, where she will drive AI enterprise adoption and customer growth from Singapore.